
ഹൈദരാബാദ്: രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശമില്ലാത്തവരാക്കി മാറ്റുന്ന ഏതൊരു നടപടിയും ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഹൈദരാബാദിലെ നൽസാർ ലോ യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് സുപ്രീംകോടതി ജഡ്ജിയുടെ വിമർശനം.
ഇന്ത്യൻ ഭരണഘടന വോട്ടവകാശമുള്ളവരെന്നും ഇല്ലാത്തവരെന്നും രണ്ട് തരം പൗരന്മാരെ വിഭാവനം ചെയ്യുന്നില്ലെന്ന് ജസ്റ്റിസ് ഭുയാൻ ഓർമിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കുന്നത് ഭരണഘടനയുടെ 14, 326 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണ്. രാജ്യത്തിന്റെ ഭരണഘടനാ ക്രമത്തെത്തന്നെ ഇല്ലാതാക്കുന്ന നടപടിയാണിത്. ഏതൊരു ഭരണകൂടത്തിനോ കോടതിക്കോ ഇതിന് അനുമതി നൽകാനാകില്ലെന്നും ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച വോട്ടർമാരുടെ കാര്യത്തിലൊഴികെ, വോട്ടർ പട്ടികയിൽ ഒരിക്കൽ പേര് ഉൾപ്പെടുത്തിയാൽ നോട്ടീസോ വിശദീകരണമോ കൂടാതെ പേര് ഒഴിവാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ വ്യക്തമാക്കി. അത് ശരീരത്തിൽനിന്ന് ആത്മാവിനെ വേർപെടുത്തുന്നത് പോലെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടനയുടെ അനുച്ഛേദം 326-ൽ യാതൊരുവിധ അട്ടിമറിയും നടത്താൻ പാടില്ല. പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് പൗരന്മാരുടെ വോട്ടവകാശം. ഭരണഘടനയിൽ പൗരന്മാരിൽ അർപ്പിച്ച വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വോട്ടവകാശമില്ലാത്ത പൗരന് എന്ത് മൂല്യമാണുള്ളതെന്നും അമേരിക്കൻ ജഡ്ജി ഫെലിക്‌സ് ഫ്രാങ്ക്ഫുർട്ടർ, പ്രമുഖ നിയമജ്ഞൻ നാനി പൽക്കിവാല എന്നിവരുടെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം ചോദിച്ചു. കോടീശ്വരനായാലും റിക്ഷാ തൊഴിലാളിയായാലും വോട്ടിന്റെ മൂല്യം തുല്യമാണെന്നും സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഓരോ തലമുറയും ജാഗ്രത പുലർത്തണമെന്നും ജസ്റ്റിസ് ഭുയാൻ കൂട്ടിച്ചേർത്തു.
Content Highlights: Supreme Court Judge Justice Ujjal Bhuyan stated that disenfranchising citizens is unconstitutional and arbitrary. Speaking at NALSAR University in Hyderabad, he emphasized that no one is above the Constitution. He noted that removing names from the voter list without notice violates Articles 14 and 326 of the Constitution. He asserted that once enrolled, a voter's name cannot be arbitrarily removed except in the event of death. Citing legal luminaries, he highlighted that all citizens hold equal voting value regardless of their socio-economic status.
Published: 05 Oct 2026, 12:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented