ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്ന പ്രതീകാത്മക പരിപാടിക്കായി തയ്യാറാക്കിയത് പഴയ ലോക്‌സഭാ മാതൃകയിലെ വേദി. 18 വർഷമായി രാഹുൽ ഗാന്ധിയുടെ കൂടെയുള്ള മുൻ എസ്.പി.ജി. ഓഫീസർ കോട്ടയം കൂരോപ്പടയിലെ കെ.ബി. ബൈജുവിന്റെ നേതൃത്വമാണ് ഇതിനുപിന്നിൽ. രണ്ടുദിവസംകൊണ്ടാണ് ബൈജുവും സംഘവും പാർലമെൻറ് പശ്ചാത്തലം ചിത്രങ്ങളാക്കിയതും പ്രിന്റെടുത്ത് പ്ലൈവുഡിൽ തീർത്ത മേശകളിലൊട്ടിച്ച് ജീവസ്സുറ്റതാക്കിയതും.
അധ്യക്ഷതവഹിച്ച ‘സ്പീക്കർ’ മീരാകുമാറിന്റെ പിന്നിൽ ലോക്‌സഭാ ചെയറിന് പിന്നിലെപ്പോലെ ബോർഡിലൊട്ടിച്ച പെയിന്റിങ് വെച്ചു. ഇരുവശവും പാർലമെന്റിലേതുപോലെ വലിയ ടി.വി. സ്‌ക്രീനുകളും സ്ഥാപിച്ചു. മുന്നിൽ ലോക്‌സഭാ സെക്രട്ടേറിയറ്റിലേതിനു സമാനമായ കസേരകളിൽ ഡെപ്യൂട്ടി സ്പീക്കർമാരായി ‘നിയമിതരായ’ അവധേഷ് പ്രസാദും സൗഗത റോയും ഇരുന്നു. മുന്നിൽ ആദ്യ മൂന്നു വരികളിൽ 21 പ്രതിപക്ഷ പാർട്ടികളിലെ പ്രധാന നേതാക്കൾക്കും എം.പി.മാർക്കും ഇരിക്കാൻ 210 കസേരകളും ലോക്‌സഭാ മാതൃകയിൽ പ്രത്യേക െഡസ്‌കും. പ്ലൈവുഡിൽ തയ്യാറാക്കിയ െഡസ്കിൽ പഴയ ലോക്‌സഭാ െഡസ്കിന്റെ ചിത്രങ്ങൾ പ്രിന്റെടുത്ത് ഒട്ടിക്കുകയായിരുന്നു. ഒറ്റനോട്ടത്തിൽ ഒറിജിനലാണെന്നു തോന്നും.
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രാവേളയിലും ഛാത്രോം കീ ഗൂഞ്ച് പരിപാടിയിലും സ്ഥിരമായി തയ്യാറാക്കുന്ന ജോലിക്കാരെ വെച്ചാണ് കെ.ബി. ബൈജുവും സംഘവും ഇതെല്ലാം തയ്യാറാക്കിയത്. അശോക ഹോട്ടലിൽ നടുത്തളമടക്കമുള്ള പഴയ പാർലമെന്റ് പുനരാവിഷ്കരിക്കാനായിരുന്നു ആദ്യം ആലോചിച്ചതെന്ന് ബൈജു പറഞ്ഞു. ആ പദ്ധതി തെറ്റിയതിനാൽ രണ്ടുദിവസംകൊണ്ട് പ്ലൈവുഡ് കസേരയിൽ പ്രിന്റൊട്ടിച്ച് ഇവ തയ്യാറാക്കി. കസേരകൾ ഖാർഗെയുടെ വസതിയിൽ സ്ഥിരം ഉപയോഗിക്കുന്ന കുഷൻ കസേരകൾ തന്നെയായിരുന്നു. പ്രത്യേകം ക്ഷണിതാക്കളായി എത്തിയവർക്ക്, മൂന്നുവരിക്കുശേഷം കസേരകൾമാത്രം ഇരിക്കാനായി ക്രമീകരിച്ചു. ആദ്യമൂന്നുവരികളിയായിരുന്ന മുപ്പതോളം പേർ സംസാരിച്ചു. 3.50-ന് തുടങ്ങി 7.10 വരെ നീണ്ട പരിപാടി പൂർണമായും മീരാകുമാർ നിയന്ത്രിച്ചു. എം.പി.മാർക്ക് സംസാരിക്കാൻ സമയംനൽകുന്നതിൽ അവർ കർശന ചിട്ട പാലിച്ചു.
Content Highlights: A replica of the old Lok Sabha was created for a symbolic impeachment event targeting Chief Election Commissioner Gyanesh Kumar., The set was designed under the leadership of former SPG officer KB Baiju from Kottayam., The entire setup, including desks and chairs, was constructed in just two days using printed plywood., Meira Kumar chaired the symbolic session which saw participation from leaders of 21 opposition parties.
Published: 01 Nov 2026, 07:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented