
ചെങ്കോട്ടയിലെ സ്ഫോടനസ്ഥലത്തുനിന്നുള്ള ദൃശ്യം | ഫോട്ടോ: എഎഫ്പി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നത് മുംബൈ ഭീകരാക്രമണത്തിന്റെ രീതിയിലുള്ള ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ചെങ്കോട്ട, ഇന്ത്യാഗേറ്റ്, കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്, ഗൗരി ശങ്കര്‍ ക്ഷേത്രം തുടങ്ങിയ പ്രധാനകേന്ദ്രങ്ങളില്‍ മുംബൈ മാതൃകയില്‍ ആക്രമണം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമേ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളും ഷോപ്പിങ് മാളുകളും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
2008 നവംബര്‍ 26-നാണ് (26/11) രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണം അരങ്ങേറിയത്. താജ് മഹല്‍ ഹോട്ടല്‍, ഒബറോണ്‍ ഹോട്ടല്‍, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് തുടങ്ങിയ മുംബൈ നഗരത്തിലെ 12 കേന്ദ്രങ്ങളിലാണ് അന്ന് ഭീകരാക്രമണമുണ്ടായത്. ഇതേമാതൃകയില്‍ ഡല്‍ഹിയിലെ പ്രധാനകേന്ദ്രങ്ങളിൽ ആക്രമണപരമ്പര നടത്താനായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ഭീകരരാണ് ചെങ്കോട്ടയിലെ സ്‌ഫോടനത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഡല്‍ഹിയില്‍ ആക്രമണം നടത്തിയവര്‍ കഴിഞ്ഞ ജനുവരി മുതല്‍തന്നെ ആസൂത്രണം ആരംഭിച്ചിരുന്നതായാണ് വിവരം. ഇക്കാലയളവിനിടെ ഇരുന്നൂറോളം ഐഇഡികളും ബോംബുകളും തയ്യാറാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഡല്‍ഹിയിലെ 'ഹൈ-പ്രൊഫൈല്‍' മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഡല്‍ഹിക്ക് പുറമേ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാനകേന്ദ്രങ്ങളും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു.
കശ്മീരിലെ പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാരെയാണ് ഭീകരര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനായി റിക്രൂട്ട് ചെയ്തിരുന്നത്. ഇവരുടെ ജോലിയുടെ മറവില്‍ യാതൊരു സംശയവുമില്ലാതെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താമെന്നായിരുന്നു കണക്കുക്കൂട്ടല്‍. തുടര്‍ന്നാണ് ഡോക്ടര്‍മാരെ അടക്കം ഉള്‍പ്പെടുത്തി ഫരീദാബാദില്‍ ഭീകരരുടെ താവളം സ്ഥാപിച്ചത്.
'വൈറ്റ് കോളര്‍' തീവ്രവാദമെന്നാണ് ഡോക്ടര്‍മാരായ ഭീകരരെ ഉള്‍പ്പെടുത്തിയുള്ള ആസൂത്രണത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. ഡോക്ടര്‍മാരായതിനാല്‍ ഇവര്‍ മിക്കയിടത്തും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു. ഡല്‍ഹി എന്‍സിആറില്‍ യാതൊരു സംശയവുമില്ലാതെ യാത്രകള്‍ നടത്താനും ഇവരുടെ പ്രൊഫഷന്‍ ഇവരെ സഹായിച്ചു. ഡോക്ടര്‍മാരായതിനാല്‍ ഇവര്‍ക്ക് വാടകവീടുകള്‍ കിട്ടാനും പ്രയാസമുണ്ടായില്ല. ഫത്തേഹ്പുര്‍, ദൗജ് തുടങ്ങിയ മേഖലകളിലാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനായി ഇവര്‍ വീടുകളും മുറികളും വാടകയ്‌ക്കെടുത്തിരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരും അധ്യാപകരുമാണ് കഴിഞ്ഞദിവസങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ പിടിയിലായിരുന്നത്. ഡോ. ഷഹീന്‍ സയീദ്, ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ റാത്തര്‍ എന്നിവരാണ് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളുമായി അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് ഇവരുടെ കൂട്ടാളിയായിരുന്ന ഡോ. ഉമര്‍ നബി ചാവേറായി ഡല്‍ഹി ചെങ്കോട്ടയില്‍ കാറുമായെത്തി ആക്രമണം നടത്തിയത്. ഷഹീനും മുസമ്മിലും ഉമര്‍ നബിയും ഫരീദാബാദിലെ അല്‍ ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ജോലിചെയ്തിരുന്നത്. അദീല്‍ സഹാറന്‍പുരിയെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായിരുന്നു.
Content Highlights: Intelligence reports reveal a terror plot targeting Delhi`s Red Fort, India Gate, and other key locations with a Mumbai-style attack. Read the full details of the conspiracy.
Published: 12 Nov 2025, 04:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented