
ന്യൂഡൽഹി: കഴിഞ്ഞവർഷം ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്കുമുൻപ് ചൈനയുടെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ 37 തവണയെങ്കിലും അസാധാരണമായതരത്തിൽ ഭ്രമണപഥമാറ്റം (മാന്വറിങ്) നടത്തിയെന്നു കണ്ടെത്തൽ. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹിരാകാശ നിരീക്ഷണ സ്റ്റാർട്ടപ്പായ ‘ദിഗന്തര’യാണ് ഇത്തരമൊരു കണ്ടെത്തൽ നടത്തിയതെന്ന് ‘ദി പ്രിന്റ് ’ റിപ്പോർട്ട് ചെയ്തു. പഹൽഗാം ആക്രമണം നടന്ന ദിവസം രണ്ട് ഉപഗ്രഹങ്ങൾ പ്രദേശത്തിന് മുകളിലൂടെ കടന്നുപോകാനായി ഭ്രമണപഥത്തിൽ മാറ്റംവരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പഹൽഗാം സംഭവത്തിന് ആറുദിവസം മുൻപെങ്കിലും ഈ അസാധാരണപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായി ദിഗന്തരയുടെ സ്‌പെയ്‌സ് ഡൊമെയ്ൻ അവയർനസ് വിശകലനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഏപ്രിൽ 16-ന് യായോഗാൻ-35 01എ എന്ന ഉപഗ്രഹം ഭ്രമണപഥത്തിൽ മാറ്റംവരുത്തുകയും പഹൽഗാമിന് മുകളിലൂടെയുള്ള സഞ്ചാരം ഇരട്ടിയാക്കുകയുംചെയ്തു. ആക്രമണം നടന്ന ദിവസം, യായോഗാൻ-39 01ബി, യായോഗാൻ-39 01സി എന്നീ ഉപഗ്രഹങ്ങൾ വൈകീട്ട് 5.14-നും 5.59-നും ഭ്രമണപഥമാറ്റം വരുത്തി.
ഈ പ്രവർത്തനങ്ങളും പഹൽഗാം ആക്രമണവും തമ്മിലുള്ള ബന്ധം റിപ്പോർട്ടിൽ കൃത്യമായി തെളിയിക്കുന്നില്ലെന്നും ‘ദി പ്രിന്റ് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനോ ഭീകരർക്ക് രക്ഷപ്പെടാനുള്ള വഴികൾ വിലയിരുത്താനോ വേണ്ടിയുള്ള ഉപഗ്രഹ നിരീക്ഷണമായിരിക്കാം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭൂമിയിൽ ഉപഗ്രഹം എവിടെ, എപ്പോൾ കടന്നുപോകുന്നു എന്നതിനെ മാറ്റിമറിക്കുന്ന രീതിയിൽ അതിന്റെ ഭ്രമണപഥത്തിലോ ദിശയിലോ വേഗത്തിലോ വരുത്തുന്ന നിയന്ത്രിതമാറ്റമാണ് മാന്വറിങ്. ഗ്രൗണ്ട് സ്റ്റേഷനുകളിൽനിന്നുള്ള കമാൻഡുകൾ വഴി ഉപഗ്രഹത്തിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചാണ് സാധാരണയായി ഇത്തരം മാറ്റങ്ങൾ വരുത്തുക. ഭ്രമണപഥത്തിലെ ഈ ക്രമീകരണങ്ങൾ പഹൽഗാമിനു മുകളിലൂടെ ഉപഗ്രഹങ്ങൾക്ക് കടന്നുപോകാനുള്ള അവസരങ്ങൾ വർധിപ്പിക്കുകയും പ്രദേശം കൂടുതൽതവണ നിരീക്ഷണവിധേയമാക്കുകയും ചെയ്തു.
ഏപ്രിൽ 16-ന് എസ്.ജെ-20 എന്ന ചൈനീസ് ഉപഗ്രഹം ഇന്ത്യൻ ഉപഭൂഖണ്ഡവും ഇന്ത്യൻ മഹാസമുദ്രവും നിരീക്ഷിക്കാൻ പാകത്തിലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇത് ആർക്കുവേണ്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിക്കുന്നില്ല. ഭീകരാക്രമണത്തിനുശേഷവും ചൈനയുടെ നിരീക്ഷണം തുടർന്നതായും റിപ്പോർട്ടിലുണ്ട്. ഏപ്രിൽ 29-നും 30-നുമായിരുന്നു ഇത്. ഏപ്രിൽ 29-ന് 37 തവണ ഉപഗ്രഹങ്ങൾ ഭൗമോപരിതലം കൂടുതൽ വ്യക്തമായി കാണാനാകുംവിധം താഴ്ന്ന് സഞ്ചരിച്ചു. ഏപ്രിൽ 30-ന് 31 തവണയാണ് ഈ രീതിയിൽ കടന്നുപോയത്. 2025 ജനുവരിക്കും 2026 ജൂണിനുമിടയിൽ പാകിസ്താൻ വിക്ഷേപിച്ച ആറ് ഉപഗ്രഹങ്ങളിൽ അഞ്ചും ചൈനീസ് സഹായത്തോടെയുള്ളതാണെന്നതും ഇപ്പോഴത്തെ വെളിപ്പെടുത്തലിനോട് ചേർത്തുവായിക്കേണ്ടതുണ്ടെന്നാണ് നിരീക്ഷകരുടെ വാദം.
കഴിഞ്ഞവർഷം ഏപ്രിൽ 22-ന് ജമ്മു-കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളായ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ആഴ്ചകൾക്കുമുൻപ് അമേരിക്ക ആസ്ഥാനമായുള്ള ഒരു സാറ്റലൈറ്റ് കമ്പനിയിൽനിന്ന് പഹൽഗാം മേഖലയുടെ ഉപഗ്രഹചിത്രങ്ങൾക്കായുള്ള അഭ്യർഥനകൾ തുടർച്ചയായി ഉണ്ടായിരുന്നതായും ‘ദി പ്രിന്റ്’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
വിമർശനവുമായി കോൺഗ്രസ്
ചൈനീസ് ഉപഗ്രഹങ്ങൾ പഹൽഗാമിന് മുകളിൽ നിരീക്ഷണം നടത്തിയെന്ന റിപ്പോർട്ടിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ സൈനികതന്ത്രങ്ങൾക്ക് ചൈനീസ് സഹായമുണ്ടായിരുന്നുവെന്ന െലഫ്. ജനറൽ രാഹുൽ സിങിന്റെ വാദത്തോട് വിയോജിച്ച മുൻ സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ ഇപ്പോൾ എന്തുപറയുന്നുവെന്ന് കോൺഗ്രസ് ജനറൽസെക്രട്ടറി ജയറാം രമേശ് ചോദിച്ചു. പാക് തന്ത്രങ്ങൾക്ക് ചൈനീസ് സഹായം കാര്യമായുണ്ടായിട്ടില്ലെന്നാണ് ജനറൽ ചൗഹാൻ കഴിഞ്ഞ ഓഗസ്റ്റ് 25-ന് വ്യക്തമാക്കിയത്.
Content Highlights: Chinese satellites exhibited unusual maneuvering days before the Pahalgam attack, raising questions about their role in the incident.
Published: 24 Nov 2026, 06:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented