
ഡോ. ഉമര്‍ കാറോടിച്ചെത്തുന്ന സിസിടിവി ദൃശ്യം(ഇടത്ത്) ഡോ. ഉമര്‍ മുഹമ്മദ്(വലത്ത്) | Photo Courtesy: x.com/nabilajamal_
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ 'അല്‍-ഫലാഹ് സര്‍വകലാശാല'യിലെ മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്തു. അല്‍-ഫലാഹ് സര്‍വകലാശാലയ്ക്ക് കീഴിലെ അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മൂന്ന് ഡോക്ടര്‍മാരെയാണ് അന്വേഷണസംഘം ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം ഇതേ സര്‍വകലാശാലയിലെ ഡോക്ടര്‍മാരെ സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയിരുന്നു. തീവ്രവാദ ശൃംഖലയുമായി ബന്ധമുള്ള ഇവരെ അറസ്റ്റ്‌ചെയ്തതിന് പിന്നാലെയാണ് ഇവരുടെ കൂട്ടാളിയായ ഡോ. ഉമര്‍ മുഹമ്മദ് ഡല്‍ഹിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയത്. അതിനിടെ, ഫരീദാബാദില്‍നിന്ന് ചൊവ്വാഴ്ച വീണ്ടും സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 60 കിലോ സ്‌ഫോടകവസ്തുക്കളാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
കാറോടിച്ചെത്തി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ മുഹമ്മദിന്റെ സുഹൃത്തായ മറ്റൊരു ഡോക്ടറെയും ജമ്മു കശ്മീരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അല്‍-ഫലാഹ് ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോ. സജാദ് അഹമ്മദ് മാലയെയാണ് കശ്മീരിലെ പുല്‍വാമയില്‍വെച്ച് ജമ്മുകശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹി സ്‌ഫോടനത്തില്‍ ഡോ. ഉമര്‍ മുഹമ്മദിന് പുറമേ മൂന്നുപേര്‍ക്ക് കൂടി പങ്കുണ്ടെന്ന് സംശയിക്കുന്നതായാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഇവരെ മൂന്നുപേരെയും കശ്മീരില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താരിഖ് അഹമ്മദ് മാലിക്ക്, സഹോദരങ്ങളായ ആമിര്‍ റാഷിദ്, ഉമര്‍ റാഷിദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ജമ്മുകശ്മീര്‍ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.
പോലീസ് കസ്റ്റഡിയിലുള്ള മൂവരും ചാവേറായ ഡോ. ഉമര്‍ മുഹമ്മദിന് സഹായം നല്‍കിയവരാണെന്നാണ് സംശയം. ആമിര്‍ റാഷിദ് കശ്മീരിലെ പവര്‍ ഡെവലപ്‌മെന്റ് വിഭാഗത്തില്‍ ജീവനക്കാരനാണ്. സഹോദരനായ ഉമര്‍ റാഷിദ് പ്ലംബറായും ജോലിചെയ്യുന്നു. അതേസമയം, ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തീവ്രവാദബന്ധത്തെക്കുറിച്ചോ സ്‌ഫോടനത്തിലെ പങ്കിനെക്കുറിച്ചോ തങ്ങള്‍ക്കൊന്നും അറിയില്ലെന്നായിരുന്നു കുടുംബാംഗങ്ങളുടെ പ്രതികരണം.
പരിഭ്രാന്തനായി ഡോ. ഉമര്‍, ചാവേറായി സ്‌ഫോടനം...
കഴിഞ്ഞദിവസമാണ് കശ്മീര്‍ സ്വദേശികളും ഡോക്ടര്‍മാരുമായ മുസമ്മില്‍ ഷക്കീല്‍, അദീല്‍ അഹമദ് റാത്തര്‍ എന്നിവരെ സ്‌ഫോടകവസ്തുക്കളുമായി പിടികൂടിയത്. ഇരുവരുടെയും ഫരീദാബാദിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ തോക്കുകളും 2900 കിലോ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്‌ഫോടകവസ്തുക്കളുമാണ് പിടിച്ചെടുത്തത്. ഇതേ രാസവസ്തുവിന്റെ സാന്നിധ്യം കഴിഞ്ഞദിവസം സ്‌ഫോടനം നടന്ന ചെങ്കോട്ടയിലും കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ അദീല്‍ നേരത്തേ അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറായിരുന്നു. ഇതിനുശേഷമാണ് സഹാറന്‍പുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയത്. മുസമ്മില്‍ ഷക്കീല്‍ ഫരീദാബാദിലെ അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ സീനിയര്‍ റെസിഡന്റാണ്. കഴിഞ്ഞമൂന്നുവര്‍ഷമായി മുസമ്മില്‍ ഇവിടെയാണ് ജോലിചെയ്യുന്നത്. ഇവര്‍ക്ക് പുറമേ മുസമ്മിലിന്റെ സഹപ്രവര്‍ത്തകയായ ഡോ. ഷഹീന്‍ ഷാഹിദിനെയും കഴിഞ്ഞദിവസം അറസ്റ്റ്‌ചെയ്തിരുന്നു. ഷഹീന്റെ കാറില്‍നിന്ന് സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുക്കുകയുംചെയ്തു.
കഴിഞ്ഞദിവസം അറസ്റ്റിലായ മുസമ്മില്‍ ഷക്കീലിന്റെയും അദീല്‍ അഹമ്മദിന്റെയും കൂട്ടാളിയാണ് ചാവേറായ ഡോ. ഉമര്‍ മുഹമ്മദും. ഇരുവരും അറസ്റ്റിലായതും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതും ഡോ. ഉമറിനെ പരിഭ്രാന്തനാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇതിന്റെ നിരാശയിലാണ് ചാവേര്‍ ആക്രമണം ആസൂത്രണംചെയ്തതെന്നും കരുതുന്നു.
Content Highlights: Three doctors from Al-Falah University, Faridabad, arrested in connection with the Red Fort explosion. Explosives seized.
Published: 11 Nov 2025, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented