ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ അമേരിക്ക ബഹുമാനിക്കണമെന്നും ഭീകരവാദികൾക്കെതിരെ സീറോ ടോളറൻസ് നയം സ്വീകരിക്കണമെന്നും മുൻ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ന്യൂഡൽഹിയിൽ നടന്ന ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പാകിസ്താന്റെ വീക്ഷണകോണിലൂടെ ഇന്ത്യ-അമേരിക്ക ബന്ധത്തെ വിലയിരുത്തുന്ന കാലഘട്ടം അവസാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ആഗോള പ്രാധാന്യമുള്ളതാണെന്നും പാകിസ്താനുമായുള്ള ബന്ധം പ്രാദേശിക താത്പര്യങ്ങളിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധ ശേഷിയുള്ള ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം രൂക്ഷമാകാതിരിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരേണ്ടത് ആവശ്യമാണെങ്കിലും ഇന്ത്യയുടെ സ്വയംപ്രതിരോധ അവകാശത്തിന് അമേരിക്ക പിന്തുണ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളോളം അകൽച്ചയിൽ കഴിഞ്ഞിരുന്ന ഇന്ത്യയും അമേരിക്കയും സിവിൽ ആണവ സഹകരണത്തിലൂടെ തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സെമികണ്ടക്ടറുകൾ, നിർമിതബുദ്ധി, ബഹിരാകാശം, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണമായിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടുത്ത ഘട്ടത്തിലെ പ്രധാന ചാലകശക്തിയെന്നും അദ്ദേഹം വിലയിരുത്തി.

അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യ അമേരിക്കയുടെ നിലപാടുകളെ അതേപടി പിന്തുടരുമെന്ന് വാഷിങ്ടൺ പ്രതീക്ഷിക്കരുതെന്നും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തെ ബഹുമാനിക്കണമെന്നും ബ്ലിങ്കൻ പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ കാലാകാലങ്ങളായുള്ള ബന്ധം അമേരിക്ക മനസ്സിലാക്കുന്നുണ്ടെന്നും മോസ്കോയുമായുള്ള ബന്ധം ഇന്ത്യ പൂർണമായി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഊർജ, സൈനിക ആവശ്യങ്ങൾക്കായി ഏതെങ്കിലും ഒരു രാജ്യത്തെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കി വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം നിർദേശിച്ചു. റഷ്യൻ ഊർജ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്ക തന്നെ ഉപരോധ ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ, റഷ്യയിൽനിന്നുള്ള ഊർജ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ അമേരിക്ക ഉയർത്തിയ വിമർശനങ്ങളിൽ ഇരട്ടത്താപ്പുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.