ന്യൂഡൽഹി: 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചു. സംസ്ഥാനത്തെ 403 മണ്ഡലങ്ങളിൽ 130 സീറ്റുകൾ വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇക്കാര്യം സംബന്ധിച്ച് തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ആദ്യ ഔദ്യോഗിക ചർച്ച 15 മിനിറ്റിൽ അവസാനിച്ചു.

To advertise here,

കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ വസതിയിലായിരുന്നു ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. സമാജ്‌വാദി പാർട്ടി നേതാക്കളായ രാം ഗോപാൽ യാദവും സംഘവും എത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾ തയ്യാറാക്കിയ സീറ്റുകളുടെ പട്ടിക കൈമാറി. ചർച്ചയുടെ തുടക്കത്തിൽതന്നെ കോൺഗ്രസ് എന്താണ് തീരുമാനിച്ചതെന്ന് രാം ഗോപാൽ യാദവ് ചോദിച്ചതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് 130 സീറ്റുകൾ ഉൾപ്പെട്ട പട്ടിക കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്ക് കൈമാറിയത്.

കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ അമേഠിയിലെയും റായ്ബറേലിയിലെയും എല്ലാ സീറ്റുകളിലും മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു മണ്ഡലത്തിലെങ്കിലും മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്. സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെയും നിലവിലെ അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും നാടായ സൈഫായിയിലെ സീറ്റുകൾ മാത്രമാണ് കോൺഗ്രസ് പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്നാണ് വിവരം.

എന്നാൽ, കോൺഗ്രസിന്റെ ആവശ്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ സമാജ്‌വാദി പാർട്ടി തയ്യാറായില്ല. അഖിലേഷ് യാദവുമായി ചർച്ചചെയ്തശേഷം മറുപടി നൽകാമെന്ന് നേതാക്കൾ അറിയിച്ചു. ചൊവ്വാഴ്ച വീണ്ടും ചർച്ച നടത്താനാണ് ഇരുപാർട്ടികളുടെയും തീരുമാനം.

അതേസമയം, ചർച്ചകൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോകുന്നുണ്ടെന്നാണ് ഇരുപാർട്ടികളുടെയും നേതാക്കൾ പ്രതികരിച്ചത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു. ചർച്ച അവസാനിച്ചെങ്കിലും ധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് രാം ഗോപാൽ യാദവ് പറഞ്ഞു. സഖ്യം ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാനാണ് ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് ആരാധന മിശ്രയും വ്യക്തമാക്കി.