ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിർത്തുന്ന കേന്ദ്ര സർക്കാർ വിവാദ മണ്ഡലപുനർനിർണയബില്ലിന് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള അന്തിമ ശ്രമങ്ങളിലെന്ന് സൂചന. പുതിയ സമ്മേളനം വിളിക്കാതെ കഴിഞ്ഞ സമ്മേളനത്തിന്റെ തുടർച്ചയായി ഡിസംബർ രണ്ടാം വാരം പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കാനാണ് നീക്കം.
രണ്ടാഴ്ചയിൽ താഴെ മാത്രമുള്ള സമ്മേളനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. വിവാദ മണ്ഡല പുനർനിർണയത്തിനുള്ള വനിതാ സംവരണ ഭേദഗതി ബിൽ ഏത് വിധേനയും പാസാക്കിയെടുക്കാനുള്ള അവസാനഘട്ട പരിശ്രമത്തിലാണ് സർക്കാർ. പ്രതിപക്ഷനിരയിലെ ചില പാർട്ടികളുമായി നടത്തുന്ന രഹസ്യ ചർച്ചകളിൽ ഇരുകൂട്ടർക്കും യോജിക്കാവുന്ന ഫോർമുലയ്ക്ക് അന്തിമരൂപം കൈവരാത്തതാണ് സമ്മേളന തീയതി പ്രഖ്യാപിക്കാൻ വൈകുന്നതിന് കാരണമെന്നാണ് അറിയുന്നത്.
വർഷകാല സമ്മേളനം പ്രൊറോഗ് ചെയ്യാത്തതിനാൽ ചുരുങ്ങിയ ദിവസങ്ങളിലെ നോട്ടീസിൽ സമ്മേളനം വിളിച്ചുചേർക്കാനാകും. പ്രൊറോഗ് ചെയ്താൽ പിന്നീട് 14 ദിവസത്തെ നോട്ടീസ് വേണ്ടിവരും. അതിനാൽ സാങ്കേതികമായി വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായി ഡിസംബർ രണ്ടാംവാരം സമ്മേളനം ചേരാനാണ് നീക്കം.
എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വർധന എന്ന അമിത് ഷായുടെ മുൻ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ഡി.എം.കെ., എൻ.സി.പി. (ശരത് പവാർ ) പാർട്ടികളുമായി ഭരണ നേതൃത്വം പലകുറി രഹസ്യചർച്ചകൾ നടത്തി. പ്രതിപക്ഷനിരയിലെ ചില പാർട്ടികളുടെ പിന്തുണയും വോട്ടെടുപ്പിൽ ചില പാർട്ടികളുടെ വിട്ടുനിൽക്കലുമാണ് വിവാദ ബിൽ പാസാക്കാൻ ഭരണപക്ഷം മെനയുന്ന തന്ത്രം.
കോൺഗ്രസും ഇന്ത്യസഖ്യവും പ്രതിപക്ഷത്തെ ഒന്നിച്ചണിനിരത്താൻ ശക്തമായ നീക്കങ്ങൾ മറുഭാഗത്ത് മെനയുന്നുണ്ട്.
Content Highlights: The government aims to pass the delimitation bill in a brief December session, engaging in secret talks with opposition parties for support.
Published: 24 Nov 2026, 07:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented