ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ ഈ നീക്കം. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി കേസ് നാളെ പരിഗണിക്കാൻ സമ്മതിച്ചു.

To advertise here,

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് സോളിസിറ്റർ ജനറൽ വിഷയം അടിയന്തരമായി ഉന്നയിച്ചത്. സുപ്രീംകോടതി ബെഞ്ച് നടപടികൾ അവസാനിപ്പിച്ച് പിരിയാൻ തുടങ്ങിയ സമയത്താണ് സോളിസിറ്റർ ജനറൽ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിഷയം നാളെത്തന്നെ അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതംഗീകരിച്ച കോടതി ഹർജി നാളെ പരിഗണിക്കാൻ സമ്മതിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതിലെ നിയമപരമായ തടസങ്ങൾ ഒഴിവാക്കാനാണ് ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രയോഗിക്കാൻ സുപ്രീംകോടതി നേരത്തെ താല്പര്യം പ്രകടിപ്പിച്ചത്. സാധാരണനിലയിൽ ഒരു എഫ്.ഐ.ആർ രജിസ്റ്റർചെയ്താൽ, അത് അവസാനിപ്പിക്കാൻ മജിസ്‌ട്രേറ്റിന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, ഈ റിപ്പോർട്ട് തള്ളിക്കളയാൻ ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന് നിയമപരമായ അധികാരമുണ്ട്. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിക്കുന്നത്.

അതേസമയം, ഡൽഹിയിലെ വിദ്യാർഥിസമരം സെപ്റ്റംബർ അഞ്ചിന് വീണ്ടും ശക്തമാക്കാൻ ഒരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാത്തതിലും മുൻപ് നടന്ന സമരങ്ങൾക്കിടയിൽ ഉണ്ടായ പോലീസ് വെടിവെപ്പ് ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് പുതിയ പ്രക്ഷോഭം.

നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നും തുടർന്നുണ്ടായ പുനഃപരീക്ഷയെത്തുടർന്നും ആത്മഹത്യചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കും. കൂടാതെ, ജൂലൈ മാസത്തിൽ നടന്ന സമരത്തിനിടെ പോലീസിന്റെ നടപടി നേരിടേണ്ടിവന്നവരുടെ കുടുംബാംഗങ്ങളും ഈ മാർച്ചിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ അഞ്ചിന് സി.ജെ.പി സംഘടിപ്പിക്കുന്ന സമരത്തിന് വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. സമരത്തിനിടയിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി അനുമാനിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ആശങ്കകളുണ്ടെങ്കിൽ ഹർജിക്കാരന് പോലീസിനെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു.