മുംബൈ: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ, സഹ-കൺവീനർ ആശുതോഷ് റാങ്ക എന്നിവർക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പോലീസ്. നേരത്തെ സിജെപി നേതാവ് സൗരവ് ദാസിനെതിരെയും ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

To advertise here,

ഒക്ടോബർ രണ്ടിന് മുംബൈയിലെ ദാദറിലുള്ള ശിവാജി പാർക്കിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് നടപടി. പോലീസ് അനുമതി നിഷേധിച്ചിട്ടും സി.ജെ.പി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ മൂന്നിന് ശിവാജി പാർക്ക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിഷേധത്തിന്റെ സംഘാടകരെ കൂടാതെ 400 മുതൽ 500 വരെ തിരിച്ചറിയാത്ത ആളുകളെയും എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുണ്ട്. 

നവംബർ 23-ന് രാത്രി ലണ്ടനിലേക്ക് പോകുന്നതിനായി ഡൽഹി വിമാനത്താവളത്തിലെത്തിയ സൗരവ് ദാസിനെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഓക്സ്ഫോഡിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് യാത്രചെയ്യുന്നതെന്നും എന്നാൽ, പാസ്‌പോർട്ട് രേഖകളിൽ ക്രമക്കേടുകളുണ്ടെന്ന് ആരോപിച്ച് അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും സൗരവ് ദാസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. 

ഇതിൻ്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച നടന്ന വാദത്തിനിടെ മുംബൈ പൊലീസിന്റെ ആവശ്യപ്രകാരമാണ് സൗരവ് ദാസിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയെ അറിയിച്ചു. സൗരവിന്റെ വിദ്യാഭ്യാസം, വിലാസം, മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പാസ്‌പോർട്ട് രേഖകളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് അധികൃതരുടെ ആരോപണം. ഇത് സൗരവിന്റെ ഇന്ത്യൻ പൗരത്വം സംബന്ധിച്ച് സംശയങ്ങളുയർത്തുന്നുണ്ടെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.

എന്നാൽ, യാത്ര തടയാനുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് ലുക്കൗട്ട് സർക്കുലറിനെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്ന് സൗരവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഖിൽ സിബൽ വാദിച്ചു. വിമാനത്താവളത്തിലെത്തിയ ശേഷമാണ് കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചതെന്നും യാത്രാവിലക്ക് ഏർപ്പെടുത്തിയ ഉത്തരവിനെക്കുറിച്ച് അറിയിക്കാതെ ഒരു പൗരനെ എങ്ങനെ യാത്ര ചെയ്യുന്നതിൽനിന്ന് തടയാനാകുമെന്നും അദ്ദേഹം ചോദിച്ചു. 

എന്നാൽ, ലുക്കൗട്ട് സർക്കുലറിന്റെ പകർപ്പ് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനെതിരെ സൗരവിന് പ്രത്യേക നിയമനടപടി സ്വീകരിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.