ന്യൂഡൽഹി: തമിഴ്‌നാട്ടിലെ മധുരയിലുള്ള തിരുപ്പരൻകുണ്ഡ്രം കുന്നിലെ ദീപത്തൂണിൽ ശനിയാഴ്ച ദീപം തെളിക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. കാർത്തികദീപം തെളിക്കണമെന്ന മുൻ ഉത്തരവ് നടപ്പാകാത്തതിനെ തുടർന്നുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക തീരുമാനം.

To advertise here,

തിരുപ്പരൻകുണ്ഡ്രം ഉച്ചിപ്പിള്ളയാർ ക്ഷേത്രം ട്രസ്റ്റി ബോർഡിനെ സുപ്രീം കോടതി സസ്‌പെൻഡ് ചെയ്തു. ക്ഷേത്രത്തിന്റെ ഭരണത്തിനായി മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. വൈദ്യനാഥൻ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി. പാർഥിപൻ എന്നവരെ റിസീവർമാരായി സുപ്രീം കോടതി നിയമിച്ചു. മധുരയിലുള്ള ജസ്റ്റിസ് പാർഥിപനോട് അടിയന്തരമായി ക്ഷേത്രഭരണം ഏറ്റെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മുൻ ഉത്തരവ് പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാരിനും മധുര ജില്ലാ ഭരണകൂടത്തിനുമെതിരെ രൂക്ഷമായ വിമർശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. ദീപത്തൂണിൽ ദീപം തെളിയിക്കാതിരുന്നത് കോടതിയലക്ഷ്യമായി കണക്കാക്കേണ്ടിവരും. കേസിൽ ഇതുവരെ ഉണ്ടായ സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ ഉദ്യോഗസ്ഥർ രാഷ്ട്രീയ യജമാനന്മാർക്കായി പ്രവർത്തിച്ചു. ജില്ലാ കളക്ടറുടെ ഖേദപ്രകടനം മുതലക്കണ്ണീർ ഒഴുക്കലാണ്. ഇത്തരം സന്ദർഭങ്ങളെ ഉരുക്കുമുഷ്ടിയോടെ നേരിടേണ്ടിവരുമെന്ന് പറഞ്ഞ സുപ്രീം കോടതി തമിഴ്‌നാട് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു.

സുപ്രീം കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ ഡിസംബർ 15-ന് ചീഫ് സെക്രട്ടറി വിശദീകരിക്കണം. ഉദ്യോഗസ്ഥർ തമ്മിൽ കൈമാറിയ ഇ-മെയിലുകൾ, ഫോൺ സംഭാഷണങ്ങൾ, സന്ദേശങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കാൻ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചു.

ക്ഷേത്രത്തിന്റെയും തിരുപ്പരൻകുണ്ഡ്രം കുന്നിന്റേയും സുരക്ഷ എത്രയും വേഗം ഏറ്റെടുക്കണമെന്ന് സിആർപിഎഫിനോട് സുപ്രീം കോടതി നിർദേശിച്ചു. ചെന്നൈയിലുള്ള സിആർപിഎഫ് കമാന്റന്റിനോടാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് ദീപം തെളിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്ക് പുറമെ തമിഴ്‌നാട് ഡിജിപി, മധുര ജില്ലാ കളക്ടർ, മേഖലാ ഐജി, ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവർ തുടങ്ങി കോടതിയലക്ഷ്യ ഹർജിയിൽ പരാമർശിക്കപ്പെട്ട എല്ലാവരോടും ഡിസംബർ 15-ന് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.

കോടതി ഉത്തരവുകൾ പാലിക്കില്ലെന്ന് ക്ഷേത്ര ട്രസ്റ്റിമാർ പ്രമേയം പാസാക്കിയതിനെ സുപ്രീം കോടതി ശക്തമായി വിമർശിച്ചു. ജുഡീഷ്യൽ ഉത്തരവുകൾ പാലിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തമിഴ്നാട്ടിലെ എക്‌സിക്യൂട്ടീവ് അധികാരികൾക്ക് സ്വയം ഏറ്റെടുക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കോടതി ഉത്തരവുകൾ നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ മനഃപൂർവം അവയെ ധിക്കരിക്കുന്നത് ഭരണഘടനാപരമായ കടമയുടെ ഗുരുതരമായ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.