അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം സംബന്ധിച്ച് നിയമനിർമ്മാണമോ പൊതുജന ബോധവൽക്കരണ നടപടികളോ ആവശ്യമുണ്ടോ എന്ന് പരിശോധിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇത്തരം വിവാഹങ്ങളിൽ ജനിക്കുന്ന കുട്ടികൾക്കുണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളാണ് കോടതിയുടെ ആശങ്കയ്ക്ക് പിന്നിൽ.

To advertise here,

നവംബർ 20-ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്. ഇത്തരം വിവാഹങ്ങൾ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്നും സാമൂഹിക പരിഷ്കരണ നിയമമങ്ങൾ ഉണ്ടാവേണ്ടത്‌ ജനപ്രതിനിധിസഭകളിൽ നിന്നാണെന്നും ബെഞ്ച് വ്യക്തമാക്കി. സർക്കാരിന് നിർദ്ദേശം നൽകാനല്ല, മറിച്ച് വിഷയത്തിൽ ശ്രദ്ധ ക്ഷണിക്കാനാണ് കോടതി ആഗ്രഹിക്കുന്നത്.

വിവാഹം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, കൃത്യമായ അറിവോടെ തീരുമാനങ്ങളെടുക്കാൻ ജനങ്ങൾക്ക് കഴിയണം. സ്കൂൾ, കോളേജ് പാഠ്യപദ്ധതികളിലൂടെ ഉൾപ്പെടെ വിപുലമായ ബോധവൽക്കരണം നടത്തുന്ന കാര്യം പരിഗണിക്കാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.

മാതാപിതാക്കൾ അടുത്ത ബന്ധുക്കളായ (first cousins) ബെംഗളൂരുവിലെ 20 വയസ്സുകാരിയായ നിയമവിദ്യാർത്ഥിനി ചാർവി എസ്. നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആചാരങ്ങളുടെ പേരിൽ അടുത്ത ബന്ധുക്കൾ തമ്മിൽ വിവാഹം കഴിക്കാൻ അനുവദിക്കുന്ന നിയമപരമായ ഇളവുകളെയാണ് ഹർജിയിൽ ചോദ്യം ചെയ്യുന്നത്.

1955-ലെ ഹിന്ദു വിവാഹ നിയമം അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ പൊതുവെ വിലക്കുന്നുണ്ട്. എന്നാൽ, ഇരുപങ്കാളികളെയും ബാധിക്കുന്ന ആചാരങ്ങൾ അനുവദിക്കുന്നുണ്ടെങ്കിൽ ഇത്തരം വിവാഹങ്ങൾ സാധ്യമാണ്. 1954-ലെ പ്രത്യേക വിവാഹ നിയമപ്രകാരം (Special Marriage Act), പങ്കാളികളിൽ ഒരാളുടെ ആചാരം അനുവദിച്ചാൽപോലും വിവാഹം സാധുവാകും.

ഈ നിയമപരമായ ഇളവുകൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അല്ലെങ്കിൽ, വിവാഹത്തിന് മുമ്പുള്ള ജനിതക കൗൺസിലിംഗ് പോലുള്ള ആരോഗ്യ സുരക്ഷാ നടപടികൾ നിർബന്ധമാക്കണം. നിലവിലുള്ള വിവാഹങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കരുതെന്നും ഹർജിയിൽ പറയുന്നു.

മാതാപിതാക്കളിൽനിന്ന് കുട്ടികളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്ന ജീനുകളുമായാണ് ഇതിലെ ആരോഗ്യപ്രശ്നങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത്. അടുത്ത ബന്ധുക്കൾ (first cousins) ഒരേ മുത്തച്ഛൻ-മുത്തശ്ശിമാരുടെ പിന്മുറക്കാരായതിനാൽ, ഇരുവരിലും ഒരേ തകരാറുള്ള ജീൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇരുവരും ഒരേ 'റിസസീവ്' (recessive) ജനിതക വൈകല്യത്തിന്റെ വാഹകരാണെങ്കിൽ, ഓരോ ഗർഭധാരണത്തിലും കുട്ടിക്ക് രോഗം വരാനുള്ള സാധ്യത 25 ശതമാനമാണ്.

ഇതിനർത്ഥം ബന്ധുക്കളായ മാതാപിതാക്കൾക്ക് ജനിക്കുന്ന എല്ലാ കുട്ടികൾക്കും രോഗം വരുമെന്നല്ല. ബ്രിട്ടീഷ് സൊസൈറ്റി ഫോർ ജനറ്റിക് മെഡിസിന്റെ കണക്കനുസരിച്ച്, ബന്ധുക്കളല്ലാത്ത മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികളിൽ ജനിതക വൈകല്യങ്ങളോ ജനന വൈകല്യങ്ങളോ ഉണ്ടാകാനുള്ള സാധ്യത രണ്ട് മുതൽ മൂന്ന് ശതമാനം വരെയാണ്. എന്നാൽ, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങളിൽ ഇത് നാല് മുതൽ ആറ് ശതമാനം വരെയാണ്.

2019–21 ലെ ദേശീയ കുടുംബാരോഗ്യ സർവേ (NFHS) പ്രകാരം, വിവാഹിതരായ സ്ത്രീകളിൽ ഏകദേശം 11% പേർ തങ്ങളുടെ നിലവിലെയോ മുൻപത്തെയോ ഭർത്താവ് രക്തബന്ധമുള്ളയാളാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 1992–93 കാലഘട്ടത്തിൽ ഇത് ഏകദേശം 14 ശതമാനമായിരുന്നു.

ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിൽ ഇത്തരം വിവാഹങ്ങൾ വളരെ സാധാരണമാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നാലിലൊന്ന്‌(പലപ്പോഴും അതിലുമധികം) സ്ത്രീകൾ രക്തബന്ധമുള്ളവരെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. എന്നാൽ, കേരളത്തിലിത്‌ 4.4% മാത്രമാണ്.

നിയമത്തിലുണ്ടാകുന്ന ഏതൊരു മാറ്റവും കുടുംബത്തിനുള്ളിലെ വിവാഹം ഒരു ആചാരമായി അംഗീകരിക്കുന്ന സമുദായങ്ങളെ ബാധിച്ചേക്കാം. കൂടാതെ, വൈദ്യപരിശോധനകൾക്കുള്ള ഉയർന്ന ചെലവും തടസ്സമാണ്. പങ്കാളികൾ ഇരുവരെയും പരിശോധിക്കുന്നതിന് 30,000 രൂപ മുതൽ 75,000 രൂപ വരെയോ അതിൽ കൂടുതലോ ചെലവാകുമെന്ന് മുംബൈ കോകിലാബെൻ ആശുപത്രിയിലെ ഡോ. പ്രീത ജോഷി പറയുന്നു.

ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ നിരോധിച്ചുകൊണ്ടുള്ള സ്വീഡന്റെ നിയമം 2026 ജൂലൈ 1-ന് നിലവിൽ വന്നു. നോർവേയിലെ നിയന്ത്രണങ്ങൾ 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.