മുംബൈ: കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട മണ്ഡല പുനർനിർണയ ബില്ലിനെതിരെ (Delimitation Bill) രൂക്ഷവിമർശനവുമായി ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്തെത്തി. മണ്ഡല പുനർനിർണയ പ്രക്രിയയുടെ തിരക്കഥ ബി.ജെ.പി. മുൻകൂട്ടി തയ്യാറാക്കിക്കഴിഞ്ഞുവെന്നും ഇത് നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ സമിതിയുടെ രൂപീകരണത്തെയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും ഒരു മുൻ ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന ഈ സമിതിയിൽ കുറഞ്ഞത് പ്രതിപക്ഷത്തുനിന്ന് ഒരു നേതാവിനെയെങ്കിലും ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി. ഇതിനോടകം തന്നെ കാര്യങ്ങൾ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിനെക്കുറിച്ചും അതിനൊപ്പം രാജ്യസഭാ സീറ്റുകളുടെ എണ്ണം വർദ്ധിക്കുമോ എന്നതിനെക്കുറിച്ചും യാതൊരു വ്യക്തതയുമില്ലെന്ന് താക്കറെ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാൻ മണ്ഡല പുനർനിർണ്ണയം ഉപയോഗിച്ചേക്കാമെന്ന് ആരോപിച്ച അദ്ദേഹം, ഈ രീതി ഒരു 'തട്ടിപ്പാണെന്നും' വോട്ട് മോഷ്ടിച്ച് പരിചയമുള്ളവരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്നും വിമർശിച്ചു.

വനിതാ സംവരണത്തെ തന്റെ പാർട്ടി പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ താക്കറെ, അത് നടപ്പിലാക്കുന്നതിനായി മാത്രം ഒരു പ്രത്യേക ബിൽ ഇപ്പോൾ കൊണ്ടുവരികയാണെങ്കിൽ പിന്തുണയ്ക്കാൻ തയ്യാറാണെന്നും അറിയിച്ച. എന്നാൽ, സർക്കാർ വനിതകളുടെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും അവരെ വഞ്ചിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നവംബർ 30-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ, 33 ശതമാനം വനിതാ സംവരണത്തിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ ഭരണഘടനാ ഭേദഗതി കേന്ദ്ര സർക്കാർ അവതരിപ്പിക്കാനിരിക്കെയാണ് ഉദ്ധവ് താക്കറെയുടെ ഈ പ്രതികരണം.