ന്യൂഡൽഹി: രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'രാമായണ' സിനിമയ്‌ക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രം ഇതിനകം തിയേറ്ററുകളിൽ റിലീസ് ചെയ്തതാണെന്നും വലിയൊരു വിഭാഗം ആളുകൾ അത് കണ്ടുകഴിഞ്ഞതാണെന്നും വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ ഇതിഹാസകഥയുടെ അവതരണത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് അടിയന്തരമായി ലിസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചത്. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സാഹചര്യത്തിൽ അടിയന്തര ജുഡീഷ്യൽ ഇടപെടലിന്റെ ആവശ്യമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വെള്ളിയാഴ്ച ഹർജി പരിഗണിച്ചത്. നവംബർ 23-ന് രജിസ്റ്റർ ചെയ്ത ഹർജി ഇതുവരെ വാദത്തിനായി ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
രാമായണ കഥയിലെ പല വസ്തുതകളും സിനിമയിൽ വളച്ചൊടിച്ചിട്ടുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഇതിന് മറുപടിയായാണ് സിനിമ ഇതിനകം റിലീസ് ചെയ്തതാണെന്നും കാണാൻ താല്പര്യമുള്ളവർ കണ്ടുകഴിഞ്ഞതാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്. 'അവർക്ക് മനസ്സിലായ രീതിയിൽ അവർ ഒരു സിനിമ നിർമ്മിച്ചു. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങളും ഒരു സിനിമ നിർമ്മിക്കൂ. കോടതിയുടെ സമയം കളയരുത്. ഇതിഹാസത്തെക്കുറിച്ച് നിങ്ങൾക്ക് വ്യത്യസ്ത വീക്ഷണമുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ ഒരു സിനിമ എടുക്കൂ,' ചീഫ് ജസ്റ്റിസ് പറഞ്ഞു.
അടിയന്തര വാദം കേൾക്കേണ്ടതിന്റെ ആവശ്യകതയെ ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും ചോദ്യം ചെയ്തു. രാമായണത്തെക്കുറിച്ച് വ്യത്യസ്ത വ്യാഖ്യാനങ്ങളുള്ളവർക്ക് അവരുടെ ധാരണയ്ക്കനുസരിച്ച് സിനിമ നിർമിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഹർജി നേരത്തെ ലിസ്റ്റ് ചെയ്യണമെന്ന് അഭിഭാഷകൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും, സ്വാഭാവിക നടപടിക്രമമനുസരിച്ച് കേസ് ലിസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയ ബെഞ്ച് അടിയന്തര പരിഗണനയ്ക്കുള്ള അപേക്ഷ തള്ളി.
രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഇതിഹാസ ചലച്ചിത്ര പരമ്പരയുടെ ആദ്യ ഭാഗമാണ് 'രാമായണ: പാർട്ട് 1'. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം നമിത് മൽഹോത്രയാണ് നിർമ്മിക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും വേഷമിടുന്നു. രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും എത്തുന്നു.
രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുമ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്ന ജഡായുവിന് ശബ്ദം നൽകുന്നത് അനുപം ഖേറാണ്. അരുൺ ഗോവിൽ, ലാറ ദത്ത, രാകുൽ പ്രീത് സിംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗോള ബോക്‌സ് ഓഫീസിൽ 1,700 കോടി രൂപയിലധികം കളക്ഷൻ നേടി 1,800 കോടിയിലേക്ക് അടുക്കുകയാണ് ചിത്രം.
Content Highlights: Supreme Court refused an urgent hearing on the petition challenging the movie 'Ramayana'., The court stated the film is already released and people have watched it, advising petitioners not to waste court time., Directed by Nitesh Tiwari, the film stars Ranbir Kapoor, Sai Pallavi, and Yash., The movie crossed 1,700 crore INR globally at the box office.
Published: 27 Nov 2026, 01:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented