മുംബൈ: പാർലമെന്റിൽ വരാനിരിക്കുന്ന മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) ബില്ലിന് പിന്തുണ പ്രഖ്യാപിച്ച എൻസിപി (എസ്.പി)യെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യാ സഖ്യം. ഈ ലക്ഷ്യത്തോടെ ഇന്ത്യാ സഖ്യ നേതാക്കൾ മുംബൈയിലെത്തി എൻ.സി.പി. നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പവാറിനെ അവിടെവെച്ചാണ് ഇന്ത്യാ സഖ്യ നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്.

To advertise here,

ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള ഇന്ത്യാ സഖ്യത്തിന്റെ തീവ്രശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് സംഘം മുംബൈയിലേക്ക് തിരിച്ചത്.

സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഗാർഗെ, മമതാ ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ അടങ്ങുന്ന 21 അംഗ സംഘം രണ്ട് പ്രത്യേക വിമാനങ്ങളിലായാണ് ചെന്നൈയിലെത്തിയത്. വൈകീട്ട് നാല് മണിക്ക് എം.കെ. സ്റ്റാലിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ചെന്നൈ ദൗത്യം പാളിയതോടെയാണ് നേതാക്കൾ മുംബൈയിലെത്തിയത്.

നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ നാല് ദിവസത്തെ മാത്രം പാർലമെന്റ് സമ്മേളനമാണ് നടക്കുന്നത്. സമ്മേളനം ആരംഭിക്കുമ്പോൾ തന്നെ മണ്ഡല പുനർനിർണയ ബിൽ ചർച്ചയ്ക്കെടുക്കുകയും ഡിസംബർ മൂന്നിന് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കുകയും ചെയ്യും. മുമ്പ് 2026 ഏപ്രിലിൽ ഈ ബിൽ വന്നപ്പോൾ ഡി.എം.കെ.യും ശരദ് പവാറിന്റെ പാർട്ടിയും ബില്ലിനെ എതിർത്താണ് വോട്ട് ചെയ്തിരുന്നത്.