ചെന്നൈ: തിരുപ്പരൻകുണ്ഡ്രത്ത് ദീപംതെളിയിക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ ജയ് വിളികളോടെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 28-ന് തിരുപ്പരൻകുണ്ഡ്രം മലയിലെ കൽത്തൂണിന് മുകളിലെ കാർത്തിക ദീപം തെളിയിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തവ് വന്നതിന് മണിക്കൂറുകൾക്കകം വെള്ളിയാഴ്ച 'വെട്രിവേൽ മുരുകന് ഹരോഹര..' എന്ന് മോദി എക്‌സിൽ കുറിപ്പ് പങ്കുവെച്ചു.

To advertise here,

നേരത്തെ, നവംബർ 20-ലെ ഇടക്കാല ഉത്തരവ് മനഃപൂർവം ലംഘിച്ചതിന് തമിഴ്നാട് ഭരണകൂടത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ, ക്ഷേത്ര ട്രസ്റ്റ് ബോർഡിനെ സസ്പെൻഡ് ചെയ്യുകയും സുരക്ഷ സിആർപിഎഫിന് കൈമാറുകയും ചെയ്തു. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെ 15 ഉദ്യോഗസ്ഥർക്ക് കോടതിയലക്ഷ്യ നോട്ടീസും അയച്ചിട്ടുണ്ട്.

അതേസമയം, സുപ്രീം കോടതി വിധി ടിവികെ (TVK) സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു. ആചാരപരമായ ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകൂടവും കോടതിയും തമ്മിൽ ഉടലെടുത്ത തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണായക വിധി വന്നത്.

ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ നിന്നുള്ള ദീപജ്വാല ഉപയോഗിച്ച് നവംബർ 28-ന് കൽത്തൂണിന് മുകളിൽ ആചാരപരമായ ദീപം തെളിക്കണമെന്ന് നിർദേശിച്ച കോടതി, അരുൾമിഗു സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര ബോർഡ് ഓഫ് ട്രസ്റ്റികളെ സസ്പെൻഡ് ചെയ്യുകയും മുൻ ഹൈക്കോടതി ജഡ്ജിമാരെ റിസീവർമാരായി നിയമിക്കുകയും ചെയ്തു. പിന്നാലെയാണ് ക്ഷേത്രത്തിന്റെയും മലയുടെയും സുരക്ഷ സിആർപിഎഫിന് കൈമാറിയത്. 

കോടതി ഉത്തരവുകൾ മനഃപൂർവം ലംഘിക്കുന്നത് ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് മുന്നറിയിപ്പ് നൽകിയ കോടതി, ചീഫ് സെക്രട്ടറി, ഡിജിപി, ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഉദ്യോഗസ്ഥർ, മധുര ജില്ലാ കളക്ടർ, എസ്പി, അഞ്ച് ക്ഷേത്ര ട്രസ്റ്റിമാർ എന്നിവരുൾപ്പെടെ 15 ഉദ്യോഗസ്ഥർക്കാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്.

കൽത്തൂണിൽ ഒരു തവണ ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ് അനുവദിച്ചിരുന്നിട്ടും, നവംബർ 24-ന് നടന്ന മഹാ കാർത്തിക ദീപ മഹോത്സവത്തിൽ പരമ്പരാഗത ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ മാത്രം ദീപം തെളിയിച്ചതിനെത്തുടർന്നാണ് തർക്കം രൂക്ഷമായത്.

തമിഴ്നാട്ടിലെ രാഷ്ട്രീയ യജമാനന്മാരുടെ ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള കോടതിയുടെ നിരീക്ഷണങ്ങൾ വിജയ് നയിക്കുന്ന സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് നൈനാർ എക്സിലെ പോസ്റ്റിൽ പറഞ്ഞു.

മുൻ ഹൈക്കോടതി ജഡ്ജിമാരെ നിയമിച്ച നടപടി ഭരണകക്ഷിയുടെ 'ഹിന്ദുവിരുദ്ധ നിലപാടിനുള്ള തക്കതായ മറുപടിയാണ്' എന്ന് വിശേഷിപ്പിച്ച നൈനാർ, വിജയ്ക്ക് മുഖ്യമന്ത്രിയായി തുടരാൻ ധാർമ്മിക അവകാശമില്ലെന്നും ആരോപിച്ചു.