ചെന്നൈ: കോൺഗ്രസ് ഡിഎംകെയുമായുള്ള ബന്ധം തകർത്തുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. എഎൻഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം സഖ്യത്തിലെ ഭിന്നതകൾ പരസ്യമാക്കിയത്. കോൺഗ്രസും ഡിഎംകെയും ചേർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിലും തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവവികാസങ്ങളാണ് ബന്ധം വഷളാക്കിയത്.

To advertise here,

ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന തന്ത്രപരമായ ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പിനുശേഷം ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് ചിദംബരം ന്യായീകരിച്ചു. പിന്തുണ നൽകിയിരുന്നില്ലെങ്കിൽ സഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുമായിരുന്നുവെന്നും അല്ലെങ്കിൽ ബിജെപി ഭരണത്തിന് തുല്യമായ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഡിഎംകെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നെങ്കിൽ അവർക്കും കോൺഗ്രസ് പിന്തുണ നൽകുമായിരുന്നുവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. സർക്കാരുണ്ടാക്കാൻ ശേഷിയുള്ള മറ്റേതൊരു കക്ഷിയുണ്ടായിരുന്നെങ്കിലും കോൺഗ്രസ് പിന്തുണയ്ക്കുമായിരുന്നുവെന്നും എന്നാൽ അത്തരം സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിരുന്നാലും ഇരു പാർട്ടികൾക്കുമിടയിൽ കാര്യങ്ങൾ തെറ്റായ ദിശയിലാണ് പോയതെന്ന് അദ്ദേഹം സമ്മതിച്ചു. പാർട്ടിക്ക് ഉള്ളിൽമാത്രം ചർച്ച ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ സംഭവിച്ചുവെന്നും ടിവികെക്ക് പിന്തുണ നൽകിയത് ശരിയായിരുന്നെങ്കിലും ആ സംഭവവികാസങ്ങൾ ഡിഎംകെയുമായുള്ള ബന്ധത്തെ പൂർണമായി തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെയുമായി നല്ല ബന്ധം നിലനിർത്തണമെന്ന് താൻ പാർട്ടി നേതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായും ചിദംബരം പറഞ്ഞു. ലോക്‌സഭയിൽ 22 അംഗങ്ങളും രാജ്യസഭയിൽ ശക്തമായ സാന്നിധ്യവുമുള്ള ഡിഎംകെയെ നിർബന്ധമായും ഒപ്പം നിർത്തേണ്ടതുണ്ടെന്ന് താൻ ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.