ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലുണ്ടായ ഗുരുതരവീഴ്ചയിൽ കേന്ദ്രസർക്കാരിനെതിരേ വിമർശനം കടുപ്പിച്ചും കൂടുതൽ കർശന നടപടികൾ ആവശ്യപ്പെട്ടും പ്രതിപക്ഷം. കേന്ദ്ര വിദ്യാഭ്യാസവകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഎസ്ഇ ബോർഡ് ചെയർമാനെയും സെക്രട്ടറിയേയും ഇന്ന്(ചൊവ്വാഴ്ച) സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പിന്നാലെയാണ് പ്രധാനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിലപാട് കടുപ്പിച്ചത്.

To advertise here,

സിബിഎസ്ഇയിലെ സകല ക്രമക്കേടുകളുടെയും ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിനും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമാണെന്നും ആ സ്ഥാനത്തു തുടരാൻ പ്രധാന് യാതൊരു അവകാശവുമില്ലെന്നും കോൺഗ്രസ്, സാമൂഹികമാധ്യമമായ എക്‌സിലെ കുറിപ്പിൽ ആരോപിച്ചു. പ്രധാനെ സംരക്ഷിക്കുന്നത് മോദി അവസാനിപ്പിക്കണമെന്നും ഉടൻ മന്ത്രിപദത്തിൽനിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഎസ്ഇയുടെ സെക്രട്ടറിയെയും ചെയർമാനെയും സ്ഥലംമാറ്റിയത് സത്യം മൂടിവെക്കലാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഉദ്യോഗസ്ഥരെ നീക്കി. മന്ത്രിയെ ഒഴിവാക്കി. ഇത് ഉത്തരവാദിത്വമല്ല, ഇത് സത്യംമറച്ചുവെക്കലാണ്- രാഹുൽ എക്‌സിൽ കുറിച്ചു. 18.5 ദശലക്ഷം വരുന്ന സിബിഎസ്ഇ കുട്ടികളെ കുറിച്ച് ചിന്തയുണ്ടായിരുന്നെങ്കിൽ ധർമേന്ദ്ര പ്രധാനെ വളരെ മുന്നേതന്നെ നീക്കം ചെയ്യുമായിരുന്നെന്നും രാഹുൽ കൂട്ടിച്ചേർത്തു.

എഎപിയുടെ ദേശീയ കൺവീനറും ഡൽഹി മുൻമുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളും വിഷയത്തിൽ കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. മോദിസർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിക്കിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്ത്, സിബിഎസ്ഇയുടെ ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റിയെന്നോ? തീർന്നോ?. ഇത്ര വലിയൊരു അഴിമതിയോടുള്ള സർക്കാരിന്റെ പ്രതികരണം ഇതാണോ?. ഇത് ശിക്ഷയോ അതോ സംരക്ഷണമോ- കെജ്‌രിവാൾ ആരാഞ്ഞു.