ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനുമാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുതിർന്ന ബി.ജെ.പി നേതാവും എം.പിയുമായ രവിശങ്കർ പ്രസാദാണ് രാഹുലിനെതിരെ വിമർശനം ഉന്നയിച്ചത്.
രാഹുൽ ഗാന്ധിക്ക് നുണപറച്ചിലിൽ 'സൂപ്പർ ഡോക്ടറേറ്റ്' ഉണ്ടെന്നും ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്തുന്നത് രാജ്യത്ത് സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കുമെന്ന രാഹുലിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യത്തെയും ചോദ്യം ചെയ്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഒരു 'അരാജകവാദി'യാണെന്നും തിരഞ്ഞെടുപ്പ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാനങ്ങൾ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ച് തെളിവുകളും വസ്തുതകളും പുറത്തുവിടുമെന്ന് പലതവണ പ്രഖ്യാപിച്ചെങ്കിലും ഒന്നും അവതരിപ്പിക്കാൻ രാഹുലിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു. പകരം ടെലിവിഷനിലൂടെ വ്യാജവും വിശ്വാസയോഗ്യമല്ലാത്തതുമായ വിവരങ്ങളാണ് അവതരിപ്പിച്ചത്. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജ വോട്ടറെ അവതരിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്തുന്നത് രാഹുൽ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വനിതാ സംവരണത്തിന്റെ പേരിൽ ലോക്സഭാ സീറ്റുകൾ 850 ആയി ഉയർത്തി ബി.ജെ.പിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് മണ്ഡലങ്ങൾ പുനർനിർണയിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് ഭരണകാലത്തും പലതവണ മണ്ഡല പുനഃക്രമീകരണം നടന്നിട്ടുണ്ടെന്നും അന്നൊന്നും രാജ്യത്ത് സ്വേച്ഛാധിപത്യം ഉണ്ടായിട്ടില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
Published: 28 Nov 2026, 08:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented