ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543-ൽനിന്ന് 850 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആയി ഉയർത്താനുള്ള നിർദേശത്തെ ഇന്ത്യൻ ജനാധിപത്യത്തിന്റെ കൊലപാതകം എന്നാണ് വാർത്താസമ്മേളനത്തിൽ രാഹുൽ വിശേഷിപ്പിച്ചത്. 

To advertise here,

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ നടത്താനും മണ്ഡലങ്ങളുടെ ഘടന തങ്ങൾക്ക് അനുകൂലമായി മാറ്റാനുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും രാഹുൽ പറഞ്ഞു.

വനിതാ സംവരണം നടപ്പാക്കാനാണ് ലോക്‌സഭാ സീറ്റുകൾ വർധിപ്പിക്കുന്നതെന്ന കേന്ദ്രസർക്കാരിന്റെ വാദത്തെയും രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കാൻ കഴിയുമെന്നും വനിതാ സംവരണത്തിന്റെ മറവിൽ ലോക്‌സഭാ സീറ്റുകൾ വെട്ടിക്കുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ഡലങ്ങളുടെ അതിർത്തികൾ ബി.ജെ.പിക്ക് അനുകൂലമായി പുനർനിർണയിക്കാനാണ് സീറ്റുകൾ വർധിപ്പിക്കുന്നതിലൂടെ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നേരത്തേ നടന്ന മണ്ഡല പുനർനിർണയ നടപടികൾ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടർമാരെ വിവിധ മണ്ഡലങ്ങളിലേക്ക് മാറ്റുന്നതിലൂടെ പ്രതിപക്ഷത്തിന് ശക്തിയുള്ള മേഖലകളിലെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കാനാണ് ശ്രമമെന്നും രാഹുൽ ആരോപിച്ചു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേടുകളും അയോഗ്യരായ വോട്ടർമാരുടെ ഉൾപ്പെടുത്തലും നടന്നിട്ടുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി നേതൃത്വവും തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടത്തുന്നുവെന്ന സംശയം വലിയൊരു വിഭാഗം യുവാക്കൾക്കിടയിലുണ്ടെന്നാണ് തങ്ങളുടെ സർവേകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.