ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയാ ഗാന്ധിയുടെ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി ഡൽഹി പോലീസ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ റിപ്പോർട്ട് നൽകി. 1980-ൽതന്നെ സോണിയയുടെ പേര് വോട്ടർപ്പട്ടികയിലുണ്ടായിരുന്നു. 1983-ലാണ് അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.

To advertise here,

ജില്ലാ മജിസ്‌ട്രേറ്റിൽനിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നും വിവരങ്ങൾ പരിശോധിച്ച് ഇക്കാര്യത്തിൽ സ്ഥിരീകരണം വരുത്തിയിട്ടുണ്ടെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അറിയിച്ചു.

വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് റൗസ് അവന്യൂ കോടതി പോലീസിനോട് റിപ്പോർട്ട് തേടിയത്. പിന്നാലെ പോലീസ് റിപ്പോർട്ട് കോടതിയിൽ ഫയൽ ചെയ്യുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഡൽഹി പോലീസിന് കോടതി കൂടുതൽ സമയമനുവദിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്നത് ഡിസംബർ 14-ലേക്ക് മാറ്റി.

സോണിയയ്ക്ക് 1983 ഏപ്രിലിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ്, 1980-ലെ വോട്ടർപ്പട്ടികയിൽ അവരുടെ പേര് ഉൾപ്പെട്ടിരുന്നുവെന്ന അഭിഭാഷകനായ വികാസ് ത്രിപാഠിയുടെ പരാതിയിൽ നവംബർ 18-നാണ് റൗസ് അവന്യൂ കോടതി ഐ.പി. എസ്റ്റേറ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.യോട് അന്വേഷണ റിപ്പോർട്ട് തേടിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിനോദ് ജോഷിയാണ് നിർദേശം നൽകിയത്.

1980, 1981, 1983 വർഷങ്ങളിലെ വോട്ടർപ്പട്ടികകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, ഈ രേഖകളുടെ അസ്സൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. വികാസ് ത്രിപാഠിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അജയ് ബർമനാണ് ഹാജരായത്.