തിരുവനന്തപുരം: എസ്.എം.എ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ. മുരളീധരൻ. ഏത് ചികിത്സാ രീതിക്കായാണ് ധനസമാഹരണം നടക്കുന്നതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാതിരുന്ന സാഹചര്യത്തിലാണ് നേരത്തേ സംസാരിച്ചതെന്ന് മന്ത്രി പറഞ്ഞു. 

To advertise here,

കുട്ടികൾക്ക് ആവശ്യം ജീൻ തെറാപ്പിയാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. ഇതിനായി നടക്കുന്ന ഫണ്ട് സമാഹരണത്തെ പൂർണമായും സ്വാഗതംചെയ്യുന്നു. ചില പാർശ്വഫലങ്ങൾ മുൻനിർത്തി ജീൻ തെറാപ്പിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ, രോഗിക്ക് അത് ആവശ്യമാണെങ്കിൽ അത് അവരുടെ അവകാശമാണെന്നും അതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ മന്ത്രി നടത്തിയ പ്രസ്താവന ചില ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയിരുന്നെങ്കിലും ഉച്ചയോടെ മന്ത്രിയുടെ ഓഫീസിൽനിന്ന് ഇതുസംബന്ധിച്ച് വ്യക്തത വരുത്തി അറിയിപ്പ് നൽകുകയായിരുന്നു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ലിസ്റ്റിൽ ജീൻ തെറാപ്പി ഉൾപ്പെടുത്തിയിട്ടില്ലാത്തത് അതിന് ചില പാർശ്വഫലങ്ങളുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ ഏത് ചികിത്സ തിരഞ്ഞെടുക്കണമെന്നത് രോഗിയുടെ അവകാശമാണെന്നും അതിനാൽ സൗഹൃദക്കൂട്ടായ്മകളും പൊതുജനങ്ങളും പണം സ്വരൂപിച്ച് ജീൻ തെറാപ്പിക്ക് സഹായിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ നേതൃത്വത്തിലും അല്ലാതെയും നിരവധി ആളുകളും ലുലു ഗ്രൂപ്പ് അടക്കമുള്ള പ്രസ്ഥാനങ്ങളും കുട്ടികളുടെ ജീവൻ രക്ഷിക്കാനായി നടത്തുന്ന ക്രൗഡ് ഫണ്ടിങ് പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിക്കുകയും സ്വാഗതംചെയ്യുകയും ചെയ്തു.