ന്യൂഡൽഹി: പാർട്ടിയിലെ 20 വിമതർ ഉൾപ്പെടെയുള്ള മുഴുവൻ എംപിമാർക്കും വിപ്പ് നൽകി തൃണമൂൽ കോൺഗ്രസ് മമതാ പക്ഷം. കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണയ ബിൽ സഭയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ ബില്ലിനെ സഭയിൽ എതിർക്കുക എന്നതാണ് നീക്കത്തിന് പിന്നിൽ.

To advertise here,

ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമ്പോൾ നിർബന്ധമായും ഹാജരാകണമെന്നും പാർട്ടിയുടെ നിലപാടിനെ പിന്തുണയ്ക്കണമെന്നും തൃണമൂൽ കോൺഗ്രസ് സഭാ നേതാവ് അഭിഷേക് ബാനർജി അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യ മുന്നണി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബില്ലിനെ സഭയിൽ എതിർക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

വിമതരായ 20 തൃണമൂൽ എംപിമാർ എൻസിപിഐ എന്ന പാർട്ടിയിൽ ലയിച്ചതായി കാണിച്ച് ആറുമാസം മുമ്പ് ലോക്‌സഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും ഈ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതിനാൽ ലോക്‌സഭയിലെ ഔദ്യോഗിക രേഖകൾ പ്രകാരം ഈ 20 പേരും ഇപ്പോഴും തൃണമൂൽ കോൺഗ്രസിന്റെ എംപിമാരായിത്തന്നെയാണ് അറിയപ്പെടുന്നത്. കൂടാതെ, തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് എന്ന് ഉന്നയിച്ച് മമതാ ബാനർജി പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചിട്ടുണ്ട്.

പാർട്ടി നിർദേശിച്ച വിപ്പ് നിലനിൽക്കെ, വിമത എംപിമാർ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യുന്ന പക്ഷം അവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വോട്ടെടുപ്പിന് മുമ്പ് സ്പീക്കർ ഈ വിഷയത്തിൽ നിർണായക തീരുമാനം എടുത്താൽ പോലും അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഭരണഘടനാപരവും നിയമപരവുമായ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.