ഭക്ഷണത്തിനായി അക്ഷമരായി കാത്തുനിൽക്കുന്ന പതിനായിരങ്ങളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്ന ഇലപ്പാത്രങ്ങൾ. അത് പിടിക്കാൻ അലമുറയിട്ട് ഉന്തും തള്ളും. കണ്ടാൽ ഒരു അഭയാർത്ഥി ക്യാമ്പാണെന്ന് തോന്നും. പക്ഷേ, അല്ല. ഇത് ബിഹാറിലെ ഒരു എം.എൽ.എ.യുടെ മകളുടെ കല്യാണവിരുന്നാണ്!ആള് മൊകാമ എം.എൽ.എ. അനന്ത് സിങ്. നാട്ടുകാർക്ക് 'ഛോട്ടേ സർക്കാർ'. നവംബർ 25-ന് പട്ന ജില്ലയിലെ നദ്വാൻ ഗ്രാമത്തിലായിരുന്നു മകൾ ശിവാംഗിയുടെ വിവാഹം. മണ്ഡലത്തിലും പുറത്തുമുള്ളവർക്കെല്ലാം തുറന്ന ക്ഷണം; ഒരുക്കങ്ങളാകട്ടെ നാലുലക്ഷം പേർക്ക്.

To advertise here,

വിഭവങ്ങൾ 150-ലേറെ. നാടൻ ലിട്ടി ചോഖ മുതൽ കശ്മീരി പുലാവ് വരെ നീളുന്ന നിര. 300 അടുപ്പുകൾക്ക് മുന്നിൽ 500-ലേറെ പാചകക്കാർ. മധുരം വിളമ്പാൻ രസഗുള മാത്രം 30 ലക്ഷം! ഷാൻലിയറും പൂക്കളും നിറഞ്ഞ നാല് കൂറ്റൻ ഊട്ടുപന്തലുകൾക്ക് മാത്രം ചെലവ് നാലുകോടി രൂപ. ആകെ ചെലവ് 40 മുതൽ 80 കോടി വരെയെന്നാണ് റിപ്പോർട്ടുകൾ; ഔദ്യോഗിക കണക്കുകളൊന്നുമില്ല.

പല ചെലവും സുഹൃത്തുക്കൾ വഹിക്കുന്നുവെന്നായിരുന്നു എം.എൽ.എ.യുടെ വിശദീകരണം. പോരാത്തതിന് ഹെലിപ്പാഡുകളും കുതിരയോട്ടവും. ഒന്നാം സമ്മാനം ഥാർ ജീപ്പ്, രണ്ടാമന് ബൈക്ക്, മൂന്നാമന് സ്‌കൂട്ടർ. അതിഥികളായി കേന്ദ്രമന്ത്രി ലല്ലൻ സിങ്ങും നിയമസഭാ സ്പീക്കർ പ്രേം കുമാറും ഉൾപ്പെടെയുള്ള പ്രമുഖർ.
പക്ഷേ, ആൾക്കടൽ ഇരച്ചെത്തിയതോടെ 'ഛോട്ടേ സർക്കാരിന്റെ' കണക്കുകൂട്ടലുകളെല്ലാം തെറ്റി. കാറിലും ട്രാക്ടറിലും കാൽനടയായും ജനം ഒഴുകിയെത്തി. റോഡിൽ പത്തുകിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു. ഊട്ടുപന്തലിലാകട്ടെ, വരിയില്ല, ഊഴമില്ല. വിളമ്പുംമുൻപേ പെട്ടിയിൽനിന്ന് പൂരി വാരിയെടുക്കുന്നു. കറിച്ചെമ്പിൽ കൈയിട്ട് പനീർ തപ്പുന്നു. രസഗുള കൗണ്ടറിൽ കൂട്ടപ്പൊരിച്ചിൽ. തിക്കിനിടെ ഒരാൾ കറിച്ചെമ്പിലേക്ക് വീണു.

ഇല കിട്ടാത്തവർ ഗ്ലാസിലും കാർഡ്‌ബോർഡ് കഷണങ്ങളിലും പത്രക്കടലാസിലും ഭക്ഷണം വാങ്ങുന്നു. നിലത്തുവീണ ഭക്ഷണംപോലും പെറുക്കിയെടുക്കുന്ന കാഴ്ച. ഒടുവിൽ തിരക്കൊതുക്കാൻ സംഘാടകർക്ക് വടിയെടുക്കേണ്ടിവന്നു. ഭക്ഷണം കിട്ടുന്നത് യുദ്ധം ജയിക്കുന്നതുപോലെയാണെന്നായിരുന്നു ഒരു അതിഥിയുടെ കമന്റ്.
ബീഹാറിലെയും പ്രത്യേകിച്ച് അനന്ത് സിങ്ങിന്റെ മണ്ഡലമായ മൊകാമയിലെയും സാമ്പത്തിക-സാമൂഹിക യാഥാർത്ഥ്യങ്ങൾ ഈ ആർഭാടവുമായി ചേർത്തുവായിക്കുമ്പോൾ വലിയ വൈരുദ്ധ്യങ്ങളാണ് കാണാൻ കഴിയുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് ബീഹാർ.

2024-25 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ബീഹാറിലെ ഒരാളുടെ ശരാശരി വാർഷിക വരുമാനം ഏകദേശം 76,490 രൂപ മാത്രമാണ്, അതായത് മാസം ഏകദേശം 6,374 രൂപ. കേരളത്തില് ജോലിക്ക് എത്തുന്ന ഒരു ബീഹാറിക്ക് തൊഴിലാളി ഈ തുകയുടെ മൂന്നിരട്ടിയെങ്കിലും മാസം ഉണ്ടാക്കും.

ബീഹാറിലെ ജാതി-സാമ്പത്തിക സർവേ പ്രകാരം, സംസ്ഥാനത്തെ ആകെ കുടുംബങ്ങളിൽ വെറും 3.90 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് പ്രതിമാസം 50,000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളത്. ഏകദേശം 34 ശതമാനത്തിലധികം കുടുംബങ്ങൾ പ്രതിമാസം 6,000 രൂപയിൽ താഴെ മാത്രം വരുമാനമുള്ള അതിദരിദ്ര വിഭാഗത്തിലാണ്.
നമ്മുടെ കഥാനായകനായ അനന്ത് സിങ് എം എല് എയുടെ മണ്ഡലമായ മൊകാമ ഒരു കാലത്ത് വ്യവസായ കേന്ദ്രമായിരുന്നുവെങ്കിലും അവയിൽ പലതും പൂട്ടിപ്പോയതോടെ മേഖല വലിയ സാമ്പത്തിക മാന്ദ്യത്തിലായി.
ഇനി ആതിഥേയന്റെ രാഷ്ട്രീയത്തിലേക്ക് നോക്കാം. ദുലാർ ചന്ദ് യാദവ് വധക്കേസിൽ പ്രതിയാണ് അനന്ത് സിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് ജയിച്ചതുപോലും ജയിലിൽ കിടന്നാണ്. ഒക്ടോബറിൽ ജെ.ഡി.യു. പുറത്താക്കി; സുപ്രീംകോടതി ജാമ്യവും റദ്ദാക്കി. ഡിസംബർ ഒന്നിനകം കീഴടങ്ങണം. അഴിക്കുള്ളിലേക്ക് പോകുന്നതിന് ദിവസങ്ങൾമാത്രം മുൻപ് ലക്ഷങ്ങളെ വിളിച്ചുകൂട്ടുമ്പോൾ, അതൊരു ശക്തിപ്രകടനം കൂടിയാണെന്ന് വ്യക്തം.
സദ്യ ഒരുക്കിയാൽ മാത്രം പോരാ, അത് മര്യാദയ്ക്ക് വിളമ്പാനും കഴിയണം. ലക്ഷങ്ങളെ വിളിച്ചവർക്ക് അവരെ വരിനിർത്താനായില്ല. അവിടെ തിരക്കഥ പാളി. കാണിക്കാൻ ഒരുക്കിയത് ഛോട്ടേ സർക്കാരിന്റെ പ്രതാപമായിരുന്നെങ്കിൽ, നാടുമുഴുവൻ പ്രചരിച്ചത് ഒരു പൂരിക്കുവേണ്ടിയുള്ള പിടിവലിയാണ്. വിരുന്നിനെത്തിയവരെല്ലാം പട്ടിണിക്കാരാണെന്നല്ല, അവരെ പരിഹസിക്കുന്നതിലും കാര്യമില്ല. എങ്കിലും കോടികളുടെ പകിട്ടിനിടയിൽ ക്യാമറയിൽ തെളിഞ്ഞത് ഇല്ലായ്മയുടെ നേർചിത്രമാണ്. കാട്ടിയത് ആർഭാടം; കണ്ടത് ദാരിദ്ര്യം.