ന്യൂഡൽഹി: ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് വർധിച്ചുവന്ന പശ്ചാത്തലത്തിൽ യൂറോപ്പ് കടുത്ത യാഥാർത്ഥ്യങ്ങളുടെ തിരിച്ചറിവിലാണെന്ന് ബെൽജിയൻ പ്രധാനമന്ത്രി ബാർട് ഡി വെവർ. ഈ അപകടസാധ്യതകളെക്കുറിച്ച് യൂറോപ്പ് സ്വയം തിരിച്ചറിയുന്നതിന് വളരെ മുമ്പ് തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഇന്ത്യയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ ഡി വെവർ.

To advertise here,

കുറഞ്ഞ വിലയിലുള്ള വിദേശ ഉൽപ്പന്നങ്ങൾ സ്വന്തം വിപണിയിലേക്ക് ഒഴുകാൻ യൂറോപ്പ് അനുമതി നൽകിയെന്ന് ബെൽജിയൻ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഇത് ആഭ്യന്തര വ്യവസായങ്ങളെ തകർക്കുകയും ബാഹ്യ വിതരണക്കാരെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് യൂറോപ്പിനെ എത്തിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കുറഞ്ഞ വിലയുള്ള വിദേശസാധനങ്ങൾ യൂറോപ്യൻ വിപണിയിൽ എത്തിയത് പ്രാദേശികവ്യവസായങ്ങളെ തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദനച്ചെലവിലും കുറഞ്ഞ വിലയ്ക്കാണ് സാധനങ്ങൾ ഇവിടെ വിറ്റഴിച്ചത്. വ്യാവസായിക അടിത്തറ തകരുകയും പിന്നീട് സമ്മർദ്ദതന്ത്രങ്ങൾക്കായി ഉപയോഗിക്കാൻ തക്കവണ്ണം ആശ്രിതത്വം ബോധപൂർവ്വം വളർത്തിയെടുക്കപ്പെടുകയും ചെയ്തത് വളരെക്കാലമായി യൂറോപ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.- ബാർട്ട് ഡി വേവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പുകൾ അന്ന് യൂറോപ്പ് അവഗണിച്ചുവെന്നും വേവർ പറഞ്ഞു. സുരക്ഷിതമല്ലാത്ത ഈ ആഗോളസാഹചര്യത്തിൽ ഇന്ത്യ വിശ്വസ്ത പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ബെൽജിയത്തിന്റെ മുൻഗണനാപട്ടികയിൽ ഒന്നാമത് ഇന്ത്യയാണ്. വ്യാപാരനയങ്ങൾ പെട്ടെന്ന് മാറ്റുന്ന രാജ്യങ്ങളെ വിശ്വസിക്കാൻ കഴിയില്ല. അതിനാൽ തന്നെ സാമ്പത്തിക, രാഷ്ട്രീയ, തന്ത്രപ്രധാനബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്താൻ ബെൽജിയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന് പ്രധാന പ്രതിരോധോപകരണങ്ങൾ നൽകില്ലെന്ന് ബെൽജിയം ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുമായുള്ള പ്രതിരോധസഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ബെൽജിയം സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ സൈനികോപകരണങ്ങൾ സംയുക്തമായി നിർമിക്കും. ഇരുരാജ്യങ്ങളിലെയും പ്രതിരോധസ്ഥാപനങ്ങൾതമ്മിൽ 10 കരാറുകളിൽ ഒപ്പുവെച്ചു. റോക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രതിരോധസാമഗ്രികളുടെ നിർമാണം ഇതിൽ ഉൾപ്പെടുന്നു. സൈനികപരിശീലനവും രഹസ്യാന്വേഷണവിവരങ്ങൾ പങ്കുവെക്കലും ശക്തമാക്കാനും തീരുമാനമായി.