ശ്രീനഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ഇന്ത്യൻ ആർമിയുടെ ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്‌സ് എക്‌സിൽ പോസ്റ്റിട്ടു.

To advertise here,

'ഓപ്പറേഷൻ അഷ്ദർ' എന്ന് പേരിട്ടിരിക്കുന്ന ഈ സംയുക്ത ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽനിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച സുരക്ഷാസേന ദൗത്യം ആരംഭിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബദ്ഗാമിലെ അഷ്ദർ ഗലി മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ സൈന്യം ഇവരോട് കീഴടങ്ങാനാവശ്യപ്പെട്ടു. എന്നാൽ, ഭീകരർ വെടിയുതിർത്തതോടെ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു.

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ പക്കൽനിന്ന് ഒരു എകെ റൈഫിളും മറ്റ് ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദൂദ്പത്രിക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത് എന്നതിനാൽ, കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരികൾ ഈ പ്രദേശത്തുനിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പൂഞ്ച്, രജൗരി, ബാരാമുള്ള, പുൽവാമ, ഷോപ്പിയാൻ ജില്ലകളിലേക്ക് വ്യാപിച്ചുകിടക്കുന്ന പിർ പഞ്ജാൽ മലനിരകളിലെ വനമേഖലകളിൽ സുരക്ഷാസേന ശക്തമായ തിരച്ചിൽ നടത്തുകയാണ്.

ഭീകരർ രക്ഷപ്പെടാതിരിക്കാൻ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ച് വളഞ്ഞിരിക്കുകയാണ്. കശ്മീർ താഴ്വരയിൽ മാസങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.