ന്യൂഡൽഹി: പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, എന്നാൽ ഏറെ വിവാദങ്ങൾക്ക് കാരണമായ തന്റെ ആത്മകഥാ പുസ്തകത്തെ സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. ചൈനയുമായുള്ള അതിർത്തി തർക്കവേളയിൽ കേന്ദ്രസർക്കാർ നൽകിയ 'ഉചിതമായത് ചെയ്യുക' എന്ന നിർദ്ദേശത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നുപറഞ്ഞ അദ്ദേഹം ഈ പ്രവണതയോടുള്ള ശക്തമായ എതിർപ്പും പങ്കുവെച്ചു.

To advertise here,

സായുധ സേനയെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിക്കും സൈന്യത്തിലുള്ള പൂർണമായ വിശ്വാസത്തെയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നതെന്നും അതിർത്തിയിലെ നിർണായക സാഹചര്യങ്ങളിൽ സൈന്യത്തിന് തീരുമാനങ്ങൾ എടുക്കാൻ കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019-2022 കാലയളവിൽ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെ.

ഇന്ത്യ ടുഡേക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ പുസ്തകത്തിൽ രഹസ്യരേഖകളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇത് പൂർണമായും ഒരു സൈനികന്റെ അനുഭവക്കുറിപ്പാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്ന പുസ്തകത്തെച്ചൊല്ലി പാർലമെന്റിലുണ്ടായ തർക്കങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 2020 ഓഗസ്റ്റ് 31-ന് ചൈനീസ് സൈന്യം റെച്ചിൻ ലാ (Rechin La) ഭാഗത്തേക്ക് മുന്നേറിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്.

ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തനിക്ക് കൈമാറിയ 'ജോ ഉചിത് സംഝോ, വോ കരോ' (ഉചിതമെന്ന് തോന്നുന്നത് എന്തോ, അത് ചെയ്യുക) എന്ന പരാമർശത്തെ ചൊല്ലിയാണ് പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ കോലാഹലങ്ങൾ ഉണ്ടായത്. ഫെബ്രുവരിയിലെ പാർലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നരവനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. 

അതിർത്തിയിലെ സംഘർഷ സമയത്ത് പ്രധാനമന്ത്രി മോദിക്ക് വേണ്ടി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ജനറൽ നരവനെയ്ക്ക് നൽകിയതായി പറയപ്പെടുന്ന 'ജോ ഉചിത് സംഝോ, വോ കരോ' എന്ന സന്ദേശമായിരുന്നു വിവാദത്തിന്റെ കേന്ദ്രബിന്ദു. എന്നാൽ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞ് സ്പീക്കർ അദ്ദേഹത്തെ തടഞ്ഞു. എങ്കിലും, സമ്മേളനത്തിന്റെ ബാക്കി ദിവസങ്ങളിൽ രാഹുൽ ഗാന്ധി പുസ്തകത്തിന്റെ പകർപ്പുമായി പാർലമെന്റിൽ എത്തിയിരുന്നു.

പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ച്, ചൈനീസ് ടാങ്കുകൾ അടുക്കുന്നുവെന്ന വിവരം മുൻ കരസേനാ മേധാവി രാജ്നാഥ് സിങ്ങിനെയും മറ്റുള്ളവരെയും അറിയിച്ചുവെന്നും എന്നാൽ നരവനെയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ലെന്നും രാഹുൽ ആരോപിച്ചു. 'ജോ ഉചിത് സംഝോ, വോ കരോ' എന്നായിരുന്നു പ്രധാനമന്ത്രി കൈമാറിയ സന്ദേശം. ഇതിനർത്ഥം നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തം നിർവ്വഹിച്ചില്ല എന്നാണ്... താൻ ഒറ്റപ്പെട്ടുവെന്നും ഭരണകൂടം തന്നെ ഉപേക്ഷിച്ചുവെന്നും കരസേനാ മേധാവി പുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാദം.

എന്നാൽ ഇത് തെറ്റായ വ്യാഖ്യാനമാണെന്ന് നരവനെ വ്യക്തമാക്കി. അതിർത്തിയിലെ സാഹചര്യങ്ങളോട് പ്രതികരിക്കാൻ സായുധ സേനയ്ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നുവെന്നും രാജ്‌നാഥ് സിങ്ങിന്റെ നിർദേശവും അത്തരത്തിൽ ഒന്നായിരുന്നുവെന്നും ജനറൽ നരവനെ ഊന്നിപ്പറഞ്ഞു. 'അടിസ്ഥാനപരമായി, സൈന്യത്തിലും അതിന്റെ നേതൃത്വത്തിലും സർവീസ് ചീഫ്മാരിലും സർക്കാരിനുണ്ടായിരുന്ന വലിയ ആത്മവിശ്വാസമാണ് ആ വാക്കുകൾ അടിവരയിട്ട് കാണിക്കുന്നത്. എല്ലാ ഘടകങ്ങളും കണക്കിലെടുത്തായിരിക്കും തീരുമാനങ്ങൾ എടുക്കുക എന്ന് അവർക്ക് അറിയാമായിരുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയം കാണാൻ പാടില്ല.' അദ്ദേഹം പറഞ്ഞു.

സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിന് എതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'അയൽരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ സായുധ സേന പൂർണ്ണമായും രാഷ്ട്രീയത്തിന് അതീതമാണ്. പാകിസ്താനിൽ സൈന്യമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പലപ്പോഴും സിവിലിയൻ ഭരണകൂടത്തെ അവർ മറികടക്കാറുണ്ട് എന്നതും പരസ്യമായ കാര്യമാണ്.' അദ്ദേഹം വ്യക്തമാക്കി. പെൻഗ്വിൻ പ്രസിദ്ധീകരിക്കാനിരുന്ന പുസ്തകം 2024-ൽ പുറത്തിറങ്ങേണ്ടതായിരുന്നു, എന്നാൽ നിലവിൽ അതിന്റെ പ്രകാശനം തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കായാണ് പ്രസാധകർ കാത്തിരിക്കുന്നത്. പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രസാധകർ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും ജനറൽ നരവനെ അഭിമുഖത്തിൽ പറഞ്ഞു.