
താലിൻ (എസ്‌തോണിയ): ഇന്ത്യൻ കമ്പനി ഉൾപ്പെടുന്ന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട 70 മില്യൺ യൂറോയുടെ അഴിമതി ആരോപണത്തിന് പിന്നാലെ രാജിവെച്ച് എസ്‌തോണിയൻ പ്രതിരോധമന്ത്രി ഹന്നോ പെവ്കർ. 2022 മുതൽ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പെവ്കർ ബുധനാഴ്ചയാണ് തന്റെ രാജി പ്രഖ്യാപിച്ചത്. മുൻപ് പ്രതിരോധ വെടിക്കോപ്പുകൾ വിറ്റ് യാതൊരു മുൻപരിചയവുമില്ലാത്ത ഇന്ത്യൻ ഉമടസ്ഥതയിലുള്ള കമ്പനിക്ക് കരാർ നൽകിയതിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ദേശീയ ഓഡിറ്റ് ഓഫീസിന്റെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെ പെവ്കർ രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.
യുക്രൈനിലെ വെടിക്കോപ്പ് ക്ഷാമം പരിഹരിക്കുന്നതിനായി 2024-ലാണ് എസ്‌തോണിയൻ പ്രതിരോധ നിക്ഷേപ കേന്ദ്രം ഇറ്റലിയിൽ രജിസ്റ്റർ ചെയ്ത 'ഡാറ്റാസെൽ എസ്ആർഎൽ' എന്ന കമ്പനിയുമായി കരാർ ഒപ്പിട്ടത്. ഈ കമ്പനിയെ 2024-ൽ തന്നെ ഇന്ത്യൻ കമ്പനിയായ 'നെക്കോ ഡിഫൻസ് മ്യൂണിഷൻസ്' ഏറ്റെടുത്തിരുന്നു. യൂറോപ്യൻ യൂണിയന്റെ ധനസഹായം ഉപയോഗിച്ച് പീരങ്കി ഉണ്ടകൾ വാങ്ങാനായി എസ്‌തോണിയ ഈ കമ്പനിക്ക് 70 മില്യൺ യൂറോയോളം (ഏകദേശം 769 കോടി രൂപ) മുൻകൂറായി നൽകി. എന്നാൽ, ഉത്പാദനത്തിലെ തടസ്സങ്ങൾ കാരണം മാസങ്ങളോളം വെടിക്കോപ്പുകളുടെ വിതരണം വൈകി. പിന്നീട് 2025-ൽ ലഭിച്ച വെടിക്കോപ്പുകൾ ഗുണനിലവാരമില്ലാത്തവയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ എസ്‌തോണിയ ഈ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയും മുൻകൂർ നൽകിയ തുക തിരികെ ആവശ്യപ്പെടുകയും ചെയ്തു.
കരാർ റദ്ദാക്കിയതിനെതിരെ ഡാറ്റാസെൽ കമ്പനി എസ്‌തോണിയൻ സർക്കാരിനെതിരെ കോടതിയെ സമീപിച്ചു. 58 മില്യൺ യൂറോയുടെ സാധനങ്ങൾ ഇതിനകം കൈമാറിയിട്ടുണ്ടെന്നും കരാർ പൂർത്തിയാക്കാൻ തയ്യാറാണെന്നുമാണ് കമ്പനി പറയുന്നത്. തർക്കം ഇപ്പോൾ ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയുടെ പരിഗണനയിലാണ്.
മുൻപരിചയമില്ലാത്ത കമ്പനിക്ക് ഇത്രയും വലിയ കരാർ നൽകിയത് വൻ വീഴ്ചയാണെന്ന് പ്രതിരോധ നിക്ഷേപ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറൽ എൽമർ വാഹർ പ്രതികരിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രിക്ക് വ്യക്തിപരമായി ഈ കരാറിൽ പങ്കില്ലെങ്കിലും രാഷ്ട്രീയ ധാർമ്മികതയുടെ പേരിൽ പെവ്കർ രാജി വെക്കുകയായിരുന്നു. എസ്‌തോണിയൻ സുരക്ഷ എന്നത് നമ്മുടെ കൂട്ടായ ചുമതലയാണെന്ന് പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം രാജിവിവരം അറിയിച്ചത്.
Content Highlights: Estonia's defense minister Hanno Pevkur resigns following a €70 million corruption scandal involving an Indian company in a defense contract.
Published: 04 Sept 2026, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented