ന്യൂഡൽഹി: കഴി‍ഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ മുഖ്യ ആകർഷണം ഒരു സൂപ്പർസോണിക് ക്രൂയിസ് മിസൈലായിരുന്നു. അതേ, ബ്രഹ്മോസ്. ലോകത്തിനു മുന്നിൽ ഇന്ത്യ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ പേര്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലിനെ വിശേഷിപ്പിക്കാം.

To advertise here,

എന്നാലിപ്പോൾ കഥ മാറി. പ്രതിരോധ കയറ്റുമതിയുടെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം കടന്നിരിക്കുകയാണ്. ഒരു ആയുധത്തെ മാത്രം ആശ്രയിക്കുന്ന രീതിയിൽനിന്ന് മാറി, പുതിയ തലമുറ ഡ്രോണുകൾ, കൃത്യതയോടെ ലക്ഷ്യം കാണുന്ന ആയുധങ്ങൾ, സ്വയം നിയന്ത്രിത സംവിധാനങ്ങൾ (ഓട്ടോണമസ് സിസ്റ്റംസ്), ഇലക്ട്രോണിക്സ് സംവിധാനങ്ങൾ, ആയുധ ഘടകങ്ങൾ എന്നിവയിലൂന്നി കയറ്റുമതി വർധിപ്പിക്കാനാണ് രാജ്യത്തിന്റെ ശ്രമം.

ആഗോള വിപണിയിൽ ഇന്ത്യൻ പ്രതിരോധ മേഖല വൻ മുന്നേറ്റമാണ് നടത്തുന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയിലെത്തി. മുൻ വർഷത്തെ 23,622 കോടി രൂപയേക്കാൾ 62.66 ശതമാനത്തിന്റെ വർധനവ്. നിലവിൽ 80-ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. രാജ്യത്തെ കയറ്റുമതിക്കാരുടെ എണ്ണം 128-ൽ നിന്ന് 145 ആയി ഉയരുകയും ചെയ്തു. 2029-30 ഓടെ ഇത് 50,000 കോടി രൂപയിലെത്തിക്കുക എന്നതാണ് ലക്ഷ്യം.

യുദ്ധമുറകൾ മാറുന്നു, ആയുധ വിപണിയും

യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, വിലകൂടിയ മിസൈലുകൾ എന്നിവ മാത്രമുള്ളതല്ല ഇന്നത്തെ യുദ്ധക്കളം. കൂടുതൽ ദൂരം സഞ്ചരിക്കാനും കൃത്യമായി ലക്ഷ്യം കാണാനും കഴിയുന്ന പരമ്പരാഗത സംവിധാനങ്ങളേക്കാൾ ചെലവ് കുറഞ്ഞതുമായ ആയുധങ്ങളാണ് രാജ്യങ്ങൾ തേടുന്നത്. ആധുനിക യുദ്ധമുഖത്തെ മാറ്റങ്ങൾക്കനുസരിച്ച് കുറഞ്ഞ ചെലവിൽ കൃത്യതയോടെ ലക്ഷ്യംകാണുന്ന ആയുധങ്ങൾക്കാണ് ഇപ്പോൾ ആഗോളതലത്തിൽ ആവശ്യക്കാരേറുന്നത്.

ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ മുഖമുദ്രയായി തുടരുമ്പോഴും ഇന്ത്യയുടെ പ്രതിരോധമേഖലയും ആ ദിശയിലേക്കാണ് നീങ്ങുന്നത്. നോയിഡ ആസ്ഥാനമായുള്ള ‘ഐ.ജി. ഡിഫൻസ്’ വികസിപ്പിച്ചെടുത്ത ദീർഘദൂര അറ്റാക്ക് ഡ്രോണായ 'കെ.എ.എൽ' (KAL) ഇതിനുദാഹരണമാണ്. ഈ സംവിധാനത്തിന് 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാനും ഏഴ് മുതൽ എട്ടു മണിക്കൂർ വരെ അന്തരീക്ഷത്തിൽ തുടരാനും 50 കിലോഗ്രാം ഭാരം വഹിക്കാനും കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സർക്കാരിൽനിന്നുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് രാജ്യാന്തര കയറ്റുമതി സാധ്യതകൾക്കായി കെ.എ.എല്ലിനെ ഒരുക്കുകയാണ് ഐ.ജി. ഡിഫൻസ്.

ദീർഘദൂര ആക്രമണ സംവിധാനങ്ങളുടെ ആഗോള വിപണിയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ ഒരു രാജ്യത്തിന് എപ്പോഴും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മിസൈലുകൾ ആവശ്യമില്ലെന്ന് വിലകുറഞ്ഞ ഡ്രോണുകൾ തെളിയിച്ചിട്ടുണ്ട്. അതായത്, യുദ്ധത്തിന്റെ സാമ്പത്തിക സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാന്ന് എന്ന് അർഥം. ഭാവിയിൽ ഇന്ത്യൻ നിർമാതാക്കൾക്ക് ഈ മാറ്റം വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

കെ.എൽ ഒരു ഉദാഹരണം മാത്രമാണ്. ഡ്രോണുകൾ, കൗണ്ടർ-യു.എ.എസ് സംവിധാനങ്ങൾ, റഡാറുകൾ, പീരങ്കികൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, വെടിക്കോപ്പുകൾ, സുരക്ഷാ ഉപകരണങ്ങൾ, വിമാന ഘടകങ്ങൾ എന്നിവയെല്ലാം ഇന്ത്യയുടെ പുതിയ കയറ്റുമതി നിരയിലുണ്ട്. പിനാക, അറ്റാഗ്സ് (ATAGS) എന്നിവയ്ക്ക് വിദേശ ഉപഭോക്താക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ആകാശ്, സ്വാതി എന്നീ സംവിധാനങ്ങളും കയറ്റുമതി ലക്ഷ്യങ്ങളുടെ ഭാഗമാണ്. കാര്യം ലളിതമാണ്; ബ്രഹ്മോസ് തുറന്ന പുതിയ വഴിയിലൂടെ കൂടുതൽ വൈവിധ്യമാർന്ന ഇന്ത്യൻ സാങ്കേതികവിദ്യകൾ കയറ്റുമതിക്ക് ഒരുങ്ങുകയാണ്.

കൂടുതൽ സ്മാർട്ടാകുന്ന കയറ്റുമതി

ഈ കയറ്റുമതി കഥയിൽ എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു വശവുമുണ്ട്. അത് ആയുധങ്ങൾക്കുള്ളിലെ സാങ്കേതികവിദ്യയാണ്. കയറ്റുമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു മിസൈലോ, മിസൈൽ പ്രതിരോധ സംവിധാനമോ ആകും ആദ്യം ഓർമയിൽ വരിക. എന്നാൽ, അതിന്റെ സാങ്കേതിക ഘടകങ്ങൾ, ഗൈഡൻസ് സിസ്റ്റം, സെൻസറുകൾ, ഇലക്ട്രോണിക്സ് സംവിധാനം എന്നിവയെല്ലാമാണ് ആ ആയുധം കൃത്യമായും ഫലപ്രദമായും പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നത്. ഇവിടെയാണ് പുതിയൊരു അവസരം. അതിനാൽ തന്നെയാണ് പൂർണമായി സജ്ജമായ ആയുധങ്ങളെ മാത്രം മുൻനിർത്തി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി വിജയഗാഥയെ വിലയിരുത്തരുതെന്ന് ഈ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നത്.

ബ്രഹ്മോസിന് വലിയ തോതിൽ വാർത്തകളിൽ ഇടം ലഭിക്കുന്നുണ്ട്, എന്നാൽ, ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി സാധ്യതയുടെ വലിയൊരു പങ്ക് ആയുധങ്ങളെ കൂടുതൽ സ്മാർട്ടാക്കുന്ന ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയിലാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. ആയുധങ്ങളുടെ നിർമാണ രംഗത്ത് ഇന്ത്യ ഇതിനകംതന്നെ ഗണ്യമായ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ഭാവിയിലെ കയറ്റുമതി അവസരങ്ങൾ എപ്പോഴും ഒരു മുഴുവൻ മിസൈലോ പീരങ്കി സംവിധാനമോ വിൽക്കുന്നതിൽ മാത്രമായിരിക്കില്ല എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ആയുധങ്ങളുടെ നിർണായക സാങ്കേതികവിദ്യയും ഇന്ത്യയ്ക്ക് വിൽക്കാൻ കഴിഞ്ഞേക്കാം. ഇത് വളരെ വലിയൊരു വിപണി സാധ്യതയാണ് തുറന്നുതരുന്നത്.

ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യങ്ങൾ

സർക്കാർ കണക്കുകൾ പ്രകാരം, 2026 സാമ്പത്തിക വർഷത്തിൽ സ്വകാര്യ കമ്പനികൾ മാത്രം 17,353 കോടി രൂപയുടെ കയറ്റുമതി നടത്തിയിട്ടുണ്ട്. അതേസമയം, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ 21,071 കോടി രൂപയുടെ സംഭാവന നൽകി. നിലവിൽ ലോകത്തെ എൺപതിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ സാമഗ്രികൾ കയറ്റുമതിചെയ്യുന്നുണ്ട്. ഫിലിപ്പീൻസ് ബ്രഹ്മോസ് സംവിധാനവും അർമേനിയ പിനാക റോക്കറ്റ് ലോഞ്ചറുകളും ഇന്ത്യൻ പീരങ്കി സംവിധാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആകാശ് എയർ ഡിഫൻസ് സിസ്റ്റം, സ്വാതി വെപ്പൺ ലൊക്കേറ്റിംഗ് റഡാർ, ഡോർണിയർ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ടോർപിഡോകൾ എന്നിവയും ഇന്ത്യയുടെ കയറ്റുമതി പട്ടികയിലുണ്ട്.

2029-30 ഓടെ പ്രതിരോധ കയറ്റുമതിയിലൂടെ 50,000 കോടി രൂപ നേടാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം എളുപ്പത്തിൽ കൈവരിക്കാനാകുമെന്ന് പ്രതിരോധ സെക്രട്ടറി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ആ ലക്ഷ്യം കൈവരിക്കാൻ ഏതാനും ആയുധങ്ങൾ മാത്രം വിറ്റാൽ പോരാ. മിസൈലുകൾ, റോക്കറ്റുകൾ, തോക്കുകൾ, ഡ്രോണുകൾ, ഇലക്ട്രോണിക്സ് ഘടകങ്ങൾ, സെൻസറുകൾ, സബ് സിസ്റ്റങ്ങൾ എന്നിങ്ങനെ വൈവിധ്യമായ പ്രതിരോധ ആയുധങ്ങളും അവരുടെ ഘടകങ്ങളും വിതരണം ചെയ്യാൻ കഴിയുന്ന വലിയൊരു ഇന്ത്യൻ വ്യവസായ ആവാസവ്യവസ്ഥ തന്നെ ആവശ്യമാണ്.