
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായെ ‘കണ്ടെത്താനുള്ള’ ഒരു ലൈവ് ഒളിച്ചുകളി വേദിയായി പാർലമെന്റിന്റെ നടപ്പുസമ്മേളനം മാറുന്ന കാഴ്ചയാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രി പാർലമെന്റ് മന്ദിരത്തിലുണ്ടെങ്കിലും സഭയ്ക്കുള്ളിൽ മാത്രം അദ്ദേഹത്തെ കാണാനില്ലെന്ന പ്രതിപക്ഷത്തിന്റെ പരിഹാസം ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുകയാണ്. പ്രതിഷേധത്തിന്റെയും വിമർശനത്തിന്റെയും പരിഹാസത്തന്റെയും വിവിധ സന്ദർഭങ്ങൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്.
"അമിത് ഷാ എവിടെപ്പോയി മറഞ്ഞു?" എന്നെഴുതിയ വലിയ ബാനറുകളുമായി പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ഒത്തുകൂടി പ്രതിഷേധിച്ചതും ജനം കണ്ടു. രാമക്ഷേത്ര നിർമാണത്തിനുള്ള സംഭാവന മോഷ്ടിക്കപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം മകർ ദ്വാറിന് മുന്നിൽ ഭണ്ഡാരപ്പെട്ടികൾവെച്ചാണ് പ്രതിഷേധിച്ചത്.
അതേസമയം, സഭയ്ക്കുള്ളിൽ ബില്ലുകൾ പാസ്സാക്കുന്ന തിരക്കിലാണ് ഭരണപക്ഷം. മൂന്ന് മിനിറ്റുകൊണ്ട് ടാക്സേഷൻ ബില്ലും അഞ്ച് മിനിറ്റുകൊണ്ട് ബാങ്കേഴ്സ് ബുക്ക്സ് എവിഡൻസ് ബില്ലും ചർച്ചയില്ലാതെ പാസാക്കിയെടുക്കുന്ന സഭയെ ഒരു 'ബിൽ നിർമാണ ഫാക്ടറി' എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. മൂന്ന് മിനിറ്റിനുള്ളിൽ ബില്ലുകൾ പാസാക്കുന്ന വിദ്യയെ ‘മാഗി ന്യൂഡിൽസ് ഉണ്ടാക്കുന്നതുപോലെ’യെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പി.യുമായ ഡെറിക് ഒബ്രിയൻ പരിഹസിച്ചത്.
ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ പോലീസ് അതിക്രമം നടക്കുമ്പോൾ ആഭ്യന്തര മന്ത്രി മിണ്ടാതിരിക്കുന്നത് കണ്ട്, ‘ആരെങ്കിലും അദ്ദേഹത്തിന്റെ വായ തുന്നിക്കെട്ടിയോ?’ എന്നായിരുന്നു മല്ലികാർജുൻ ഖർഗെയുടെ പരിഹാസം. പാർലമെന്റിനെ ബഹുമാനിക്കാത്ത ഷാ ഒളിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ ശക്തി അദ്ദേഹത്തെ ഒരു ദിവസം പുറത്തേക്ക് വലിച്ചിഴയ്ക്കുമെന്നും ഖർഗെ പറഞ്ഞു. അമിത് ഷാ പാർലമെന്റിൽ വരാൻ ഭയപ്പെടുകയാണെന്നും സഭയ്ക്ക് അദ്ദേഹം പ്രാധാന്യം നൽകുന്നില്ലെന്നും ഖർഗെ പരിഹസിച്ചു.
രാഹുൽ ഗാന്ധിയാകട്ടെ, ഷായുടെ മൗനം ‘കുറ്റബോധം’ കാരണമായിരിക്കുമെന്ന് എക്സിൽ കുറിച്ചു. ഇത് സർക്കാരിന്റെ 'രാജദർബാർ' അല്ലെന്നും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാൻ ആർക്കും കഴിയില്ലെന്നും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
അമിത് ഷാ പുണെയിൽ അവാർഡ് ദാന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും സ്വന്തം മന്ത്രാലയത്തിന്റെ കാര്യങ്ങൾ സഭയിൽ പറയാൻ എത്തുന്നില്ലെന്ന് പി. ചിദംബരം വിമർശിച്ചു. ഇതിനിടയിൽ പുരുണിയ എംപി പപ്പു യാദവ് ഒരു പുരോഹിതന്റെ വേഷം കെട്ടി ഭണ്ഡാരപ്പെട്ടികളുമായി നടന്ന് അയോധ്യയിലെ 'സംഭാവന മോഷണം' ആക്ഷേപഹാസ്യ നാടകമാക്കി അവതരിപ്പിച്ചതും ചർച്ചയും വിവാദവുമായി.
പാർലമെൻ്റിൽ ഹാജരാകാതെ അമിത് ഷാ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. വിദ്യാർഥികളെ ആക്രമിക്കാൻ ആരാണുത്തരവിട്ടതെന്ന ചോദ്യത്തിന് സഭയിലെത്തി വ്യക്തമായി മറുപടിനൽകാൻ ധൈര്യം കാണിക്കുന്നതിനുപകരം പാർലമെന്റിലെ പലമുറികളിലും പോയി ഒളിച്ചിരിക്കുകയാണ് ഷായെന്നും മന്ത്രിസഭയിലെത്തി വിശദീകരണം നൽകുന്നതുവരെ പ്രതിഷേധം തുടരുമെന്നും വേണുഗോപാൽ പറഞ്ഞു.
എന്നാൽ, പ്രതിപക്ഷത്തിന്റെ ഈ പരിഹാസ കമൻ്റുകൾക്ക് മറുപടിയായി ബിജെപി പാളയത്തിൽനിന്ന് വരുന്നത് അതിനേക്കാൾ വലിയ 'പഞ്ച്' ഡയലോഗുകളാണ്. രാഹുൽ ഗാന്ധി ഒരു 'പാർട്ട് ടൈം' നേതാവാണെന്നും അദ്ദേഹത്തിന് പാർലമെന്റിലെ ചർച്ചകളെ ഭയമാണെന്നും ബിജെപി തിരിച്ചടിച്ചു. ‘അമിത് ഷായുടെ പേര് കേട്ടാൽ ഭീകരർ വിറയ്ക്കും’ എന്നാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ പ്രഖ്യാപിച്ചത്. ആഭ്യന്തര മന്ത്രി രാവിലെ മുതൽ രാത്രി വരെ പാർലമെന്റ് കോംപ്ലക്സിൽ തന്നെയുണ്ടെന്നും പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴല്ല അദ്ദേഹം സഭയിൽ വരേണ്ടതെന്നും റിജിജു പറഞ്ഞു. ഏത് മന്ത്രി വരണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും ചർച്ചകൾ തുടങ്ങുമ്പോൾ മറുപടി കേൾക്കാൻ അവർ അവിടെ കാണാറില്ലെന്നും റിജിജു പരിഹസിച്ചു.
പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും സഭാ നടപടികളിൽ അമിത് ഷാ എത്തുമോ എന്നതുസംബന്ധിച്ച് ആർക്കും അറിവില്ല. അദ്ദേഹത്തിൻ്റെ അഭാവത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ദേശീയബഹുമതികളെ അനാദരിക്കൽ തടയൽ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഇതിനുപുറമെ, പരീക്ഷാ ക്രമക്കേട് തടയൽ ശിക്ഷ കർശനമാക്കൽ ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ചയും നടന്നു. ‘വന്ദേമാതരം’ ബിൽ, ജനന-മരണ രജിസ്‌ട്രേഷൻ ഭേദഗതി ബിൽ എന്നിവയും സഭയിൽ പാസാക്കി.
Content Highlights: Opposition protests against Amit Shah's absence in the 2026 Monsoon Session., Controversy over rapid bill passing without debate., BJP defends Amit Shah, citing his presence in the Parliament complex., Kiren Rijiju labels Rahul Gandhi a 'part-time' leader., Allegations regarding Ayodhya temple donation theft raised by the opposition.
Published: 07 Aug 2026, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented