ന്യൂഡൽഹി: ജന്തർമന്തറിൽനിന്ന് വീശിയടിച്ച വിദ്യാർഥിപ്രക്ഷോഭത്തിന്റെ അലയൊലികൾ പാർലമെന്റിലും വർധിതശക്തിയോടെ മുഴക്കിയാണ് വർഷകാലസമ്മേളനം അവസാനിച്ചത്. ഒരു മന്ത്രിയുടെ രാജിക്കും മറ്റൊരു മന്ത്രിയുടെ പാർലമെന്റിൽനിന്നുള്ള സമ്പൂർണ വിട്ടുനിൽക്കലിനും പ്രധാനമന്ത്രിയുടെ നാമമാത്ര സാന്നിധ്യത്തിനും സമ്മേളനം സാക്ഷിയായി. 19 ദിവസം നീണ്ടുനിന്ന സമ്മേളനകാലത്തുടനീളം ലോക്സഭയിൽ ചോദ്യോത്തരവേള മുടങ്ങി.
മൂന്നാം മോദിഭരണകാലത്ത് ചോദ്യോത്തരവേള പൂർണമായി മുടങ്ങുന്നത് ആദ്യമാണ്. ഇരുസഭകളിലും വരാതിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ, സമ്മേളനം അവസാനിച്ച വ്യാഴാഴ്ച ലോക്സഭയിൽ വന്നെങ്കിലും ചോദ്യങ്ങളിൽനിന്നൊളിച്ചോടിയെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാനായില്ല.
ആദ്യദിവസം ലോക്സഭയിലെത്തിയ പ്രധാനമന്ത്രി, പിന്നീട് അവസാനദിവസമാണെത്തിയത്. പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾ പരിഗണിക്കുന്ന ബുധനാഴ്ച ദിവസങ്ങളിൽ ലോക്സഭയിൽ അദ്ദേഹമെത്തുന്നതാണ് കീഴ്വഴക്കം. രാജ്യസഭയിൽ വ്യാഴാഴ്ചകളിലും. ചോദ്യോത്തരവേള നടക്കാത്തതിനാൽ അസാന്നിധ്യം ന്യായീകരിക്കാമെങ്കിലും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുമിച്ച് ദിവസങ്ങളോളം വിട്ടുനിന്നത് അപൂർവമാണ്.
ആദ്യനാലുദിവസങ്ങളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷബഹളം. രാജിക്കുശേഷം, വിദ്യാർഥിമാർച്ചിനുനേർക്കുണ്ടായ പോലീസ് അതിക്രമത്തിലെ വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രിയുടെ മറുപടിയാവശ്യപ്പെട്ടായി പ്രതിഷേധം. അമിത് ഷാ സഭയിലേക്ക് വരാതിരുന്നപ്പോൾ അദ്ദേഹത്തെ കാണ്മാനില്ല എന്നതും പ്രതിഷേധമുദ്രാവാക്യമായി. അയോധ്യാവിഷയത്തിൽ പ്രധാനമന്ത്രിയുടെ മറുപടിയും ആവശ്യപ്പെട്ടു.
സമ്മേളനം അവസാനിക്കുന്നതിനുതലേന്ന് സഭയിൽ താൻ ചർച്ചയ്ക്കു തയ്യാറെന്ന് അമിത് ഷാ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷം കേട്ടില്ല. പശ്ചിമബംഗാളിലെ ബി.ജെ.പി.യുടെ വൻവിജയവും തമിഴ്‌നാട്ടിലെ രാഷ്ട്രീയ മാറ്റവും ദുർബലപ്പെടുത്തിയിട്ടും പ്രതിപക്ഷവീര്യത്തിൽ കുറവുണ്ടായില്ല. ഭരണപക്ഷം പ്രതിരോധത്തിലേക്കു വലിഞ്ഞു. ബഹളത്തിനിടെ 12 ബില്ലുകളാണ് മിനിറ്റുകൾകൊണ്ട് പാസാക്കപ്പെട്ടത്.
കാര്യമായ ചർച്ചനടന്നത് പരിക്ഷാക്രമക്കേടുകൾ തടയുന്നതിനുള്ള ശിക്ഷ കർശനമാക്കൽ ബില്ലിൽ മാത്രം. ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനാലാപനത്തിന്റെ പ്രോട്ടക്കോൾ ബാധകമാക്കുന്ന മറ്റൊരു നിർണായകബില്ലിൽ രണ്ട് ഡി.എം.കെ. അംഗങ്ങളുടെ ശക്തിയായ വിയോജിപ്പുകൾ പ്രകടമാക്കപ്പെട്ടു. വിദേശസംഭാവനാ നിയന്ത്രണ ഭേദഗതിബിൽ ജെ.പി.സി.ക്കു വിട്ടു.
സഭ തടസ്സപ്പെടുന്നത് ഉത്കണ്ഠാജനകം -രാജ്യസഭാ അധ്യക്ഷൻ
വർഷകാല സമ്മേളനത്തിൽ നിരന്തരമായി സഭതടസ്സപ്പെട്ടത് അതിയായ ഉത്കണ്ഠാജനകമെന്ന് രാജ്യസഭ അധ്യക്ഷൻ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. അംഗങ്ങൾ സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്നും തങ്ങളുടെ ചുമതലകൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഉന്നതപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന തരത്തിൽ നിർവഹിക്കണമെന്നും സഭ പിരിയുന്നതിനുമുൻപ് അദ്ദേഹം പറഞ്ഞു.
"പ്രവർത്തനസമയം നഷ്ടപ്പെട്ടതുകാരണം ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ നടക്കേണ്ട അർഥപൂർണമായ ചർച്ചകളാണ് ഇല്ലാതായത്. എങ്കിലും അടിസ്ഥാനപരമായ നിയമനിർമാണ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞു. 12 ബില്ലുകൾ പരിഗണിക്കാനായി. സഭ 37 മണിക്കൂറും 49 മിനിട്ടും മാത്രമാണ് പ്രവർത്തിച്ചത്. 39.17 ശതമാനമായിരുന്നു പ്രവർത്തന ക്ഷമത" -അധ്യക്ഷൻ പറഞ്ഞു
Content Highlights: Student protests and opposition uproar led to continuous disruptions during the 19-day monsoon session. Question hour was completely disrupted for the first time during the third Modi government tenure. Prime Minister Narendra Modi and Home Minister Amit Shah's rare joint absence drew sharp criticism. 12 bills were passed amidst chaotic scenes with a session productivity of just 39.17%.
Published: 14 Aug 2026, 04:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented