ന്യൂഡൽഹി: ഉത്തർപ്രദേശിനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കുമെന്ന എൻ.ഡി.എ സഖ്യകക്ഷിയും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭറുടെ പ്രസ്താവന വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പൂർവാഞ്ചൽ, മധ്യഞ്ചൽ, ബുന്ദേൽഖണ്ഡ്, ഹരിത് പ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കുമെന്നാണ് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷൻ കൂടിയായ ഓം പ്രകാശ് രാജ്ഭറിന്റെ പ്രഖ്യാപനം. എന്നാൽ ഉത്തർപ്രദേശിന്റെ വിഭജനവുമായി ബന്ധപ്പെട്ട ബില്ലുകളോ നിയമനടപടികളോ ശുപാർശയോ പാർലമെന്റ് ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ല. ഉത്തപ്രദേശ് സർക്കാരും ഇത്തരം വാദങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നതാണ് വാസ്തവം. ഈ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുടെ വിഭജനത്തെ കുറിച്ച് ഭരണഘടന എന്താണ് പറയുന്നത് എന്ന് പരിശോധിക്കാം.
പൂർണ്ണ അധികാരം പാർലമെന്റിന്
ഒരു സംസ്ഥാനത്തിന്റെ അതിർത്തി മാറ്റുന്നതിനും പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനും ഇന്ത്യൻ ഭരണഘടന വ്യക്തമായ നടപടിക്രമങ്ങൾ നിഷ്‌കർഷിക്കുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം ഒരു സംസ്ഥാനത്തെ വിഭജിക്കാനും പുതിയ സംസ്ഥാനം ഉണ്ടാക്കാനുമുള്ള പൂർണ്ണ അധികാരം ഇന്ത്യൻ പാർലമെന്റിനാണ്. എന്നിരുന്നാലും പാർലമെന്റിന്റെ ഏതെങ്കിലും സഭയിൽ ഇത്തരം ഒരു ബില്ല് അവതരിപ്പിക്കുന്നതിന് മുൻപ് ഇന്ത്യൻ രാഷ്ട്രപതിയുടെ മുൻകൂർ അനുമതിയോ ശുപാർശയോ വേണം.
ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുൻപ് രാഷ്ട്രപതി പ്രസ്തുത വിഷയം ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അഭിപ്രായത്തിനായി അയക്കും. സംസ്ഥാന നിയമസഭ തങ്ങളുടെ അഭിപ്രായം അറിയിക്കേണ്ട സമയപരിധി നിശ്ചയിക്കുന്നതും ആവശ്യമെങ്കിൽ ആ സമയം നീട്ടിനൽകുന്നതും രാഷ്ട്രപതിയാണ്. എന്നാൽ സംസ്ഥാന നിയമസഭ നൽകുന്ന അഭിപ്രായം പാർലമെന്റിന് സ്വീകരിക്കണമെന്ന് നിർബന്ധമില്ല. സംസ്ഥാന നിയമസഭ രേഖപ്പെടുത്തുന്ന അഭിപ്രായം ഉപദേശം മാത്രമാണ്. നിയമസഭ നൽകുന്ന അഭിപ്രായം അംഗീകരിക്കാനോ സ്വീകരിക്കാനോ പാർലമെന്റിന് നിയമപരമായ ബാധ്യതയില്ല. സംസ്ഥാന നിയമസഭ വിഭജന നിർദ്ദേശത്തോട് വിയോജിക്കുകയോ നിർദ്ദേശം നിരസിക്കുകയോ,സമയപരിധിക്കുള്ളിൽ മറുപടി നൽകുന്നതിൽ പരാജയപ്പെടുകയോ ചെയ്താലും പാർലമെന്റിന് വിഭജന നിയമനിർമ്മാണവുമായി മുന്നോട്ട് പോകാൻ സാധിക്കും. പാർലമെന്റിലെ ഇരുസഭകളിലും സാധാരണ ഭൂരിപക്ഷത്തോടെ ബില്ല് പാസാക്കിയാൽ വിഭജനം നിയമപരമായി നടപ്പിലാകും. ഇതിനായി ഭരണഘടനാ ഭേദഗതി ആവശ്യമില്ല.
ഒരു സംസ്ഥാനത്തിൽ നിന്ന് പ്രദേശം വേർപെടുത്തിയോ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളെയോ പ്രദേശങ്ങളെയോ കൂട്ടിച്ചേർത്തോ പുതിയ സംസ്ഥാനം രൂപീകരിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. സംസ്ഥാനങ്ങളുടെ വിസ്തൃതി കൂട്ടാനോ കുറയ്ക്കാനോ, അതിർത്തികൾ മാറ്റാനോ, പേര് മാറ്റാനോ പാർലമെന്റിന് നിയമനിർമ്മാണം നടത്താം. ഈ അധികാരപരിധിയിൽ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു.
ഉത്തർപ്രദേശ് ഇതിനുമുമ്പ് അവസാനമായി വിഭജിക്കപ്പെട്ടതും പുനഃസംഘടിപ്പിക്കപ്പെട്ടതും 2000-ൽ എൻ.ഡി.എ സർക്കാരിന്റെ ഭരണകാലത്താണ്. ഉത്തർപ്രദേശിൽ നിന്ന് ഉത്തരാഞ്ചൽ (ഇപ്പോഴത്തെ ഉത്തരാഖണ്ഡ്) എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരമാണ് ഛത്തീസ്ഗഢ്, ഝാർഖണ്ഡ് എന്നിവയ്ക്കൊപ്പം ഉത്തരാഞ്ചലും രൂപീകരിച്ചത്.
2011ൽ അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായിരുന്ന മായാവതിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ നാല് ഭാഗങ്ങളായി വിഭജിക്കാനുള്ള പ്രമേയം ഉത്തർപ്രദേശ് നിയമസഭയിൽ പാസാക്കിയിരുന്നു.
ഈ പ്രമേയം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി അയച്ചുകൊടുത്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരോ പാർലമെന്റോ ഇതിന് അംഗീകാരം നൽകുകയോ തുടർനടപടികളിലേക്ക് കടക്കുകയോ ചെയ്തില്ല.
പൂർവാഞ്ചൽ, പശ്ചിമ പ്രദേശ്, അവധ് പ്രദേശ്, ബുന്ദേൽഖണ്ഡ് എന്നീ നാല് പ്രദേശങ്ങളായിരുന്നു മായാവതി മുന്നോട്ടുവെച്ചത്. പൂർവാഞ്ചൽ, മധ്യഞ്ചൽ, ബുന്ദേൽഖണ്ഡ്, ഹരിത് പ്രദേശ് എന്നീ മേഖലകളാണ് ഓം പ്രകാശ് രാജ്ഭർ നിർദേശിക്കുന്നത്.
Content Highlights: Om Prakash Rajbhar's proposal to divide Uttar Pradesh into four states ignites significant political debates, despite no legislative action taken by Parliament.
Published: 21 Sept 2026, 08:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented