ന്യൂഡൽഹി: വർഷകാലസമ്മേളനം പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് പത്തുദിവസം പിന്നിട്ടിട്ടും സമ്മേളനം ഔദ്യോഗികമായി സമാപിപ്പിക്കുന്ന വിജ്ഞാപനം (പ്രോറോഗ്) പുറപ്പെടുവിച്ചില്ല. ഇതോടെ, പുതിയ സമ്മേളനം വിളിച്ചുചേർക്കാതെ ഒരു വിവാദബിൽ പാസാക്കാൻ സർക്കാർ ശ്രമംതുടരുന്നു എന്ന അഭ്യൂഹം ശക്തമായി. വനിതാസംവരണഭേദഗതിയുമായി ബന്ധപ്പെടുത്തി മണ്ഡലപുനഃസംഘടനയ്ക്കുള്ള ഭരണഘടനാഭേദഗതിബിൽ പാസാക്കാൻ ലക്ഷ്യമിട്ടാണ് സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതെന്ന് പ്രതിപക്ഷപാർട്ടികൾ കരുതുന്നു.
ലോക്സഭയും രാജ്യസഭയും ഓഗസ്റ്റ് 13-നാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. സാധാരണ സഭാസമ്മേളനം അവസാനിച്ചെന്ന വിജ്ഞാപനം സഭപിരിഞ് നാലോ അഞ്ചോ ദിവസങ്ങൾക്കകം വരേണ്ടതാണ്. എന്നാൽ, ഞായറാഴ്ച രാവിലെവരെ വിജ്ഞാപനം വന്നിട്ടില്ല. കേന്ദ്രസർക്കാർ ശുപാർശപ്രകാരം രാഷ്ട്രപതിയാണ് സമ്മേളനം വിളിച്ചുചേർക്കുന്നതും അവസാനിപ്പിക്കുന്നതും
എൻ.ഡി.എ. സർക്കാരിനെ സംബന്ധിച്ച് ലോക്സഭാസീറ്റുകളുടെ എണ്ണം ഉയർത്തുന്ന മണ്ഡല പുനഃസംഘടനാബിൽ രാഷ്ട്രീയമായി വളരെ പ്രധാനമാണ്. ബജറ്റ് സമ്മേളനത്തിൽ മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിക്കാതെ ഭരണഘടനാഭേദഗതിബിൽ പരാജയപ്പെട്ടിരുന്നു. വർഷകാലസമ്മേളനത്തിൽ ഇത് പുതിയരീതിയിൽ കൊണ്ടുവരാനും മൂന്നിൽരണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാനും പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഈസാഹചര്യത്തിൽ ബിൽ വീണ്ടും അവതരിപ്പിക്കാൻ സർക്കാർ നീക്കംനടത്തുമെന്ന അഭ്യൂഹം ശക്തമാണ്.
ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതും തമ്മിലുള്ള ഇടവേള സാധാരണനിലയിൽ രണ്ടുമുതൽ നാലുവരെ ദിവസങ്ങളാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.
മണ്ഡല പുനഃസംഘടനയ്ക്കുള്ള ഭരണഘടനാഭേദഗതിബില്ലിനായി പ്രത്യേക സമ്മേളനം വിളിച്ച് വളഞ്ഞ മാർഗങ്ങളിലൂടെ കരിപുരണ്ട മൂന്നിൽരണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് ജയറാം രമേഷ് പരിഹസിച്ചു. അമിത് ഷാ അധ്യക്ഷതവഹിച്ച തെക്കൻ മേഖലാ കൗൺസിൽ യോഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഈ വിഷയം ഉയർത്തിയിരുന്നു. ഇതോടെയാണ് ബിൽ വീണ്ടും കൊണ്ടുവരുമെന്ന ആഭ്യൂഹം ശക്തമായത്.
Content Highlights: Parliament houses remain unprorogued 10 days after the monsoon session adjourned indefinitely., Opposition suspects government plans to pass the delimitation and women's reservation constitutional amendment bill., Jairam Ramesh criticizes the central government over potential backdoor methods to secure a two-thirds majority., The issue gained traction following discussions at the Southern Zonal Council meeting.
Published: 24 Aug 2026, 07:54 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented