
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ 'ബ്ലാക്ക് ബോക്‌സ്' സ്ഥലത്തുനിന്ന് കണ്ടെടുത്തതായും ഇതിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്യുന്നതിലൂടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം നടത്തിവരികയാണെന്നും ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ഏജന്‍സികളും ഉന്നതതലസമിതികളും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വ്യോമയാനമേഖലയില്‍ രാജ്യത്തിന് കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. അഹമ്മദാബാദിലെ അപകടത്തിന് പിന്നാലെ ബോയിങ് 787 സീരിസിലെ വിമാനങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തേണ്ട ആവശ്യകതയുണ്ടെന്ന് തോന്നി. അതിനാല്‍ ബോയിങ് 787 വിമാനങ്ങള്‍ നിരീക്ഷിക്കാനായി ഡിജിസിഎ ഉത്തരവിട്ടിട്ടെന്നും എട്ടുവിമാനങ്ങള്‍ ഇതിനകം പരിശോധിച്ചെന്നും ഉടന്‍തന്നെ മുഴുവന്‍ പരിശോധനയും പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടം രാജ്യത്തെയാകെ നടുക്കിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയുംചെയ്തു. അപകടത്തിന് പിന്നാലെ താന്‍ നേരിട്ട് സ്ഥലത്തെത്തിയെന്നും അവിടെ എത്തിയപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാസംവിധാനങ്ങളും സാധ്യമായതെല്ലാം ചെയ്യുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ജൂണ്‍ 12-ാം തീയതി രണ്ടുമണിക്കാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്നുവീണെന്ന വിവരം ലഭിച്ചതെന്ന് വ്യോമയാന മന്ത്രാലയ സെക്രട്ടറി സാമിര്‍ കുമാര്‍ സിന്‍ഹയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എടിസി അഹമ്മദാബാദില്‍നിന്ന് വളരെപെട്ടെന്ന് ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ ലഭിച്ചു. 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് 1.39-നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഏകദേശം 650 അടി ഉയരത്തില്‍വെച്ച് വിമാനം താഴാന്‍ തുടങ്ങി. പൈലറ്റ് അഹമ്മദാബാദ് എടിസിയിലേക്ക് 'മെയ്‌ദേ' സന്ദേശം കൈമാറി. എന്നാല്‍, എടിസിയില്‍നിന്ന് വിമാനത്തിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഏകദേശം ഒരുമിനിറ്റിന് ശേഷം വിമാനത്താവളത്തില്‍നിന്ന് രണ്ടുകിലോമീറ്ററോളം അകലെയുള്ള മേധാനിനഗറില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സുമിത് സബര്‍വാള്‍ ആയിരുന്നു വിമാനത്തിന്റെ ക്യാപ്റ്റന്‍. ക്ലൈവ് സുന്ദര്‍ ഫസ്റ്റ് ഓഫീസറും. ഈ അപകടത്തിന് മുമ്പ് ഇതേ വിമാനം പാരീസ്-ഡല്‍ഹി-അഹമ്മദാബാദ് സെക്ടറില്‍ യാതൊരു അപകടവും കൂടാതെ സര്‍വീസ് പൂര്‍ത്തിയാക്കിയിരുന്നു. അപകടത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 2.30-ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ റണ്‍വേ അടച്ചു. തുടര്‍ന്ന് എല്ലാ പ്രോട്ടോക്കോളുകളും പൂര്‍ത്തിയാക്കിയശേഷം വൈകീട്ട് അഞ്ചുമണിയോടെയാണ് റണ്‍വേ തുറന്നുകൊടുത്തതെന്നും കേന്ദ്ര വ്യോമയാന സെക്രട്ടറി വിശദീകരിച്ചു.
Content Highlights: aviation minister confirms the black box recovery from the Ahmedabad plane crash.
Published: 14 Jun 2025, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented