പുല്ലാട്: പുതിയ വീടുവെച്ച മകൾ ഇന്നില്ലെങ്കിലും കൊച്ചുമക്കളോടൊപ്പം ദീപ്തമായ ഓർമ്മകളുമായി അമ്മ. സ്നേഹവാത്സല്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചിരുന്ന അമ്മ ഓർമ്മയായതിന്റെ വേദനയിൽ രണ്ട് മക്കൾ. പത്തനംതിട്ട പുല്ലാട് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത (39), എയർ ഇന്ത്യ വിമാനത്തിൽ ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ വിമാനാപകടത്തിൽ മരിച്ചിട്ട് വെള്ളിയാഴ്ച ഒരുവർഷം തികയുന്നു.

To advertise here,

2025 ജൂൺ 12-ന് അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ 246 പേരാണ് കൊല്ലപ്പെട്ടത്. രഞ്ജിതയുടെ മക്കളായ ഇന്ദുചൂഡനും ഇതികയും അമ്മൂമ്മ തുളസി ജി.നായർക്ക് ഒപ്പം പുതിയ വീട്ടിലുണ്ട്.

രഞ്ജിത ജില്ലാ ആശുപത്രിയിൽ 2019-ൽ ജോലിയിൽ പ്രവേശിച്ചിരുന്നു. പിന്നീട് അവധിയെടുത്ത് വിദേശത്ത് ജോലിക്കുപോയി. മരിക്കുന്നതിന് ഒരുമാസംമുമ്പ് ലണ്ടനിലെ ജോലി അവസാനിപ്പിച്ച് തിരികെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജോലിക്കുകയറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതാണ്.

എന്നാൽ, അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്താൻ വിട്ടുപോയി. ഇതുചെയ്യാനാണ് ഇവർ വീണ്ടും ജൂണിൽ നാട്ടിലെത്തിയത്. ഇംഗ്ലണ്ടിലെ ജോലി അവസാനിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് വീണ്ടും അവിടേക്ക് പോയത്. ആ യാത്ര അവസാനത്തേതായി.

തിരിച്ചുവരുന്നതിനുമുമ്പ് വീടുപണി പൂർത്തിയാക്കാനും ലക്ഷ്യമിട്ടു. എന്നാൽ, രഞ്ജിതയുടെ മരണശേഷമാണ് വീടുപണി പൂർത്തിയാക്കാനായത്. അപകടത്തെത്തുടർന്ന് വിമാനക്കമ്പനി നഷ്ടപരിഹാരം നൽകിയിരുന്നു. ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി യാത്രക്കാരുടെ ബന്ധുക്കളുടെ കൂട്ടായ്മ ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസിൽ രഞ്ജിതയുടെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്.

ഒരുവർഷം പിന്നിടുമ്പോഴും മകളുടെ നിക്ഷേപവും ചിട്ടിക്ക് അടച്ച പണവും തിരികെ ലഭിച്ചിട്ടില്ലെന്ന് രഞ്ജിതയുടെ മാതാവ് തുളസി പറയുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ പുല്ലാട്ടെ ബ്രാഞ്ച് തുക നൽകിയെങ്കിലും കോഴഞ്ചേരി ബ്രാഞ്ച് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണ്. ബാങ്ക് നിക്ഷേപവും ഇൻഷുറൻസ് തുകയും കിട്ടുന്നതിനും ഇതേ പ്രതിസന്ധിയുണ്ട്.

സർക്കാർ സഹായം കിട്ടിയില്ല

സർക്കാരിൽനിന്ന് കുടുംബത്തിന് സാമ്പത്തികസഹായം ഒന്നും ലഭിച്ചില്ല. രഞ്ജിതയുടെ ഹാൻഡ് ബാഗും ചില സർട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ടെന്ന് ആറുമാസം മുമ്പ് വിമാനകമ്പനിയുടെ മെയിൽ വന്നിരുന്നു. എന്നാൽ, ഇതുവരെ കൈമാറിയിട്ടില്ല.

അപകടത്തിൽപ്പെട്ടപ്പോൾ ധരിച്ചിരുന്ന മാലയും വളയും നേരത്തെ തിരികെ നൽകിയിരുന്നു. സഹോദരങ്ങൾ പലപ്രാവശ്യം വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല.

രഞ്ജിത മരിച്ച നാളിൽ കുടുംബം തോട്ടപ്പള്ളിയിൽ പോയി ബലിതർപ്പണം നടത്തിയിരുന്നു. വെള്ളിയാഴ്ച രഞ്ജിതയുടെ സഹോദരനും ബന്ധുക്കളും വീട്ടിൽ ഒത്തുചേരും. പഠിച്ച് ഐ.എസ്.ആർ.ഒ.യിൽ ജോലി ചെയ്യണമെന്നാണ് ഇന്ദുചൂഡന്റെ ആഗ്രഹം. മകൾ ഇതിക എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.