
അഹമ്മദാബാദ്: ഒരു വർഷമായിട്ടും മേഘാനി നഗറിലെ എയർ ഇന്ത്യ വിമാനാപകട സ്ഥലത്ത് കാലം യാതൊരുമാറ്റവും വരുത്തിയിട്ടില്ല. കടുത്തചൂടിൽ ഉണങ്ങിപ്പോയ ചില മരങ്ങൾ പച്ചപിടിക്കാൻ നടത്തുന്ന പരിശ്രമംമാത്രമാണ് ഒരു വ്യത്യാസം. 260 പേരുടെ മരണത്തിനിടയാക്കിയ എയർഇന്ത്യ വിമാനം ബി.ജെ. മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടങ്ങൾക്കുമേൽ പതിച്ചത് 2025 ജൂൺ 12-നാണ്.
മെസ് കെട്ടിടത്തിന്റെ മുകളിലെ വാട്ടർ ടാങ്ക് ചെരിഞ്ഞുകിടക്കുന്നു. വിമാനം ഇടിച്ചുകയറിയ ഭിത്തി വാ പിളർന്നുനിൽക്കുന്നു. മറ്റ് നാല് ഹോസ്റ്റൽ കെട്ടിടങ്ങളും കണ്ടാൽ അപകടം നടന്ന് അധികദിവസമായിട്ടില്ലെന്നേ തോന്നൂ. കരിവീണ ചുവരുകൾ, എഴുന്നുനിൽക്കുന്ന കമ്പികൾ, കത്തിയ ജനലുകളിലൂടെ കാണുന്ന കരിഞ്ഞ അലമാരകൾ... ആ അഞ്ചുനില കെട്ടിടം ദുരന്തത്തിന്റെ അസ്ഥികൂടംപോലെ ഉയർന്നുനിൽക്കുന്നു.
‘ആ കാറുകളൊക്കെ കഴുകിയിരുന്നത് ഞങ്ങളാണ്.’- കത്തിക്കിടക്കുന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങളിലേക്ക് ചൂണ്ടി ജ്യോത്സ്നാ ബെൻ പറഞ്ഞു. ഹോസ്റ്റലിലെയും പരിസരത്തെ സൊസൈറ്റികളിലെയും വാഹനങ്ങൾ കഴുകിജീവിക്കുന്ന കുടുംബമാണ്. അപകടസ്ഥലത്ത് സന്ദർശകരുണ്ട്. ഒന്നാം വാർഷികമായ വെള്ളിയാഴ്ച കൂടുതൽ ആളുകളെത്തും.
മെഡിക്കൽ കോളേജ് വിദ്യാർഥികൾ മരിച്ച സഹപാഠികളുടെ ഓർമ്മയ്ക്കായി പ്രാർഥനയും രക്തദാന ക്യാമ്പും നടത്തുന്നുണ്ട്. അപകടത്തിൽ രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാർ രമേഷ് (38) കുടുംബസമേതം ലണ്ടനിലാണ്.
മരിച്ച മലയാളിവനിത രഞ്ജിതയെ തിരിച്ചറിഞ്ഞത് പത്താം ദിവസമാണ്. ദുരന്തസ്ഥലത്തുനിന്ന് കിട്ടിയ സാധനങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്ന പ്രക്രിയ ഇപ്പോഴും എയർ ഇന്ത്യ പൂർത്തിയാക്കിയിട്ടില്ല. 139 പേർക്ക് ഉറ്റവരുടെ കരസ്പർശമുള്ള വസ്തുക്കൾ ലഭിച്ചു.
ഹോസ്റ്റൽ കെട്ടിടം പൊളിച്ച് പുതിയ സമുച്ചയം നിർമിക്കാനാണ് സർക്കാരിന്റെ നീക്കം. എന്നാൽ, ഇവിടെ സ്മാരകം നിർമിക്കണമെന്ന് ചില കുടുംബങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പുതിയ ഹോസ്റ്റൽ പണിതാലും ദുരന്തത്തിന്റെ ഓർമ്മയ്ക്കായി ഒരിടം നീക്കിവെച്ചേക്കും.
എയർ ഇന്ത്യ ഇന്ന് മൗനം ആചരിക്കും
ന്യൂഡൽഹി: വിമാനാപകടത്തിൽ ജീവൻപൊലിഞ്ഞവർക്ക് ആദരസൂചകമായി വെള്ളിയാഴ്ച എയർ ഇന്ത്യയുടെ ജീവനക്കാർ മൗനമാചരിക്കും. ഉച്ചയ്ക്ക് 1.39-നും 1.41-നും ഇടയിലാവും മൗനാചരണം. എന്നാൽ, എയർപോർട്ട് ചെക്ക് ഇൻ കൗണ്ടറുകളിലും അവശ്യസേവന വിഭാഗങ്ങളിലും പ്രവർത്തനതടസ്സങ്ങളുണ്ടാകില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു.
Content Highlights: First anniversary of the 2025 Air India crash in Ahmedabad. The disaster claimed 260 lives at the BJ Medical College hostel site. Air India will observe a moment of silence on the anniversary. Ongoing debates regarding the construction of a memorial vs. new hostel facilities. Status of personal belonging returns to victims' families remains incomplete.
Published: 12 Jun 2026, 07:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented