ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെ സാമൂഹിക മാധ്യമങ്ങളിൽ ശിവസ്തുതി പങ്കുവെച്ച് രാഹുൽ ഗാന്ധി. മൂന്ന് വെള്ള വരകളും മധ്യത്തിൽ ചുവന്ന തിലകവുമുള്ള ശിവ ചിഹ്നത്തോടൊപ്പം 'സത്യം ശിവം സുന്ദരം' എന്ന സംസ്‌കൃത വാക്യവുമാണ് രാഹുൽ പങ്കുവെച്ചത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾക്കും എതിരെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള 'ഇന്ത്യ' മുന്നണി നേതാക്കൾ നൽകിയ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ പോസ്റ്റ്.
വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ പ്രക്രിയയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായി കടുത്ത ഏറ്റുമുട്ടലിലാണ് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും. വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങളുടെ കൂട്ടായ അധികാരം ഏകപക്ഷീയമായും അനിയന്ത്രിതമായും ഉപയോഗിച്ചുവെന്നാണ് രാഹുൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്. മറ്റു തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ അറിവോ അംഗീകാരമോ ഇല്ലാതെയാണോ തീരുമാനങ്ങൾ എടുത്തതെന്ന് ഹർജി ചോദ്യം ചെയ്യുന്നു.
വോട്ടർ എന്റോൾമെന്റ് ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ, ഇലക്ടറൽ ഡാറ്റാബേസിന്റെ പ്രവർത്തനം, ആവശ്യമായ നോട്ടീസോ പുനഃസ്ഥാപിക്കാനുള്ള വ്യക്തമായ സംവിധാനമോ ഇല്ലാതെ വോട്ടർമാരെ ഒഴിവാക്കൽ എന്നിവയിലും ഇന്ത്യാ മുന്നണി നേതാക്കൾ ഹർജിയിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ അനുമതി നൽകുക, വോട്ടർമാരെ ഒഴിവാക്കിയതിലും മാറ്റങ്ങൾ വരുത്തിയതിലും സ്വതന്ത്ര ഓഡിറ്റ് നടത്തുക, കേസിൽ അന്തിമ തീരുമാനമാകുന്നതുവരെ നിലവിലെ വിജ്ഞാപന പ്രകാരമുള്ള നടപടികൾ നിർത്തിവെക്കുക എന്നിവയാണ് ഹർജിക്കാരുടെ പ്രധാന ആവശ്യങ്ങൾ.
അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷൻ തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളും ഏകകണ്ഠമായി എടുത്ത തീരുമാനങ്ങളാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി പ്രവർത്തിച്ചിട്ടില്ലെന്നും കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. കേവലം ഒരു മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ ഹർജിയെന്നുമാണ് കമ്മിഷൻ വാദിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകളും വോട്ട് ചോരിയും ആരോപിച്ച് നേരത്തെ രാഹുൽ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികളോടും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോടും പൊതുജനങ്ങളോടും ഇതിൽ പങ്കുചേരാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
Content Highlights: Supreme Court hears petitions regarding the Election Commission's SIR process., Rahul Gandhi shared a Shiva symbol and 'Satyam Shivam Sundaram' on social media., INDIA bloc leaders allege unilateral decision-making by Chief Election Commissioner Gyanesh Kumar., Election Commission denies allegations, stating decisions were unanimous among all three members.
Published: 27 Oct 2026, 09:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented