ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അതിർത്തിയുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസിനെതിരേ  രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യൻ സൈന്യത്തെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്തുന്നതിനായി എഐ ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

കഴിഞ്ഞദിവസം സൈനിക നടപടികളുമായി ബന്ധപ്പെട്ട ഏതാനും വീഡിയോ കോൺഗ്രസ് വക്താവ് റിതു ചൗധരി ഉൾപ്പെടെ ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, ഇത് വാസ്തവവിരുദ്ധമാണെന്ന് വിശദീകരിച്ച് സൈന്യം രംഗത്തെത്തുകയും ചെയ്തു.

ചൈനീസ് സൈനിക വാഹനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് അനധികൃതമായി കടന്നുകയറിയെന്ന തരത്തിലുള്ളതായിരുന്നു ഒരു ദൃശ്യം. എന്നാൽ, പ്രചരിച്ച വീഡിയോ സിക്കിമിലെ നാഥുലാ ചുരത്തിൽനിന്നുള്ളതാണെന്ന് സൈന്യം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾ പ്രകാരം അംഗീകൃത രീതിയിൽ നടക്കുന്ന അതിർത്തി വ്യാപാരത്തിനായുള്ള ചൈനീസ് വാണിജ്യ വാഹനങ്ങളുടെ സഞ്ചാരത്തെയാണ് കടന്നുകയറ്റമായി തെറ്റായി ചിത്രീകരിച്ചതെന്നും സൈന്യം വിശദീകരിക്കുകയുണ്ടായി.

അരുണാചൽ പ്രദേശിലെ അസാഫില, ലോങ്ജു, തക്സിങ് മേഖലകൾ ചൈന പിടിച്ചെടുത്തെന്നും സൈന്യത്തിന് അവശ്യസാധനങ്ങൾ ലഭിക്കുന്നില്ലെന്നും ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയ പറയുന്ന രീതിയിലുള്ള വീഡിയോ ആണ് പ്രചരിക്കുന്ന മറ്റൊന്ന്. ഇത് എഐ ഉപയോഗിച്ച് നിർമിച്ച ഡീപ്‌ഫേക്ക് വീഡിയോ ആണെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. 2023 ഒക്ടോബർ 27-ന് ജമ്മു കശ്മീരിലെ കുപ്വാരയിൽവെച്ച് അതിർത്തികടന്നുള്ള ഭീകരവാദ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിന്റെ പഴയ ദൃശ്യങ്ങളിൽ മാറ്റംവരുത്തിയാണ് ഈ വ്യാജ പ്രചാരണം നടത്തിയത്.

തെറ്റായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെതിരെയാണ് കിരൺ റിജിജു രംഗത്തെത്തിയത്. രാജ്യത്തിന്റെ ശത്രുക്കൾക്ക് അനുകൂലമായ രീതിയിൽ സൈന്യത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്നത് രാജ്യദ്രോഹത്തിന് തുല്യമായ പ്രവൃത്തിയാണെന്ന് അരുണാചൽ പ്രദേശിൽനിന്നുള്ള എം.പി കൂടിയായ കിരൺ റിജിജു കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ സൈനികവിരുദ്ധ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബി.ജെ.പി വക്താവ് സി.ആർ. കേശവനും ആരോപിച്ചു.