അഹമ്മദാബാദ്: 260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ AI-171 വിമാന അപകടവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകൾ പുറത്ത്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിങ് സംവിധാനത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി സിവിൽ വ്യോമയാന സഹമന്ത്രി മുരളിധർ മൊഹോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്തിന്റെ യഥാർത്ഥ നിർമ്മാതാക്കൾ നടത്തിയ നൂതന പരിശോധനകളിൽ ഇന്ധന നിയന്ത്രണ സ്വിച്ചിലോ അതിന്റെ ലോക്കിങ് സംവിധാനത്തിലോ യാതൊരു തകരാറും കണ്ടെത്താനായില്ലെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ പറഞ്ഞു.
ഈ വിമാനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) തുടർച്ചയായ പരിശോധനകൾക്ക് ഉത്തരവിട്ടിരുന്നു. ഇന്ധന സ്വിച്ചിന്റെ കാര്യത്തിൽ വ്യക്തത വന്നെങ്കിലും, വിമാനത്തിന്റെ ത്രസ്റ്റ് കൺട്രോൾ മോഡ്യൂളിന്റെ വിശദമായ പരിശോധന സിയാറ്റിലിലെ നിർമ്മാണ ശാലയിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലങ്ങൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. അപകടത്തിലേക്ക് നയിച്ചേക്കാവുന്ന സാധ്യമായ എല്ലാ ഘടകങ്ങളെക്കുറിച്ചും നിലവിൽ സൂക്ഷ്മമായ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നു എന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാർ തള്ളി. വലിയ വിമാനാപകടങ്ങളിലെ അന്വേഷണങ്ങൾ പുതിയ തെളിവുകൾ പുറത്തുവരുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നും അതിന് കൃത്യമായ സമയപരിധി നിശ്ചയിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. അന്വേഷണം ഇപ്പോൾ അന്തിമഘട്ടത്തിലാണെന്നും നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ അന്തിമ റിപ്പോർട്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2025 ജൂൺ 12-നാണ് വിമാനാപകടം നടന്നത്. ലണ്ടനിലേക്കുള്ള എ.ഐ.171 ബോയിങ് 787 ഡ്രീം ലൈനർ അഹമ്മദാബാദിൽ തകർന്നത്. ജീവനക്കാരുൾപ്പെടെ വിമാനത്തിലെ 242 പേരിൽ ഒരാൾമാത്രമാണ് രക്ഷപ്പെട്ടത്. ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലും പരിസരത്തുമുണ്ടായിരുന്ന 19 പേരും മരിച്ചു.
Content Highlights: Government reports no abnormalities in the Air India AI-171 fuel switch mechanism. AAIB crash investigation.
Published: 29 Jul 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented