ന്യൂഡൽഹി: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടം നടന്നിട്ട് വ്യാഴാഴ്ച ഒരു വർഷം പൂർത്തിയാകുമ്പോഴും അപകടകാരണം കണ്ടെത്താനാകാതെ അന്വേഷണ ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി). നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അപകടത്തിന് കാരണമായേക്കാവുന്ന എല്ലാ ഘടകങ്ങളും പരിശോധിച്ചു വരികയാണെന്നും അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും  ഏജൻസി വ്യാഴാഴ്ച അറിയിച്ചു.

To advertise here,

കഴിഞ്ഞ ഒരു വർഷമായി വിമാനത്തിന്റെ സാങ്കേതിക വശങ്ങൾ, പ്രവർത്തന രീതികൾ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന വീഴ്ചകൾ, മാനുഷിക ഘടകങ്ങൾ എന്നിവ എഎഐബി പരിശോധിച്ചു വരികയാണ്. വിമാനത്തിലെ വിവിധ സംവിധാനങ്ങൾ, ഫ്ലൈറ്റ് റെക്കോർഡർ ഡാറ്റ, എഞ്ചിൻ ഭാഗങ്ങൾ, വിമാനത്തിന്റെ അറ്റകുറ്റപ്പണി രേഖകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ വിദഗ്ധ സംഘം വിശകലനം ചെയ്തു. അംഗീകൃത പ്രതിനിധികൾ, സാങ്കേതിക ഉപദേഷ്ടാക്കൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവരുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നടപടികൾ പുരോഗമിക്കുന്നത്.

അപകടത്തെക്കുറിച്ചുള്ള പ്രാഥമിക വസ്തുതാ റിപ്പോർട്ട് 2025 ജൂലൈ 12-ന് പുറത്തുവിട്ടിരുന്നു. എന്നാൽ അന്തിമ അന്വേഷണ റിപ്പോർട്ട് എപ്പോൾ സമർപ്പിക്കുമെന്ന കാര്യത്തിൽ എഎഐബി സമയപരിധി നിശ്ചയിച്ചിട്ടില്ല. അന്വേഷണ നടപടികളും ഐസിഎഒ നിർദേശിക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനകളും പൂർത്തിയായ ശേഷമേ റിപ്പോർട്ട് പ്രസിദ്ധീകരിക്കൂ. അപകടത്തിന്റെ ഉത്തരവാദിത്തം ആരുടെയെങ്കിലും മേൽ ചുമത്തുക എന്നതല്ല അന്വേഷണത്തിന്റെ ലക്ഷ്യമെന്നും, മറിച്ച് അപകടത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഭാവിയിൽ വിമാനയാത്ര കൂടുതൽ സുരക്ഷിതമാക്കുന്നതാണ് മുൻഗണനയെന്നും എഎഐബി അറിയിച്ചു.

2025 ജൂൺ 12-നാണ് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ-171 (ബോയിങ് 787-8) വിമാനം അപകടത്തിൽപ്പെട്ടത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന് 30 സെക്കൻഡിനുള്ളിൽ വിമാനം അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയത്തിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. വിമാനം കെട്ടിടത്തിന് മുകളിൽ വീണതിനെത്തുടർന്ന് 260-ഓളം പേർക്കാണ് ജീവൻ നഷ്ടമായതായത്.