ന്യൂയോർക്ക് സിറ്റി: ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ അടിയന്തിരമായി സമഗ്രമായ പരിഷ്കരണങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. രക്ഷാസമിതി അംഗങ്ങളുടെ അംഗത്വ വിഭാഗങ്ങൾ, പ്രാദേശിക പ്രാതിനിധ്യം, സമിതിയുടെ വലുപ്പം, പ്രവർത്തന രീതികൾ, വീറ്റോ അധികാരം എന്നീ അഞ്ച് പ്രധാന മേഖലകളിലും ഒരേസമയം പുരോഗതി ഉണ്ടാകണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ് ആവശ്യപ്പെട്ടു.
നിലവിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ അഞ്ച് സ്ഥിരം അംഗരാജ്യങ്ങൾക്ക് (പി5) മാത്രമാണ് രക്ഷാസമിതിയിൽ വീറ്റോ അധികാരമുള്ളത്. ഈ പ്രത്യേക അധികാരം വലിയ ഉത്തരവാദിത്തമുള്ള ഒന്നാണെന്നും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്ന കാര്യങ്ങളിൽ ഇത് വളരെ നിയന്ത്രണത്തോടെ മാത്രമേ ഉപയോഗിക്കാവൂ എന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമായി വീറ്റോ അധികാരത്തെ മാറ്റരുതെന്നും പർവ്വതനേനി ഹരീഷ് ഓർമ്മിപ്പിച്ചു.
യു.എൻ ചരിത്രത്തിൽ ഇതുവരെ ഏകദേശം 200 പ്രമേയങ്ങളിലായി 331 തവണ വീറ്റോ അധികാരം പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി. ഇതിൽ അഞ്ച് സ്ഥിരം അംഗങ്ങളിൽ രണ്ട് രാജ്യങ്ങൾ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി വീറ്റോ ഉപയോഗിച്ചിട്ടില്ലെന്നും, മിക്ക വീറ്റോ പ്രയോഗങ്ങളും ഭീഷണികളും മൂന്ന് രാജ്യങ്ങളിൽ നിന്ന് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. വീറ്റോ പ്രയോഗിക്കുമ്പോഴെല്ലാം യു.എൻ പൊതുസഭയിൽ ചർച്ച നടത്താൻ വ്യവസ്ഥ ചെയ്ത 2022-ലെ വീറ്റോ ഇനിഷ്യേറ്റീവ് മാറ്റത്തിന്റെ സൂചനയായിരുന്നെങ്കിലും, അതിനുശേഷവും വീറ്റോ ഉപയോഗത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
രക്ഷാസമിതിയിൽ പുതുതായി വരുന്ന എല്ലാ സ്ഥിരം അംഗങ്ങൾക്കും ഒരുപോലെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ലഭിക്കണമെന്നും നീതിയും നിഷ്പക്ഷതയും ഇതാണ് ആവശ്യപ്പെടുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. വീറ്റോ അധികാരമില്ലാത്ത പുതിയൊരു സ്ഥിരം അംഗത്വ വിഭാഗം സൃഷ്ടിക്കുന്നത് നിലവിലെ ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും ചർച്ചകളിലൂടെ പരിഷ്കരണങ്ങൾ വേഗത്തിലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വീറ്റോ അധികാരമില്ലാത്ത അംഗങ്ങളുടെ മറ്റൊരു വിഭാഗത്തെ സൃഷ്ടിച്ചുകൊണ്ട് രക്ഷാസമിതിയെ വിപുലീകരിക്കുന്ന പരിഷ്കരണം അവരെ ഫലത്തിൽ 'രണ്ടാം തരം' അംഗങ്ങളാക്കി മാറ്റുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. കൂടാതെ, ആഫ്രിക്കൻ യൂണിയന്റെ ഏകീകൃത നയമായ കോമൺ ആഫ്രിക്ക പൊസിഷന് ഇന്ത്യ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ചു.
Published: 27 Oct 2026, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented