
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പിശകുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ പോസ്റ്റിലെ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറച്ചിൽ. പോസ്റ്റിന്റെ 'ശൈലിയിലും' 'ഭാഷയിലും' ഖേദം പ്രകടിപ്പിച്ച് യുപി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസ് ക്ഷമാപണം നടത്തി.
'ഇതിൽവന്ന പോസ്റ്റിലെ പരാമർശങ്ങളുടെ സ്വഭാവവും ശൈലിയും, ഈ ഔദ്യോഗിക ഹാൻഡിലിൽ നിന്ന് പ്രതീക്ഷിക്കുന്ന ആശയവിനിമയ ശൈലിക്ക് അനുയോജ്യമല്ല. പോസ്റ്റിലെ പരാമർശങ്ങൾ മൂലം ഉണ്ടായ പ്രതിഷേധം ഞങ്ങൾ ഗൗരവമായി ശ്രദ്ധിച്ചിട്ടുണ്ട്. അതിൽ മാനസിക വിഷമവും അതൃപ്തിയും ഉണ്ടായവരോട് ഞങ്ങൾ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. ഇനി മുതൽ ഞങ്ങളുടെ ആശയവിനിമയം മാന്യവും ഔദ്യോഗികവുമായിരിക്കും' യുപി തിരഞ്ഞെടുപ്പ് കമ്മിഷൻ എക്സിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
'രാം നെ യാദവ് കോ മാരാ' (രാമൻ യാദവനെ കൊന്നു), 'ബികോം' തുടങ്ങിയ പേരുകൾ വോട്ടർമാരായി പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് വോട്ടർപ്പട്ടികയിലെ ഈ പിശക് ചൂണ്ടിക്കാട്ടി രംഗത്തെത്തി. 'എന്തുകൊണ്ടാണ് രാമൻ യാദവിനെമാത്രം കൊന്നതെന്നും നിങ്ങളുടെ കമ്പ്യൂട്ടർ ജാതിവാദിയാണോ? നിങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയാണോ നടപ്പിലാക്കുന്നത്' ചോദിച്ച് സഞ്ജയ് സിങ് എക്സിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിന് യുപി തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ മറുപടിയാണ് വിവാദങ്ങൾക്കിടയാക്കിയത്. രാമൻ യാദവിനെ കൊന്നു എന്ന് മാത്രമല്ല രാമൻ ശർമയെ കൊന്നു എന്നും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നായിരുന്നു യുപി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടിൽനിന്നുള്ള പ്രതികരണം.
'സമീപകാല ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ 'രാം നെ ശർമ്മ കൊ മാരാ' എന്നൊരു വിചിത്രമായ പേരുമുണ്ട്. കമ്പ്യൂട്ടറുകൾക്കോ സോഫ്റ്റ്വെയറുകൾക്കോ ജാതിയില്ല. ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി എന്നത് സമ്മതിക്കുന്നു, എന്നാൽ ഭാഗ്യവശാൽ, ആ തെറ്റിൽ പോലും ജാതി അടിസ്ഥാനമാക്കിയുള്ള ഒരു വിവേചനവും ഉണ്ടായിട്ടില്ല. രാമൻ ഒരു ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടയാളെയും കൊന്നില്ല എന്നതിന് ദൈവത്തിന് നന്ദി പറയണം, അല്ലാത്തപക്ഷം ജാതിയെന്ന ആരോപണത്തിന് പുറമേ വർഗീയത ആരോപിക്കുകയും ചെയ്തേനെ,' എന്നായിരുന്നു കമ്മിഷന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള പ്രതികരണം. ഇത് വിവാദമായതോടെയാണ് മാപ്പ് പറഞ്ഞ് ഇപ്പോൾ രംഗത്തെത്തിയത്.
Content Highlights: UP Chief Electoral Officer's office apologized for the tone and style of a controversial post regarding voter slip errors., Controversy sparked after bizarre names appeared on the voter list, questioned by AAP leader Sanjay Singh., The initial response from the election commission's handle trivialized the matter, leading to severe backlash and subsequent apology.
Published: 27 Oct 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented