ന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ അപൂര്‍വ്വതകളുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വം പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നതാണ് ആദ്യത്തെ സവിശേഷത. മലപ്പുറത്ത് കടലുണ്ടി പുഴയോരത്തെ പാണക്കാട്ടുള്ള കൊടപ്പനക്കല്‍ തറവാട്ടിലെ കാരണവരാണ് ലീഗിന്റെ പ്രസിഡന്റ്. 1973-ല്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് പൂക്കോയ തങ്ങള്‍  പ്രസിഡന്റായതോടെയാണ് ലീഗിന്റെ സിരാകേന്ദ്രം കൊടപ്പനക്കല്‍ തറവാടായത്. 

ലീഗിന്റെ ഉന്നത നേതൃത്വമാണെങ്കിലും കൊടപ്പനക്കല്‍ തറവാട്ടുകാര്‍ തിരഞ്ഞെടുപ്പിന് നില്‍ക്കാറില്ല. അധികാര രാഷ്ട്രീയത്തിലല്ല സാമൂഹ്യ സേവനത്തിലാണ് പാണക്കാട്ടെ തങ്ങള്‍മാര്‍ക്ക് താല്‍പര്യമെന്നാണ് ഇതിനുള്ള വിശദീകരണം. പേരുകൊണ്ട് അഖിലേന്ത്യ പാര്‍ട്ടിയാണെങ്കിലും ലീഗിന്റെ ഏറ്റവും വലിയ നേതാവ് കേരള സംസ്ഥാന പ്രസിഡന്റാണെന്നതാണ് മറ്റൊരു പ്രത്യേകത. 

അഖിലേന്ത്യ പ്രസിഡന്റായ തമിഴ്നാട്ടുകാരന്‍ ഫ്രൊഫ. കാദര്‍ മൊഹിയുദ്ദിനാണോ കേരള ഘടകം പ്രസിഡന്റായ ഹൈദരലി ശിഹാബ് തങ്ങളാണോ പാര്‍ട്ടിക്കുള്ളില്‍ കേമന്‍ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പാര്‍ട്ടി അണികള്‍ക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വരില്ല.

ഒരര്‍ത്ഥത്തില്‍ പണ്ട് കത്തോലിക്ക സഭയും ഭരണകൂടവും തമ്മിലുണ്ടായിരുന്ന ബന്ധം പോലെയാണിത്. ആത്മീയ കാര്യങ്ങള്‍ സഭ നോക്കും ഭരണം രാജാവും. പക്ഷേ, ആത്മീയതയില്‍ മാത്രമല്ല ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സഭ ഇടപെടുമെന്ന് വന്നപ്പോള്‍ ഇംഗ്ളണ്ടിലെ ഹെന്‍ട്രി എട്ടാമന്‍ രാജാവ് ഇടഞ്ഞു. പള്ളി വേറെ പള്ളിക്കൂടം വേറെ എന്ന നിലപാടാണ് രാജാവ് എടുത്തത്. അതോടെ ബ്രിട്ടനില്‍ സഭ രണ്ടായി. 

പാര്‍ട്ടി പ്രസിഡന്റ് ഒരു കുടുംബത്തിലെ കാരണവരായിരിക്കുമെന്നത് ജനാധിപത്യമാണോ എന്നൊന്നും ചോദിച്ച് വെറുതെ മെക്കിട്ട് കയറാന്‍ വരരുത്. നെഹ്രു കുടുംബമായാലും കരുണാനിധി കുടുംബമായാലും യാദവ് കുടുംബമായാലും ചില പാര്‍ട്ടികളില്‍ പരമാധികാരം പരമ്പരാഗതമാണ്. ലീഗിനെ പക്ഷേ, ഈ പാര്‍ട്ടികളില്‍നിന്നു വ്യത്യസ്തമാക്കുന്നത് പാര്‍ട്ടി പ്രസിഡന്റോ കുടുംബമോ  ഭരണകൂടത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കാറില്ല എന്നതാണ്. 1982-ല്‍ ലീഗില്‍നിന്ന് ഒരു മുഖ്യമന്ത്രി ഉണ്ടായപ്പോള്‍ ആ അവസരം സി.എച്ച്. മുഹമ്മദ് കോയയെ തേടിയെത്തിയത് ഈ പരിസരത്തിലായിരുന്നു.

അധികാരം പക്ഷേ, വലിയൊരു പ്രലോഭനമാണ്. പൂക്കോയ തങ്ങള്‍ക്കും മുഹമ്മദലി തങ്ങള്‍ക്കും ഹൈദരലി തങ്ങള്‍ക്കും മന്ത്രിസ്ഥാനങ്ങളോട് ആസക്തിയുണ്ടായില്ല എന്നതുകൊണ്ട് കുടുംബത്തിലെ പുതുതലമുറക്കാര്‍ പരിത്യാഗികളും വൈരാഗികളും ആവണമെന്നില്ല. ജനാധിപത്യത്തില്‍ അധികാരം മന്ത്രിമാരുടെ കൈയ്യിലാണ്. മന്ത്രിക്കും മുകളിലാണ് തങ്ങന്മാര്‍ എന്ന് ഭാവിക്കാമെങ്കിലും കാലക്രമേണ പോപ്പല്ല താന്‍ തന്നെയാണ് കാര്യങ്ങള്‍ നിശ്ചയിക്കുക എന്ന് പറഞ്ഞ ഹെന്‍ട്രി രണ്ടാമന്റെ നിലപാടിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. 

ലീഗില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പൊട്ടലും ചീറ്റലും ഈ സംഘര്‍ഷത്തിന്റെ അനുരണനങ്ങളാണ്. ലീഗ് എന്നു പറഞ്ഞാല്‍ ഹൈദരലി ശിഹാബ് തങ്ങളല്ലെന്നും പാര്‍ട്ടി ഇപ്പോള്‍ കറങ്ങുന്നത് കുഞ്ഞാലിക്കുട്ടിക്ക് ചുറ്റുമാണെന്നുമാണ് തങ്ങളുടെ മകനും യൂത്ത് ലീഗ് അഖിലേന്ത്യ ഉപാദ്ധ്യക്ഷനുമായ മുഈനലി പറയുന്നത്.

നമ്മുടെ തൊട്ടടുത്തുള്ള തമിഴകത്ത് ഡി.എം.കെ. എന്ന രാഷ്ട്രീയ പ്രസ്ഥാനം പിറവിയെടുത്തത് എങ്ങിനെയാണെന്ന് പരിശോധിച്ചാല്‍ ലീഗ് നേരിടുന്ന പ്രതിസന്ധിയിലേക്ക് ചില ചെറിയ വെളിച്ചങ്ങള്‍ കിട്ടിയേക്കും. പാണക്കാട്ടെ തങ്ങന്മാരെപ്പോലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ശരിയാവില്ലെന്ന പക്ഷക്കാരനായിരുന്നു ദ്രാവിഡ കഴകത്തിന്റെ കുലപതി പെരിയാര്‍ ഇ.വി. രാമസ്വാമി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ ആദര്‍ശജീവിതം വഴിയാധാരമാവാന്‍ അധികം സമയമൊന്നും വേണ്ടിവരില്ലെന്ന് പെരിയാറിന്  നന്നായറിയാമായിരുന്നു. 

പെരിയാറിന്റെ അടുത്ത ശിഷ്യരായിരുന്ന അണ്ണാദുരൈയും ഇ.വി.കെ. സമ്പത്തും വി.ആര്‍. നെടുഞ്ചേഴിയനും കരുണാനിധിയുമൊന്നും ഈ വഴിക്കല്ല ചിന്തിച്ചത്. രാഷ്ട്രീയ അധികാരമില്ലാതെ  സമൂഹത്തില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ പറ്റില്ലെന്നായിരുന്നു ഈ ഗ്രൂപ്പിന്റെ നിലപാട്. വയസ്സു കാലത്ത് പെരിയാര്‍ ഒരു ചെറുപ്പക്കാരിയെ കല്ല്യാണം കഴിക്കുക കൂടി ചെയ്തതോടെ പെരിയാറിനൊപ്പം നിന്നാല്‍ തങ്ങളുടെ ഭാവി ചിലപ്പോള്‍ പണ്ടാരമടങ്ങിയേക്കുമെന്ന് അണ്ണാദുരൈയും കൂട്ടരും ആശങ്കാകുലരായി. 

അങ്ങിനെയാണ് 1949-ല്‍ അണ്ണാദുരൈ ഡി.എം.കെയ്ക്ക് രൂപം നല്‍കിയത്. ഇതിലെ രസകരമായ കാര്യം പെരിയാറിനോട് ഉടക്കിയവരില്‍ ഒരാളായ ഇ.വി.കെ. സമ്പത്ത് പെരിയാറിന്റെ സ്വന്തം സഹോദരന്‍ ഇ.വി. കൃഷ്ണസ്വാമിയുടെ മകനായിരുന്നു എന്നതാണ്. മുന്നിലുള്ള ഭാവി അടയുകയാണെന്ന് തോന്നിയാല്‍ പുതിയ വഴി വെട്ടിത്തുറക്കാന്‍  രക്തബന്ധമൊന്നും ഒരു തടസ്സമാവില്ല. ഡി.എം.കെയ്ക്ക് തുടക്കമിട്ടെങ്കിലും പിന്നീട് അണ്ണാദുരൈയുമായി ഉടക്കി സമ്പത്ത് പാര്‍ട്ടി വിട്ടുപോയത് മറ്റൊരു ചരിത്രമാണ്.

പറഞ്ഞു വന്നത് അധികാരം എന്ന പ്രലോഭനത്തെക്കുറിച്ചാണ്. ലീഗിന്റെ പ്രസിഡന്റായ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി പാര്‍ട്ടിയിലെ സര്‍വ്വപ്രതാപിയായ കുഞ്ഞാലിക്കുട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയത് ഒരു ദിവസത്തെ പ്രകോപനം കൊണ്ടായിരിക്കില്ല. അതിന് തീര്‍ച്ചയായും ഒരു പശ്ചാത്തലവും പരിസരവുമുണ്ടാവും. 

ലോക്സഭ എം.പി. സ്ഥാനം രാജി വെച്ച് കുഞ്ഞാലിക്കുട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വിമര്‍ശം ഉയര്‍ത്തിയത് ഇതേ മുഈനലി ആയിരുന്നുവെന്നത് മറക്കാനാവില്ല. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു. പാര്‍ട്ടിയെന്ന് പറഞ്ഞാല്‍ ലീഗിലിപ്പോള്‍ അത് കുഞ്ഞാലിക്കാട്ടിയാണ്. 

മുഹമ്മദലി ശിഹാബ് തങ്ങളെപ്പോലെയല്ല നിലവിലെ പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി തങ്ങള്‍. വ്യക്തിപ്രഭാവമുള്ള നേതാവായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍. കരിസ്മ അല്ലെങ്കില്‍ വ്യക്തിപ്രഭാവം എന്ന് പറയുന്നത് എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. ഇന്ദിരയുടെ കരിസ്മ മക്കള്‍ രാജീവിനോ സഞ്ജയിനോ ഉണ്ടായിരുന്നില്ല. 

കരിസ്മയില്ലാതെ തന്നെ കോണ്‍ഗ്രസിനെയും രാജ്യത്തെയും നയിച്ച നേതാവായിരുന്നു നരസിംഹ റാവു. റാവു പക്ഷേ, കുറുക്കന്റെയും സിംഹത്തിന്റെയും സങ്കരമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ജിവചരിത്രകാരന്‍ വിനയ് സിതാപതി എഴുതിയത്. ഒരേ സമയം കെണികളില്‍ വീഴാത്ത കുറുക്കനും ശത്രുക്കളെ കൂസാതിരുന്ന സിംഹവുമായിരുന്നു റാവു.

റാവുവിനോടൊന്നും ഉപമിക്കാന്‍ പറ്റില്ലെങ്കിലും കൗശലത്തിലും തന്ത്രത്തിലും താന്‍ ആരുടെയും പിന്നിലല്ലെന്ന് തെളിയിച്ചിട്ടുള്ള ആളാണ് കുഞ്ഞാലിക്കുട്ടി. ഐസ്‌ക്രീം പാര്‍ലര്‍ വിവാദവും  2006-ലെ തോല്‍വിയും കുഞ്ഞാലിക്കുട്ടി അതിജീവിച്ചു എന്നത് ചില്ലറക്കാര്യമല്ല. ഈ കുഞ്ഞാലിക്കുട്ടിയോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ മുഈനലി കുറച്ചുകൂടി കരുതല്‍ എടുക്കേണ്ടതായിരുന്നു. 

പിതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അസുഖമാണെന്നതും കെ.ടി. ജലീല്‍ എന്ന ചങ്ങാതിക്ക് ആക്രാന്തം അടക്കാനായില്ലെന്നതുമാണ് ഇപ്പോള്‍ മുഈനലിയുടെ രക്ഷയ്ക്കെത്തിയത്. ലീഗില്‍ കലാപങ്ങള്‍ പുത്തരിയല്ല. ലീഗിനെ പിളര്‍ത്തി അഖിലേന്ത്യ ലീഗുണ്ടാക്കിയവര്‍ നിസ്സാരക്കാരായിരുന്നില്ല.  പക്ഷേ, പാണക്കാട്ടെ കൊടപ്പനക്കല്‍ തവാടിനെ കേന്ദ്രീകരിച്ചു നില്‍ക്കുന്ന ലീഗിനെ തകര്‍ക്കാന്‍ അഖിലേന്ത്യ ലീഗിനായില്ല. ഈ കഞ്ഞിക്കുള്ള വെള്ളമാണ് ഇപ്പോള്‍ കെ.ടി. ജലീല്‍ അടുപ്പത്ത് വെച്ചിരിക്കുന്നത്.

ഫ്യൂഡലിസത്തിനെതിരെ സന്ധിയില്ലാതെ പൊരുതുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് വെയ്പ്. ആ പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് കെ.ടി. ജലീല്‍ പറയുന്നത് പാണക്കാട്ടെ തങ്ങന്മാരെ തൊട്ടുകളിക്കാമെന്ന് കുഞ്ഞാലിക്കുട്ടി കരുതരുതെന്നാണ്. ഇതില്‍ വല്ലാത്തൊരു വൈരുദ്ധ്യമുണ്ട്. ലീഗില്‍ ഒരു പിളര്‍പ്പുണ്ടാക്കാന്‍ ഫ്യൂഡലിസത്തിന്റെ പ്രതിരൂപമായ ഒരു തറവാടിനൊപ്പമാണോ സി.പി.എം. നിലകൊള്ളേണ്ടത് എന്നാണ് പ്രഥമമായ ചോദ്യം. 

പാണക്കാട്ടെ തങ്ങളോടാണോ സി.പി.എമ്മിനോടാണോ ജലീലിന്റെ കൂറെന്ന ചോദ്യവും ഇതോടൊപ്പമുയര്‍ന്ന് വരും. ലീഗിനെ ജനാധിപത്യവത്കരിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെങ്കില്‍ ആദ്യം ജലീലിന് ജനാധിപത്യത്തില്‍ കാര്യമായ വിദ്യാഭ്യാസം നല്‍കാന്‍ സി.പി.എം. തയ്യാറാവണം. സ്വര്‍ണ്ണക്കേസില്‍ പ്രതിക്കൂട്ടിലായപ്പോള്‍ പാണക്കാട്ടെ തങ്ങള്‍ ഖുര്‍ആനില്‍ തൊട്ട് പറഞ്ഞാല്‍ അത് അനുസരിക്കുമെന്ന് പറഞ്ഞ കക്ഷിയാണ് ജലീല്‍. 

ലീഗിലെ ജനാധിപത്യത്തില്‍ കൊടപ്പനക്കല്‍ തറവാട് അടിസ്ഥാനപരമായി ഒരു വെരുദ്ധ്യമാണ്. ആ വൈരുദ്ധ്യത്തോട് പൊരുത്തപ്പെട്ടാണ് ഇക്കാലമത്രയും ലീഗിന്റെ അണികള്‍ പ്രവര്‍ത്തിച്ചു വന്നത്. പക്ഷേ, കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ലീഗ് ഹൗസിലുണ്ടായ സംഭവവികാസം ഈ വൈരുദ്ധ്യത്തിന് നേര്‍ക്കുള്ള വെല്ലുവിളിയായിരുന്നു. 

കൊടപ്പനക്കല്‍ തറവാട്ടിലെ ഒരു അംഗത്തെ അതും പാര്‍ട്ടി പ്രസിഡന്റ് ഹൈദരലി തങ്ങളുടെ മകനെ ഒരു ലീഗ് പ്രവര്‍ത്തകന്‍ പരസ്യമായി ചോദ്യം ചെയ്യുന്ന കാഴ്ചയാണ് ലീഗ് ഹൗസിലുണ്ടായത്. പാണക്കാട്ടെ തങ്ങന്മാര്‍ക്ക് ലീഗിലുള്ള അപ്രമാദിത്വമാണ് ആ സംഘര്‍ഷത്തില്‍ പൊളിഞ്ഞുപോയത്. ജലീല്‍ വന്നു ചാടിയതുകൊണ്ട് തത്ക്കാലം ലീഗില്‍ വെടി നിര്‍ത്തലുണ്ടായിട്ടുണ്ടെങ്കിലും ഇതിന്റെ അനുരണനങ്ങള്‍ അങ്ങിനെയങ്ങ് ഇല്ലാതാകാനുള്ള സാദ്ധ്യത കുറവാണ്.

കേരള രാഷ്ട്രീയത്തില്‍ ലീഗിനുള്ള സ്ഥാനം സുപ്രധാനമാണ്. വലിയൊരു വിഭാഗം ജനതയുടെ രാഷ്ട്രീയ ആഗ്രഹ- അഭിലാഷങ്ങള്‍ ലീഗിന് പിന്നിലുണ്ട്. മജോറിറ്റേറിയനിസത്തിന്റെ ചിറകിലേറി  ബി.ജെ.പി. മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരിസരത്തില്‍ മുസ്ലിം ലീഗിന് അതിന്‍േറതായ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ലീഗിലുണ്ടാവുന്ന പ്രതിസന്ധികള്‍ ആ പാര്‍ട്ടിയെ കൂടുതല്‍ ജനാധിപത്യവത്കരിക്കുന്നുണ്ടോയെന്ന ആകാംക്ഷയിലായിരിക്കും രാഷ്ട്രീയ നിരീക്ഷകര്‍. 

ലീഗിനെപ്പോലുള്ള പാര്‍ട്ടിയില്‍ അച്ചടക്കം സുപ്രധാനമാണ്. ഒരു നേതാവിനു ചുറ്റും കറങ്ങുന്ന പാര്‍ട്ടിയാണത്. പാണക്കാട്ടെ കാരണവരും കുഞ്ഞാലിക്കുട്ടിയും എന്ന സമന്വയമായിരുന്നു ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ ലീഗിനെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്തത്. ഈ സമവാക്യത്തിനാണ് ഇപ്പോള്‍ ഇടര്‍ച്ചയുണ്ടായിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കും കൊടപ്പനയ്ക്കല്‍ തറവാടിനുമിടയില്‍ സംഘര്‍ഷവും ഭിന്നതയുമുണ്ടാവുന്നുവെന്ന് പറഞ്ഞാല്‍ അത് ബാധിക്കുക ലീഗ് എന്ന മഹാസ്വരൂപത്തെയാണ്.

വിശ്വാസം എന്നത് കാലങ്ങള്‍കൊണ്ട് രൂപംകൊള്ളുന്ന സംഗതിയാണ്. പക്ഷേ, അത് തകരാന്‍ ഒരു നിമിഷം മതി. കുഞ്ഞാലിക്കുട്ടിക്കും കൊടപ്പനക്കല്‍ തറവാടിനും ഇടയിലുള്ള വിശ്വാസത്തിന്റെ പാലം ദുര്‍ബ്ബലമാവുന്നുവെന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം ശുഭകരമല്ല. 

മരിയൊ പുസൊയുടെ ഗോഡ് ഫാദര്‍ എന്ന നോവലില്‍ എതിര്‍ ഭാഗത്തുള്ള മാഫിയ കുടുംബത്തിന്റെ പ്രതിനിധികളുമായി വിറ്റൊ കൊര്‍ലിയോണ്‍ സംസാരിക്കുന്ന രംഗമുണ്ട്. കാര്യങ്ങള്‍ കണ്ടുപഠിക്കട്ടെയെന്ന് കരുതി മൂത്ത മകന്‍ സണ്ണി കൊര്‍ലിയോണിനെയും പിതാവ് വിറ്റൊ കൂടെക്കൂട്ടിയിരുന്നു. പുതിയൊരു  കച്ചവടത്തിന് തങ്ങളെ സഹായിക്കണമെന്ന് പറയാനാണ് എതിര്‍വിഭാഗം വന്നത്. ഇത്തരം കച്ചവടങ്ങള്‍ക്ക് താനില്ലെന്ന നിലപാടിയിരുന്നു വിറ്റോയുടേത്. 

പക്ഷേ, പുതിയ കച്ചവടം തുറന്നിടുന്ന സാദ്ധ്യതകള്‍ കണ്ട് മനസ്സ് പതറിയ സണ്ണി കൊര്‍ലിയോണ്‍ പിതാവിന്റെ സമ്മതമില്ലാതെ ഇടയ്ക്ക് കയറി സംസാരിച്ചു. പിള്ളേര്‍ക്ക് മര്യാദകള്‍ അറിയില്ല എന്ന ഒറ്റ വാക്യത്തില്‍ വിറ്റൊ കൊര്‍ലിയോണ്‍ മകന്റെ ഈ തോന്നിവാസത്തിന് തടയിട്ടെങ്കിലും അതിഭയങ്കരമായ പ്രതിസന്ധിയിലേക്കും ദുരന്തത്തിലേക്കുമാണ്  ആ സംസാരം കൊര്‍ലിയോണ്‍ കുടംബത്തെ കൊണ്ടുചെന്നെത്തിച്ചത്.

പാര്‍ട്ടിയുടെ മര്യാദകള്‍ പഠിക്കണമെന്ന് പിതാവ് ഹൈദരലി തങ്ങള്‍ മകന്‍ മുഈനലിയോട് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചപ്പോള്‍ മുഈനലിക്കെതിരെ നടപടിയൊന്നുമുണ്ടായില്ല. ഇപ്പോഴും പാര്‍ട്ടി അച്ചടക്കം മുഈനലിക്ക് ബാധകമാണെന്ന് തോന്നുന്നില്ല. കൊടപ്പനക്കല്‍ തറവാട്ടിലെ ഒരംഗത്തിന് പാര്‍ട്ടി അച്ചടക്കം ബാധകമല്ലാതിരിക്കുകയും മുഈനലിയെ വിമര്‍ശിച്ച പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയുണ്ടാവുകയും ചെയ്യുമ്പോള്‍ ലീഗിന്റെ ജനാധിപത്യം എന്താണെന്ന ചോദ്യമാണ് ബാക്കിയാവുന്നത്. 

ഒരു ജനാധിപത്യ സമൂഹത്തില്‍ ഈ വൈരുദ്ധ്യത്തിന് അനന്തമായി നിലനില്‍ക്കാനാവുകയില്ല. കെ.ടി. ജലീലിനെയും സി.പി.എമ്മിനെയും ചെറുക്കാന്‍ മാത്രമാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി അനുരഞ്ജനത്തിന് തയ്യാറായിരിക്കുന്നത്. ഈ അനുരഞ്ജനത്തിന്റെ ആയുസ്സായിരിക്കും ലീഗിന്റെ മുന്നോട്ടുള്ള യാത്ര നിര്‍ണ്ണയിക്കുക. ലീഗിന്റെ പരമാധികാരം കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ തുടരുമോ എന്നറിയാന്‍ എന്തായാലും അധികകാലം കാത്തിരിക്കേണ്ടി വരില്ല.

വഴിയില്‍ കേട്ടത്:  ഇന്ത്യയുടെ പ്രിയപ്പെട്ട ഹോക്കി താരം ശ്രീജേഷിന് പാരിതോഷികമൊന്നും പ്രഖ്യാപിക്കാതെ കേരള സര്‍ക്കാര്‍. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതയോട് സ്വീകരിച്ച നയം തെറ്റായിപ്പോയെന്ന് ഇന്നലെയാണ് സഖാവ് യെച്ചൂരി പറഞ്ഞത്. ശ്രീജേഷിന്റെ കാര്യത്തിലും കേന്ദ്ര കമ്മിറ്റി അധികം വൈകാതെ തെറ്റ് തിരുത്തിയേക്കും!

Content Highlights: What 's happening between Kunhalikutty and Panakkad Thangal? | Vazhipokkan