ഇന്ത്യന്‍ പരിസരത്തില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോള്‍ അംബേദ്കറില്‍ നിന്ന് തന്നെ തുടങ്ങണം. പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്ക് അധികാരം പുനര്‍വിതരണം ചെയ്യപ്പെടുന്ന സ്വതന്ത്ര ഇന്ത്യയായിരുന്നു അംബദ്കറുടെ മനസ്സിലുണ്ടായിരുന്നത്.  അടിച്ചമര്‍ത്തുന്ന വിശ്വാസങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും സാമൂഹ്യ സ്ഥാപങ്ങളില്‍ നിന്നും മുക്തമായ മാതൃകാ ജനാധിപത്യമായിരിക്കണം സ്വതന്ത്ര ഇന്ത്യ എന്നും അംബദ്കര്‍ പറഞ്ഞുവെച്ചു. 75 കൊല്ലങ്ങള്‍ക്ക് മുമ്പ് നമുക്ക് കിട്ടിയത് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണെന്നും സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം ഇനിയും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയ്ക്കും സ്വായത്തമായിട്ടില്ലെന്നും അംബദ്കര്‍ വ്യക്തമാക്കി. 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അംബദ്കര്‍ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മങ്ങളില്‍ ഒന്ന് ബുദ്ധമതത്തില്‍ ചേരുകയായിരുന്നു. 1956 ഒക്ടോബര്‍ 14നാണ് 3,65,000 സഹപ്രവര്‍ത്തകര്‍ക്കൊപ്പം  അംബദ്കര്‍ ബുദ്ധന്റെ വഴിയിലൂടെയാവട്ടെ ഇനിയുള്ള യാത്ര എന്ന് തീരുമാനിച്ചത്. ജനിച്ചുവീണ മതവും ജാതിയും തന്റെ തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അക്കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും വിനിയോഗിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് അംബദ്കര്‍ ഈ നീക്കം നടത്തിയത്.

നമ്മുടെ ജീവിതം എങ്ങിനെ ജീവിക്കണം എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. അതിനാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. ആ സ്വാതന്ത്ര്യമാണ് കണ്ണൂരിലെ രണ്ട് ചെറുപ്പക്കാര്‍ വിനിയോഗിച്ചത്. ഇ ബുള്‍ ജെറ്റ്‌ എന്ന് പേരിട്ടിട്ടുള്ള ഒരു വാഹനത്തില്‍ അവര്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് പോവുന്നു. ഒരാളെയും അവര്‍ വഴിയില്‍ ഇടിച്ചുവീഴ്ത്തിയിട്ടില്ല. മദ്യപിച്ച് വണ്ടിയോടിച്ച് കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ നടത്തിയ നിയമലംഘനത്തിന്റെ ഏഴയലത്തുപോലും ഈ ചെറുപ്പക്കാരുടെ ക്രമക്കേടുകള്‍ വരില്ല. ഒരു മഹാവ്യാധി അനേകായിരം ജിവിതങ്ങള്‍ തകര്‍ത്തെറിഞ്ഞിടത്താണ് ഈ ചെറുപ്പക്കാര്‍ ജീവിതം തിരിച്ചുപിടിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

e bull jet

സ്വാതന്ത്ര്യം സ്വാതന്ത്ര്യമാവണമെങ്കില്‍ സാമ്പത്തികം അനിവാര്യമാണ്. വിശന്നിരിക്കുമ്പോള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല അതിജീവനത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുക എന്ന് പ്രൊഫസര്‍ എം കുഞ്ഞാമന്‍ പറഞ്ഞത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. വിശപ്പ് മാറുമ്പോള്‍  ചിന്തിക്കാന്‍ സമയം കിട്ടും. അപ്പോള്‍ നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും. ചോദ്യം ചോദിക്കുക എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ ജര്‍മ്മന്‍ ചിന്തക റോസലക്സംബര്‍ഗിനെയും നമ്മള്‍ ഇവിടെ ഓര്‍ക്കണം. ആര്‍ടിഒ ഓഫീസിലെത്തി ഇ ബുള്‍ ജറ്റ് ചെറുപ്പക്കാര്‍ ചോദ്യങ്ങളുയര്‍ത്തിയതിനെ അടച്ചാക്ഷേപിക്കുന്നത് നമ്മുടെ മനസ്സുകള്‍ ഇടുങ്ങിപ്പോവുന്നതുകൊണ്ടാണ്. അവരെ പൊട്ടന്മാരെന്നും വിഡ്ഡികളെന്നും വിളിക്കുന്നത് നമ്മുടെ അസഹിഷ്ണുതയും വിവരമില്ലായ്മയും നിമിത്തമാണ്.

കേരളം കത്തിക്കുമെന്ന് ഈ ചെറുപ്പക്കാരുടെ ചില സുഹൃത്തുക്കള്‍ പറഞ്ഞത് വലിയൊരു അപരാധമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ആ വാക്കുകളില്‍ നമ്മുടെ ചെറുപ്പക്കാരുടെ രോഷമാണുള്ളത്. ഈ വാക്കുകള്‍ കേട്ട് ആരെങ്കിലും കേരളം കത്തിക്കാന്‍ പുറപ്പെടുമെന്ന് വിചാരിക്കുന്നവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമ്പലങ്ങള്‍ കത്തിക്കാമെന്ന് വി ടി ഭട്ടതിരിപ്പാട് പറഞ്ഞത് അടുത്ത ദിവസം മുതല്‍ ചൂട്ടും തീപ്പെട്ടിയുമായി ഇറങ്ങാനായിരുന്നില്ല. അതൊരു പ്രതികരണമാണ്. രോഷം നിറയുന്ന പ്രതികരണം. ഈ ചെറുപ്പക്കാരുടെ വാക്കുകളില്‍  വെറുപ്പില്ലെന്ന് നമ്മള്‍ തിരിച്ചറിയണം.ആ വാക്കുകളിലുള്ളത് രോഷമാണ്. സമാധാനമായി പ്രകടനം നടത്തുന്നവര്‍ക്ക് നേരെ തോക്ക് ചൂണ്ടുന്നവരല്ല ഈ ചെറുപ്പക്കാര്‍. മറ്റൊരു മതത്തില്‍ പെട്ടവരെ കൊല്ലൂ എന്ന് വിളിച്ചുപറയുന്നവരുമല്ല ഈ യുവാക്കള്‍. ഇവരുടെ രോഷം മനസ്സിലാക്കാനും തിരിച്ചറിയാനും ശ്രമിക്കാതെ ഈ കുട്ടികളെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങളാണ് വാസ്തവത്തില്‍ നമ്മുടെ സമൂഹത്തെ പിന്നോട്ട് നയിക്കുക.

നിയമലംഘനങ്ങള്‍ നടത്തുന്ന വ്യവസായികള്‍ക്ക് ഭരണകൂടത്തെ ചോദ്യം ചെയ്യുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും ഒരു തടസ്സവുമില്ലാത്ത നാടാണ് നമ്മുടേത്. അനുകൂലമല്ലാത്ത നിയമങ്ങള്‍  വളയ്ക്കണമെന്നും വേണ്ടിവന്നാല്‍ ഒടിക്കണമെന്നും പറഞ്ഞിട്ടുള്ളവരും അത് നടപ്പാക്കിക്കൊണ്ടിരിക്കുന്നവരും ശതകോടീശ്വരന്മാരായിട്ടുള്ള നാടാണിത്. അവിടെയാണ് ചില ചോദ്യങ്ങള്‍ ചോദിച്ചതിന് , ബഹളമുണ്ടാക്കിയതിന് ഒരു കൂട്ടം ചെറുപ്പക്കാര്‍ വേട്ടയാടപ്പെടുന്നത്. ഏതെങ്കിലും സഹജീവികളെ ഈ യുവാക്കള്‍ ആക്രമിച്ചതായി നമുക്കറിയില്ല. വാഹന നിയമങ്ങള്‍ ഇവര്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമപരമായി നടപടി എടുക്കണം. അതിനെതിരെ ഈ ചെറുപ്പക്കാര്‍ പ്രതികരിക്കുന്നുണ്ടെങ്കില്‍ അത് വൈകാരികമാണെന്നും നമ്മള്‍ മനസ്സിലാക്കണം. വിചാരത്തിന്റെ വഴിയിലേക്ക് ഈ ചെറുപ്പക്കാര്‍ വളരെ പെട്ടെന്നു തന്നെ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് പിന്നീടുള്ള അവരുടെ സമീപനത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

ഈ ചെറുപ്പക്കാരില്‍ ഒരാള്‍ പ്ലസ് ടു പാസ്സായത് നാലോ അഞ്ചോ തവണ ശ്രമിച്ചതിനു ശേഷമാണ്. മറ്റെയാള്‍ ഇപ്പോഴും പാസ്സായിട്ടില്ല. ഒരു പരീക്ഷ പാസ്സാവാനായില്ല എന്നതോടെ പരാജിതരായി മുദ്ര കുത്തപ്പെടുന്നവരുടെ പ്രതിനിധികളാണ് ഈ ചെറുപ്പക്കാര്‍. പക്ഷേ, ഇവര്‍ നശിച്ചുപോയില്ല. പരാജയത്തില്‍ നിന്നും വിജയത്തിലേക്ക് വണ്ടിയോടിച്ച് വരികയാണ് ഈ യുവാക്കള്‍ ചെയ്തത്. ഒന്ന് പിന്തിരിഞ്ഞ് നോക്കിയാല്‍ നമുക്ക് നമ്മുടെ കൂടെ പത്താം ക്ലാസ്സില്‍ പഠിച്ച കൂട്ടുകാരെ ഓര്‍ത്തെടുക്കാം. പരീക്ഷ പാസ്സായില്ല എന്നതുകൊണ്ടു മാത്രം എത്ര കുട്ടികളാണ് ജീവിതത്തില്‍ യാതനകള്‍ അനുഭവിച്ചിട്ടുള്ളതെന്ന് അപ്പോള്‍ മനസ്സിലാവും. കോളേജ് പഠനം പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങി പുതിയ ലോകങ്ങള്‍ തീര്‍ത്ത ബില്‍ഗേറ്റ്സും സ്റ്റീവ് ജോബ്സും മാര്‍ക്ക് സക്കര്‍ബര്‍ഗും മാതൃകകളായി വാഴ്ത്തപ്പെടുന്ന ലോകത്ത് ഈ ചെറുപ്പക്കാര്‍ അസ്പൃശ്യരാവുന്നുവെന്നത് നമ്മുടെ വൃത്തികെട്ട സമീപനങ്ങളുടെയും നിലപാടിന്റെയും പ്രതിഫലനമാണ്.

സ്വാതന്ത്ര്യം പുതിയ ലോകങ്ങള്‍ തീര്‍ക്കണം. പുതിയ ലോകങ്ങളുണ്ടാവണമെങ്കില്‍ അധികാരം ചോദ്യം ചെയ്യപ്പെടണം. ചോദ്യങ്ങളും സംവാദങ്ങളുമാണ് ജനാധിപത്യത്തെയും സമൂഹങ്ങളെയും വളര്‍ത്തുന്നത്. ഗാന്ധിജിയും അംബേദ്കറും നെഹ്രുവും സുബാഷ്ചന്ദ്രബോസും പട്ടേലും രാജാജിയുമൊക്കെ ഇന്ത്യയുടെ സമ്പന്നമായ സംവാദ ചരിത്രത്തിന്റെ ഭാഗമാണ്. ഇ ബുള്‍ ജെറ്റ്‌ സഹോദരങ്ങള്‍ വാര്‍ത്തയാവുമ്പോള്‍, അവരുടെ രോഷം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍, അതില്‍ സര്‍ഗ്ഗാത്മകമായി ഇടപെടുകയാണ് ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളും ചെയ്യേണ്ടത്. വിജയത്തിന്റെ വഴികളിലൂടെ സ്വയം നടന്നുകയറുന്ന ചെറുപ്പക്കാരെ പടിയടച്ച് പിണ്ഡം വെയ്ക്കുന്നവര്‍ കാലത്തിനും ചരിത്രത്തിനും മുന്നില്‍ സ്വയം വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ്.

E Bull

1947 ല്‍ ഇന്ത്യയില്‍ ഭൂരിപക്ഷം പേരുടെയും ശരാശരി ആയുസ്സ് മുപ്പത് വയസ്സില്‍ താഴെയായിരുന്നു. 75 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്ത്യയില്‍ ഇത് 69 വയസ്സായും കേരളത്തില്‍ 75 വയസ്സുമായിട്ടുണ്ടെങ്കില്‍ അത് നമ്മുടെ ആരോഗ്യ പരിപാലനത്തിന്റെ വിജയമാണ്. ഇത്തരം വിജയങ്ങള്‍ ഓരോ മേഖലയിലും ഇന്ത്യയ്ക്ക് പറയാനുണ്ടാവും. പക്ഷേ, കാതലായ വിജയമുണ്ടാവേണ്ടത് സ്വാതന്ത്ര്യത്തിന്റെ മേഖലയിലാണ്. വിമര്‍ശിക്കന്നവരും ചോദ്യം ചെയ്യുന്നവരും ജയിലിലടയ്ക്കപ്പെടുന്ന ഇന്ത്യയെയല്ല ഗാന്ധിജിയും അംബേദ്കറും നെഹ്രുവും മൗലാന ആസാദും സ്വപ്നം കണ്ടത്. ഒരു കാര്യം പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നവരുടെ ഇന്ത്യയും ഇവരുടെ മനസ്സിലുണ്ടായിരുന്നില്ല. 130 കോടി ജനങ്ങളെയും ചേര്‍ത്തു നിര്‍ത്തുമെന്നും പൗരന്മാരുടെ ജീവിതത്തില്‍ ഇടപെടാത്ത ഭരണകൂടമുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടതെന്ന് സ്വാതന്ത്ര്യ ദിനാശംസ നല്‍കുകയും ചെയ്യുമ്പോള്‍ തന്നെ മതം അടിസ്ഥാനമാക്കി പൗരത്വ നിയമം കൊണ്ടുവരികയും പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തുകയും ചെയ്യുന്ന ഭരണകൂടങ്ങളും ഇവരുടെ ചിന്തകളില്‍ ഉണ്ടായിട്ടുണ്ടാവില്ല.

ചോദ്യങ്ങള്‍ ചോദിക്കേണ്ട പാര്‍ലമെന്റ് ഈ ദിനങ്ങളില്‍ നിശ്ശബ്ദമാണ്. പൗര സമൂഹം എന്താണ് ചിന്തിക്കുന്നതെന്നറിയാന്‍ ഫോണുകള്‍ ചോര്‍ത്തപ്പെടുന്ന കാലമാണിത്. ചോദ്യങ്ങളല്ല വിധേയത്വമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഭരണകൂടം പരസ്യമായി പ്രഖ്യാപിക്കുന്നു. അവിടെയാണ് കുറച്ച് ചെറുപ്പക്കാരെങ്കിലും അവരുടേതായ രീതിയില്‍ ചലനമുണ്ടാക്കുന്നത്. കാപട്യം നിറഞ്ഞ, ഇരട്ടത്താപ്പുകളില്‍ അഭിരമിക്കുന്ന എലിറ്റുകളെ, അധികാര വര്‍ഗ്ഗത്തെ ഇത് അലോസരപ്പെടുത്തും. അവര്‍ ഇതിനെ അരാഷ്ട്രീയമായും വിഡ്ഡിത്തമായും ചിത്രീകരിക്കും. പക്ഷേ, വരും ദിനങ്ങള്‍ ഈ ചെറുപ്പക്കാരുടേതായിരിക്കും. ലോകത്തിനു മുന്നില്‍ സ്വന്തം ജീവിതങ്ങള്‍ തുറന്നിടുന്ന ചെറുപ്പക്കാരാണിവര്‍. അവരുടെ സുതാര്യ ജീവിതങ്ങളാണ് ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയും.

വഴിയില്‍ കേട്ടത് : ഓഗസ്റ്റ് 14 വിഭജനത്തിന്റെ ഓര്‍മ്മ ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജനത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനം തുടങ്ങിയ 2020 മാര്‍ച്ച് 24 ഉം ഇടയ്ക്കൊന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.