സ്വന്തം യൂട്യൂബ് ചാനലില് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

നടി തൃഷയ്‌ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കഴിഞ്ഞദിവസമാണ് നടനും സംവിധായകനുമായ പാർഥിപൻ ഖേദം പ്രകടിപ്പിച്ചത്. ഒരു അവാർഡ് പരിപാടിക്കിടെയായിരുന്നു പാർഥിപന്റെ വിവാദ പരാമർശം. ഇതിനെതിരെ തൃഷ രൂക്ഷവിമർശനം ഉന്നയിച്ചതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, താൻ പറഞ്ഞതിനെ കുറിച്ചുള്ള വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
'തെറ്റും അബദ്ധവും തമ്മിൽ വ്യത്യാസമുണ്ട്. അബദ്ധമെന്നത് ഒരാൾ അറിയാതെ ചെയ്യുന്നതാണ്. തെറ്റാകട്ടെ, മനഃപൂർവം ചെയ്യുന്നതും. അതുപോലെ മാപ്പ് പറയുന്നതും ഖേദം പ്രകടിപ്പിക്കുന്നതും തമ്മിലും വ്യത്യാസമുണ്ട്.' -പാർഥിപൻ പറഞ്ഞു.
'അവാർഡ് പരിപാടിയിൽ ഞാൻ ദളപതി വിജയ്‌യേയും അജിത്ത് കുമാറിനേയും കുറിച്ച് സംസാരിക്കുമ്പോൾ അവിടെയുള്ള സ്‌ക്രീനിൽ തൃഷയുടെ ചിത്രം കാണിച്ചു. ഞാൻ ഞെട്ടിപ്പോയി. ആ സമയം എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. തൃഷയുടെ ചിത്രം പ്രദർശിപ്പിക്കാൻ ഞാൻ പ്രത്യേകമായി ആവശ്യപ്പെട്ടു എന്ന ആരോപണം നൂറ് ശതമാനം തെറ്റാണ്.' -അദ്ദേഹം തുടർന്നു.
'ഒരുപാട് തടസങ്ങൾ മറികടന്നാണ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തൃഷയ്‌ക്കൊപ്പം അദ്ദേഹം വിവാഹത്തിൽ പങ്കെടുത്ത സംഭവം ഉണ്ടാക്കിയ അത്ര പരിക്ക് അദ്ദേഹത്തിന് കരൂർ ദുരന്തം പോലുമുണ്ടാക്കിയിട്ടില്ല. തൃഷ ആ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. അതാണ് എന്റെ ഉള്ളിലെ ചിന്ത. അത് പറയണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ഞാൻ സ്‌റ്റേജിലേക്ക് പോയത്.' -പാർഥിപൻ പറഞ്ഞു.
പാർഥിപനും തൃഷയും അടുത്തിടെ മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. കുന്ദവൈ, ചിന്ന പഴുവേട്ടരായർ എന്നീ കഥാപാത്രങ്ങളായാണ് യഥാക്രമം തൃഷയും പാർഥിപനും വേഷമിട്ടത്. ഏതാനും ദിവസങ്ങൾക്കുമുൻപ് നടന്ന ഗലാട്ട അവാർഡ്ദാന വേദിയിൽ തൃഷയുടെ ചിത്രം കാണിച്ചുകൊണ്ട് കുന്ദവൈയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകർ ചോദിച്ചപ്പോഴാണ് പാർഥിപൻ വിമർശനമുന്നയിച്ചത്.
'ഈ കുന്ദവൈയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അതാണ് നല്ലത്. അവരെ പുറത്ത് വിടരുത്' എന്നാണ് പാർഥിപൻ പ്രതികരിച്ചത്. ഇതിനെതിരെ തൃഷ രംഗത്തെത്തി. പിന്നാലെയാണ് പാർഥിപൻ ഖേദം പ്രകടിപ്പിച്ചത്. 'സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല', എന്നായിരുന്നു പാർഥിപന്റെ പ്രതികരണം.
Content Highlights: Actor-director Parthiban released an eight-minute video explaining his controversial remarks about actress Trisha. While expressing regret, he stated that Trisha attending a wedding with Vijay caused unnecessary hurdles for the actor's political career.
Published: 10 Mar 2026, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented