ഫാഷൻ ഡിസൈനർ സീമാ സജ്‌ദെയുമായുള്ള വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്ന് നടൻ സൊഹൈൽ ഖാൻ. അലയൻസ് എന്ന റിയാലിറ്റി ഷോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായും ജോലിസംബന്ധമായും താൻ ഏറെ ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നുപോയതെന്നും ഒടുവിൽ അത് തന്റെ ദാമ്പത്യജീവിതത്തെ പോലും ബാധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആത്മാർഥമായി സ്‌നേഹിച്ചൊരാളെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം സീമയെ കുറിച്ച് പറഞ്ഞു.

To advertise here,

റിയാലിറ്റി ഷോയിലെ മത്സരാർഥിയാണ് സൊഹൈൽ ഖാൻ. ഷോയിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തിയ രണ്ട് മത്സരാർഥികളിൽ ഒരാൾ സീമാ സജ്‌ദെയായിരുന്നു. 24 വർഷം നീണ്ട ദാമ്പത്യബന്ധം പിരിഞ്ഞവരായിരുന്നിട്ട് പോലും ഇരുവരും ഷോയിൽ പലതവണ സംസാരിച്ചിരുന്നു.

'എന്റെ ജോലി ശരിയായി മുന്നോട്ട് പോയിരുന്നില്ല. അതിനാൽ തന്നെ എന്റെ മാനസികാവസ്ഥയും മോശമായിരുന്നു. എന്റെ പെരുമാറ്റം കാരണം ഞാൻ ആത്മാർഥമായി സ്‌നേഹിച്ച ഒരാളെയാണ് എനിക്ക് നഷ്ടമായത്.' -സൊഹൈൽ ഖാൻ കുറ്റസമ്മതം നടത്തി. മറ്റൊരു മത്സരാർഥിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സീമയോടുള്ള ബഹുമാനം ഇന്നും താൻ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്റെ മിടുക്കരായ രണ്ട് മക്കളുടെ അമ്മയാണ് അവൾ. സ്‌നേഹത്തേക്കാളുപരി, അതിയായ ബഹുമാനമാണ് എനിക്ക് അവളോടുള്ളത്. ഞങ്ങൾ പിരിഞ്ഞെങ്കിലും ഈ ഷോ ഞങ്ങളെ വീണ്ടും ഞങ്ങൾക്ക് ഒന്നിച്ച് സംസാരിക്കാൻ അവസരം നൽകി. ഞങ്ങൾക്കിടയിൽ മിസ്സിങ് ലിങ്കുകളുണ്ടായിരുന്നു. ഈ ഷോ അതെല്ലാം വിളക്കിച്ചേർക്കാൻ സഹായിച്ചു.' -സൊഹൈൽ തുടർന്നു.

1998-ൽ ഒളിച്ചോടിയാണ് സൊഹൈൽ ഖാനും സീമാ സജ്‌ദെയും വിവാഹം ചെയ്യുന്നത്. ആര്യസമാജത്തിൽ വെച്ച് ഹിന്ദുമതാചാര പ്രകാരവും പിന്നീട് ഇസ്ലാമിക വിശ്വാസപ്രകാരം നിക്കാഹും ചെയ്തിരുന്നു ഇരുവരും. 2022-ലാണ് ഇരുവരും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. വിവാഹമോചിതരായെങ്കിലും ഇരുവരും അടുത്ത സൗഹൃദം പുലർത്തുകയും മക്കളെ ഒന്നിച്ച് വളർത്തുകയും ചെയ്തിരുന്നു. ഖാൻ കുടുംബത്തിലെ എല്ലാ പരിപാടികളിലെയും സ്ഥിരസാന്നിധ്യവുമാണ് സീമ.