മലയാളി താരം സഞ്ജു സാംസണിനെക്കുറിച്ചുള്ള ചോദ്യത്തോട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ നൽകിയ മറുപടി ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. മോഹൻലാലിന്റെ ഐക്കോണിക് സിനിമാ ഡയലോഗ് ആയ 'പോ മോനെ ദിനേശാ', എന്ന സച്ചിന്റെ മറുപടിയായിരുന്നു ശ്രദ്ധനേടിയത്. ഇപ്പോഴിതാ, സഞ്ജുവും സച്ചിനും തമ്മിലെ സംഭാഷണത്തിലേക്ക് മോഹൻലാൽ കൂടെ ചേർന്നിരിക്കുകയാണ്.

To advertise here,

സച്ചിൻ നൽകിയ ഉപദേശങ്ങൾ തന്നെ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു നേരത്തെ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനുമായി സംസാരിച്ച കാര്യം സഞ്ജു തന്നെ പറഞ്ഞിരുന്നു. ഇത് ഓർമിപ്പിച്ചാണ് ഒരു ആരാധകൻ സച്ചിനോട് റെഡ്ഡിറ്റിൽ ചോദ്യവുമായി എത്തിയത്.

റെഡിറ്റിലെ ആസ്‌ക് മി എനിത്തിങ് സെഷനിലായിരുന്നു സച്ചിന്റെ പ്രതികരണം. റെഡിറ്റിൽ സച്ചിനോട് ഒരാൾ ചോദിച്ച ചോദ്യമിങ്ങനെ, ‘താങ്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ടി20 ലോകകപ്പിനിടെ ദീർഘനേരം സംസാരിച്ചിരുന്നുവെന്നുമാണ് സഞ്ജു നേരത്തേ പറഞ്ഞിരുന്നത്. എന്തായിരുന്നു താങ്കൾ ആ സമയത്ത് സഞ്ജുവിനോട് പറഞ്ഞത്?’.

ഈ ചോദ്യത്തിന് മോഹൻലാലിന്റെ 'നീ പോ മോനെ ദിനേശാ. ഇതിന്റെ അർഥം സഞ്ജു പറഞ്ഞുതരും', എന്നായിരുന്നു സച്ചിന്റെ മറുപടി. 'നരസിംഹം' സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണിത്. 'ഞാനല്ല, ഇതിന്റെ യഥാർഥ അർഥം പറഞ്ഞുതരാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഞങ്ങളുടെ ലാലേട്ടനാണ്', എന്ന് സഞ്ജുവും മറുപടിയുമായെത്തി. പിന്നാലെയാണ് മോഹൻലാൽ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുമായെത്തിയത്.

'മോനെ സഞ്ജു, സച്ചിൻ സിക്‌സ് അടിക്കുമ്പോൾ ബോളർക്കുള്ള സന്ദേശം ആയിരുന്നു നീ പോ മോനേ ദിനേശാ എന്ന്. പോ. പോയി അടുത്ത ബോളിൽ പിടിക്ക് എന്ന്. ഇപ്പോൾ നിന്റെ ബാറ്റും അതാണ് പറയുന്നത്. മുന്നോട്ടുകുതിക്കുക, അടുത്ത ബോളർ കാത്തിരിക്കുകയാണ്', എന്നാണ് മോഹൻലാലിന്റെ കുറിപ്പ്.

മോഹൻലാൽ സിനിമയിലെ ഡയലോഗ് സച്ചിൻ പറഞ്ഞതിന്റെ കൗതുകത്തിലായിരുന്നു ആരാധകർ. ഇപ്പോൾ മറുപടിയുമായി മോഹൻലാൽ തന്നെ എത്തിയതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.