
അച്ഛനായ സന്തോഷം പങ്കുവെച്ച് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിനും വീഡിയോയ്ക്കുമൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. നേരത്തെ, അച്ഛനാവാനൊരുങ്ങുന്നതിന്റെ സന്തോഷം സംഗീത് പങ്കുവെച്ചിരുന്നു.
തിയേറ്റർ പശ്ചാത്തലമാക്കിയുള്ള ഭാര്യ ആൻസിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ടിലൂടെയായിരുന്നു താരം സന്തോഷം പങ്കുവെച്ചത്. ഇതേ വീഡിയോയുടെ തുടർച്ചയായാണ് പെൺകുഞ്ഞ് പിറന്ന വാർത്ത സംഗീത് പുറത്തുവിട്ടത്. പ്രിയദർശൻ ചിത്രങ്ങളെ ഓർമിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കിയ വീഡിയോയുടെ അവസാന ഭാഗത്താണ് പെൺകുഞ്ഞ് പിറന്നകാര്യം വെളിപ്പെടുത്തുന്നത്.
'കുഞ്ഞേ, നിന്റെ അമ്മ ചെറിയ കാര്യങ്ങളെപ്പോലും ഭയപ്പെട്ടിരുന്നു. സൂചി കണ്ടാൽപ്പോലും കരയുമായിരുന്നു. എന്നാൽ, ഇന്നലെ രാത്രി നിന്നെ ഈ ലോകത്തേക്ക് എത്തിക്കാൻ, ഞാൻ ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും ധൈര്യശാലിയെപ്പോലെയായി അവൾ മാറി', സംഗീത് കുറിച്ചു.
'എന്നെയും എന്റെ തീരുമാനങ്ങളെയും സംശയിച്ചാണ് ഞാൻ എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ഇന്നലെ എനിക്ക് വലുതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. വേദനയിൽ അവളുടെ കൈപിടിക്കുമ്പോൾ, ഇതിനുമുമ്പ് ഞാൻ അവളെ ഇത്രയധികം സ്‌നേഹിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി. നിന്റെ കുഞ്ഞൻ തല പുറത്തേക്ക് വരുന്നതുകണ്ടപ്പോൾ ഞാൻ ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുപോയി. ആ നിമിഷത്തിൽ മൂന്ന് ഹൃദയങ്ങൾ ഒന്നായി മിടിച്ചു', സംഗീത് കൂട്ടിച്ചേർത്തു.
'ആളുകൾ പറയും, നീ ഇന്നലെ രാത്രിയാണ് ജനിച്ചത് എന്ന്. എന്നാൽ, നീ ആദ്യശ്വാസമെടുത്തപ്പോൾ ഞാൻ പുനർജനിക്കുകയായിരുന്നു എന്നതാണ് സത്യം', സംഗീത് കുറിപ്പ് അവസാനിപ്പിച്ചു.
2023 നവംബറിലായിരുന്നു സംഗീതിന്റെയും ആൻസിയുടെയും വിവാഹം. 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ആണ് സംഗീത് നായകനായി ഒടുവിലിറങ്ങിയ ചിത്രം. മമിത ബൈജു നായികയാവുന്ന 'ഹലോ ഡിയർ' ആണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Content Highlights: Actor and film editor Sangeeth Pratap announced that he and his wife Ansi have been blessed with a baby girl. Sangeeth shared the news through a unique video that followed up on their earlier Priyadarshan-themed maternity photoshoot. In an emotional Instagram note, Sangeeth praised his wife's bravery during childbirth and shared his overwhelmed feelings upon holding the baby. Sangeeth and Ansi tied the knot in November 2023. Sangeeth was last seen in 'It's a Medical Miracle' and will next appear in 'Hello Dear' alongside Mamitha Baiju.
Published: 04 Nov 2026, 11:46 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented