കോഴിക്കോട് ബീച്ചിൽ കഴിഞ്ഞദിവസം സിനിമാ പ്രൊമോഷനിടെയുണ്ടായ സംഭവങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ബേസിൽ ജോസഫും ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാനവേഷങ്ങളിലെത്തുന്ന അതിരടിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ബീച്ചിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ ആൾക്കൂട്ടത്തിനിടയിൽ ഏതാനും കുട്ടികളെ കാണാതാവുകയും അവരെ കണ്ടെത്താൻ ടൊവിനോയും അവതാരക രഞ്ജിനി ഹരിദാസും ഇടപെടുകയും ചെയ്തു. ഇതിനോട് ആൾക്കൂട്ടത്തിൽനിന്ന് ചിലരുടെ പ്രതികരണവും രഞ്ജിനിയും ടൊവിനോയും ഇവർക്ക് നൽകിയ മറുപടിയുമാണ് വീഡിയോയായി പ്രചരിക്കുന്നത്.

To advertise here,

ടൊവിനോയും ബേസിൽ ജോസഫും ഉൾപ്പെടെ സിനിമയിലെ പ്രധാനതാരങ്ങൾ കോഴിക്കോട് ബീച്ചിൽ പരിപാടിക്കായി എത്തിയിരുന്നു. ഇവരെ കാണാൻ ഒട്ടേറെപ്പേർ തടിച്ചുകൂടി. ഇതിനിടയിലാണ് കുറച്ചുകുട്ടികളെ ആൾക്കൂട്ടത്തിൽ കാണാതായത്. അവരുടെ മാതാപിതാക്കൾ ഇക്കാര്യം സംഘാടകരെ അറിയിച്ചു. തുടർന്ന് അവതാരക രഞ്ജിനി ഹരിദാസ് ഇടപെട്ടു. കാണാതായ കുട്ടികളുടെ പേര് വിളിച്ചുപറഞ്ഞു മാതാപിതാക്കളുടെ അടുത്തേക്ക് എത്താൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കാണികളിൽ ചിലർ കൂവുകയും ബഹളംവെക്കുകയും ചെയ്തു.

തുടർന്ന് ഇടപെട്ട ടൊവിനോ രഞ്ജിനിയുടെ കൈയിൽനിന്ന് മൈക്കുവാങ്ങി, 'സുഹൃത്തുക്കളെ കുട്ടികളെ കാണാതെപോയ കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്', എന്ന് കാണികളെ ഓർമപ്പെടുത്തി. തുടർന്ന് രഞ്ജിനി മൈക്കിലൂടെ കുട്ടികളുടെ പേര് വിളിച്ചുപറഞ്ഞു. തുടർന്ന് വീണ്ടും ടൊവിനോ മൈക്ക് കൈയിലെടുത്തു.

'പ്രിയപ്പെട്ടവരേ, ഷെയ്ക്ക് ഹാൻഡ് തരാം. ഫോട്ടോ എടുക്കാം. എല്ലാം ചെയ്യാം. നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് കാണാതായതെങ്കിൽ നിങ്ങൾക്കൊരു നെഞ്ചിടിപ്പ് ഉണ്ടാകില്ലേ? ഈ പേര് വിളിച്ചുപറഞ്ഞ ആരെങ്കിലും ഇവിടെയുണ്ടെങ്കിൽ സ്റ്റേജിലേക്ക് വരിക', എന്ന് ടൊവിനോ പറഞ്ഞു. നടൻ പറഞ്ഞു നിർത്തിയതും കാണികളിൽനിന്ന് കുറച്ചുപേർ, 'കാണാതായവർ ഇവിടെയുണ്ട്', എന്ന് പരിഹസിക്കുന്ന രീതിയിൽ വിളിച്ചുപറഞ്ഞു. 'ഇത് തമാശപറയേണ്ട വിഷയമല്ല സുഹൃത്തേ. പ്ലീസ് മനസിലാക്കൂ', എന്ന് പരിഹസിച്ച കാണികൾക്ക് ടൊവിനോ ചുട്ടമറുപടി നൽകി.

നേരത്തെ, കാണാതായ കുട്ടികളുടെ പേര് വിളിച്ചുപറയുമ്പോൾ മോശം കമന്റ് പറഞ്ഞ മറ്റൊരാളോട് രഞ്ജിനിയും കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്. 'നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ, അങ്ങനെ?. എന്തുവാടേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോഴാണോ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്‌നം. പത്തുപേർ ചാവുമ്പോൾ കിടന്നുചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്‌ക്കൊരെണ്ണം. നിന്റെ മുഖം ഞാൻ മറക്കില്ല', എന്നായിരുന്നു രഞ്ജിനി യുവാവിനോട് പറഞ്ഞത്.

വീഡിയോ വൈറലായതോടെ ടൊവിനോയേയും രഞ്ജിനിയേയും പ്രശംസിച്ച് നിരവധിപ്പേരാണ് എത്തിയത്. ഗൗരവമേറിയ കാര്യം പറയുമ്പോഴും പരിഹാസത്തോടെ മറുപടി നൽകിയ യുവാക്കളെ കടുത്ത ഭാഷയിലാണ് സാമൂഹികമാധ്യമങ്ങൾ വിമർശിക്കുന്നത്.