ഛായാഗ്രാഹകൻ ഷാജികുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ഷാജികുമാറിന് ആദരാഞ്ജലി അർപ്പിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. 'ഷാജികുമാറിന് ആദരാഞ്ജലികൾ', എന്ന ഒറ്റവരിക്കുറിപ്പിലായിരുന്നു അനുശോചനം. ഷാജികുമാറിന്റെ ചിത്രവും മമ്മൂട്ടി ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

To advertise here,

2001-ൽ 'ഉത്തമൻ' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ഷാജികുമാർ, 'വേഷ'ത്തിലാണ് ആദ്യമായി മമ്മൂട്ടിക്കൊപ്പം പ്രവർത്തിക്കുന്നത്. പിന്നീട് മമ്മൂട്ടി നായകനായ 'നസ്രാണി', 'പോക്കിരി രാജ', 'ദ കിങ് ആൻഡ് ദ കമ്മിഷണർ', 'രാജാധിരാജ', 'മധുരരാജ' തുടങ്ങിയ ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവഹിച്ചു.

ഷാജികുമാറിനെ അനുസ്മരിച്ച് സംവിധായകൻ വൈശാഖ് വൈകാരിക കുറിപ്പാണ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഷാജികുമാറിനെപ്പോലൊരാളുടെ വിയോഗത്തിന്റെ വേദന വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയുന്നതല്ലെന്ന് വൈശാഖ് കുറിച്ചു.

'നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്നപോലൊരു സംവിധായകൻ ആകുമായിരുന്നില്ല. സഹപ്രവർത്തകൻ എന്നതിനും മുകളിലൊരാളായിരുന്നു നിങ്ങളെനിക്ക്. സഹോദരനും, ഏറ്റവും വലിയ കരുത്തും, എന്നുമൊപ്പമുണ്ടായിരുന്ന പിന്തുണയുമായിരുന്നു. എനിക്കുവേണ്ടി ചെയ്തതിനെന്നും ഞാൻ കടപ്പെട്ടിരിക്കും', വൈശാഖ് കുറിച്ചു.

'ഇത്രപെട്ടെന്ന് വിട്ടുപോകുമെന്ന് കരുതിയില്ല. ഇനിയും ഒരുപാട് സിനിമകളിൽ പ്രവർത്തിക്കേണ്ടിയിരുന്നു. കൂടെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ എന്റെ സിനിമാ ജീവിതം എങ്ങനെയാവുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. എന്നും എന്റെയുള്ളം നിങ്ങളെയോർത്ത് വിങ്ങും. ഇനി നിങ്ങളെ കാണാനോ, ശബ്ദം കേൾക്കാനോ കഴിയുമായിരിക്കില്ല. പക്ഷേ, ഒന്നിച്ചുനെയ്ത ഓരോ ഓർമയും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും. എന്നും നിങ്ങളെന്റെ ഹൃദയത്തിലുണ്ടാവും. വാക്കുകൾക്കൊണ്ട് വിവരിക്കാൻ കഴിയാത്ത അത്രയും നിങ്ങളെ മിസ് ചെയ്യുന്നു', വൈശാഖ് കൂട്ടിച്ചേർത്തു.

ഷാജികുമാറും മമ്മൂട്ടിയും ഒന്നിച്ച അഞ്ചിൽ മൂന്ന് ചിത്രങ്ങളും സംവിധാനം ചെയ്തത് വൈശാഖ് ആണ്. മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ, മോഹൻലാലിന്റെ വൈശാഖ് ചിത്രം 'പുലിമുരുകന്റെ'യും ഛായാഗ്രാഹകൻ ഷാജികുമാർ ആയിരുന്നു. ഒൻപതോളം ചിത്രങ്ങളിൽ ഷാജികുമാറും വൈശാഖും ഒന്നിച്ചിട്ടുണ്ട്.